കാന്തിക ധ്രുവം സ്ഥാനം മാറുന്നു, നാവിഗേഷൻ സംവിധാനങ്ങളെ ബാധിക്കുമോ?

ഭൂമിയുടെ വടക്കൻ കാന്തിക ധ്രുവം അഥവാ മാഗ്‌നെറ്റിക് നോർത്ത് സ്ഥിരമായി ഒരിടത്തും നിൽക്കാറില്ല. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ അസാധാരണമായ ഒരു കാര്യം ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടു. അപ്രതീക്ഷിതമായി കാന്തിക ധ്രുവത്തിന്റെ ഈ വ്യതിചലനത്തിന് വേഗത കൂടി. എന്നാൽ ഇത് എന്തുകൊണ്ടാണെന്ന കാര്യം വ്യക്തമല്ല.

വേഗത കൂടുന്നത് ചെറിയ കാര്യമല്ല എന്ന് മനസിലാക്കിയ ഗവേഷകർ ഉടൻ വേൾഡ് മാഗ്‌നെറ്റിക് മോഡലിന് അപ്‌ഡേറ്റ് തയ്യാറാക്കാനായി ഒത്തുകൂടി. ലോകത്തെ നാവിഗേഷൻ സംവിധാനങ്ങൾക്ക് അടിസ്ഥാനം ഈ മോഡൽ ആണ്.

നിങ്ങളുടെ സ്മാർട്ട്ഫോണിലെ ഗൂഗിൾ മാപ് മുതൽ കപ്പലുകളുടെയും വിമാനങ്ങളുടെയും ഗതി വരെ നിയന്ത്രിക്കുന്നത് ഈ വേൾഡ് മാഗ്‌നെറ്റിക് മോഡൽ ആണ്. ഫെബ്രുവരി നാലിന് ഗവേഷകർ മോഡൽ അപ്‌ഡേഷൻ അവതരിപ്പിച്ചു. അതുകൊണ്ടുതന്നെ നാവിഗേഷൻ പ്രശ്നങ്ങൾ തല്ക്കാലം ഉണ്ടാകില്ലെന്ന് ആശ്വസിക്കാം.

എന്നാലും എന്തുകൊണ്ടാണ് കാന്തിക ധ്രുവം ഇത്ര വേഗതയിൽ സ്ഥാനം മാറുന്നതെന്ന ചോദ്യം ബാക്കിയാണ്.

എന്താണ് വടക്കൻ കാന്തിക ധ്രുവം?

ഭൂമിയുടെ മൂന്ന് 'ഉത്തര ധ്രുവ'ങ്ങളിൽ ഒന്നാണ് വടക്കൻ കാന്തിക ധ്രുവം എന്ന് വേണമെങ്കിൽ പറയാം. ഒന്നാമത്തേത് ശരിയായ ഉത്തര ധ്രുവം, മറ്റൊന്ന് ജിയോമാഗ്‌നെറ്റിക് നോർത്ത്, മൂന്നാമത്തേത് മാഗ്‌നെറ്റിക് നോർത്ത്.

ഭൂമിയുടെ കോർ എന്നറിയപ്പെടുന്ന ഭാഗത്തെ ദ്രവരൂപത്തിലുള്ള ഇരുമ്പിന്റെ ചലനങ്ങൾ മാഗ്‌നെറ്റിക് നോർത്തിനെ സ്വാധീനിക്കും.

എന്താണ് വേൾഡ് മാഗ്‌നെറ്റിക് മോഡൽ

1831-ൽ ജെയിംസ് ക്ലാർക്‌ റോസ് ആണ് കാനേഡിയൻ ദ്വീപുകളുടെ ഭാഗത്ത് മാഗ്‌നെറ്റിക് നോർത്ത് കണ്ടെത്തിയത്. അന്നുമുതൽ ഈ കാന്തിക ധ്രുവം വടക്ക് ഭാഗത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്, സൈബീരിയയ്ക്ക് അടുത്തേയ്ക്ക്. (മാഗ്‌നെറ്റിക് സൗത്ത് അഥവാ ദക്ഷിണ കാന്തിക ധ്രുവത്തിന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.)

ഈ മാറ്റം ഉൾകൊള്ളാൻ വേണ്ടി യുഎസും ബ്രിട്ടനും ചേർന്ന് വികസിപ്പിച്ചതാണ് വേൾഡ് മാഗ്‌നെറ്റിക് മോഡൽ. ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഇത് അപ്‌ഡേറ്റ് ചെയ്യും. ഓരോ അപ്‌ഡേഷൻ കഴിയുമ്പോഴും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സ്വാം മിഷൻ നൽകുന്ന ഡേറ്റയുമായി ഒത്തുനോക്കും. 2015 ലായിരുന്നു ഇതിന് മുൻപ് അപ്‌ഡേറ്റ് ചെയ്തത്. അഞ്ച് വർഷം എന്ന കണക്ക് ഇപ്പോൾ തെറ്റിയിരിക്കുകയാണ്.

വർഷത്തിൽ ഏഴ് മൈലിന്റെ മാത്രം വ്യത്യാസം കാണിച്ചുകൊണ്ടിരുന്ന കാന്തിക ധ്രുവം ഇപ്പോൾ വർഷം 34 മൈൽ ദൂരം സ്ഥാനം മാറുന്നു. 2020 ലാണ് മോഡലിന്റെ അടുത്ത അപ്‌ഡേറ്റ് നടത്തേണ്ട സമയം. ഇതിന് മുൻപേ എന്തെങ്കിലും തീരുമാനം എടുത്തില്ലെങ്കിൽ കാന്തിക ധ്രുവത്തെ അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ സംവിധാനങ്ങൾ തകരാറിലാകും.

ഭൂമിയുടെ കാന്തിക ധ്രുവങ്ങള്‍ പൂര്‍ണമായും പരസ്പരം മാറാറുണ്ട്. പത്തുലക്ഷം വര്‍ഷത്തിനിടെ ശരാശരി മൂന്നു തവണയെങ്കിലും കാന്തിക ധ്രുവങ്ങള്‍ പരസ്പരം മാറും. 780,000 വര്‍ഷം മുമ്പാണ് ഏറ്റവുമൊടുവില്‍ ഇത്തരമൊരു സമ്പൂര്‍ണ ധ്രുവമാറ്റം സംഭവിച്ചത്. വടക്കന്‍ കാന്തികധ്രുവത്തിന്റെ ഇപ്പോഴത്തെ വേഗത്തിലുള്ള സ്ഥാനചലനം ഒരു സമ്പൂര്‍ണ ധ്രുവമാറ്റത്തിന്റെ തുടക്കമാണോ എന്ന് ഗവേഷകര്‍ സംശയമുന്നയിക്കുന്നുണ്ട്.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Related Articles
Next Story
Videos
Share it