സെബിയുടെ തലപ്പത്തേക്ക് മാധബി പുരി ബുച്ച്

മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) തലപ്പത്തേക്ക് മാധബി പുരി ബുച്ച്. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ചെയര്‍പേഴ്‌സണായി മാധബി പുരി ബുച്ചിനെ നിയമിച്ചു. സെബിയുടെ മുഴുവന്‍ സമയ അംഗമെന്ന നിലയിലുള്ള ഇവരുടെ കാലാവധി 2021 ഒക്ടോബറിലായിരുന്നു അവസാനിച്ചത്. സെക്യൂരിറ്റീസ് മാര്‍ക്കറ്റ് റെഗുലേറ്ററിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായിരിക്കും പുരി ബുച്ച്. സ്വകാര്യ മേഖലയില്‍ നിന്ന് സെബിയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് ഇവര്‍.

നിലവിലെ ചെയര്‍മാന്‍ അജയ് ത്യാഗിയുടെ സെബി ചെയര്‍മാനായുള്ള കാലാവധി ഇന്ന് അവസാനിക്കും. അഞ്ച് വര്‍ഷമായി അദ്ദേഹം സെബി ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരുന്നു. 63 കാരനായ ത്യാഗിയെ 2017 ലാണ് സെബിയുടെ ചെയര്‍മാനായി മൂന്ന് വര്‍ഷത്തേക്ക് നിയമിച്ചത്. 2020 ഫെബ്രുവരിയില്‍, അദ്ദേഹത്തിന് ആറ് മാസത്തെ കാലാവധി നീട്ടിനല്‍കി. പിന്നീട് 2020 ഓഗസ്റ്റില്‍, മഹാമാരിയെ തുടര്‍ന്ന് കാലാവധി 18 മാസത്തേക്ക് കൂടി നീട്ടിനല്‍കുകയായിരുന്നു.

മാര്‍ച്ച് ഒന്നിന് പുരി ബുച്ച് സെബി ചെയര്‍പേഴ്‌സണായി ചുമതലയേല്‍ക്കും. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ (ഐഐഎം) പൂര്‍വ വിദ്യാര്‍ത്ഥിയായ ബച്ചിന് സാമ്പത്തിക വിപണി രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പരിചയമുണ്ട്.

1989ല്‍ ഐസിഐസിഐ ബാങ്കി ചേര്‍ന്ന ഇവര്‍ കോര്‍പ്പറേറ്റ് ഫിനാന്‍സ്, ബ്രാന്‍ഡിംഗ്, ട്രഷറി, ലോണുകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റലിന്റെ മേധാവിയായും പ്രവര്‍ത്തിച്ച ഇവര്‍ ബ്രിക്സ് ബ്ലോക്ക് ഓഫ് നേഷന്‍സ് സ്ഥാപിച്ച ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ കണ്‍സള്‍ട്ടന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Articles
Next Story
Videos
Share it