മണപ്പുറം ഫിനാന്‍സിന് 557 കോടി രൂപ അറ്റാദായം; 11.7 ശതമാനം വര്‍ധന; കരുത്തുകാട്ടി അനുബന്ധ കമ്പനികളും

സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ മണപ്പുറം ഫിനാന്‍സിന് മികച്ച വളര്‍ച്ച. മുന്‍ വര്‍ഷത്തെ ഇതേ പാദത്തില്‍ നിന്ന് 11.7 ശതമാനം വര്‍ധനയോടെ 557 കോടി രൂപയാണ് അറ്റലാഭം. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 498 കോടി രൂപയുടെ സ്ഥാനത്തു നിന്നാണ് ഈ നേട്ടം. മണപ്പുറത്തിന്റെ കീഴിലുള്ള അനുബന്ധ കമ്പനികളും മികവ് പ്രകടിപ്പിച്ചു.
26 ലക്ഷം സജീവ ഉപയോക്താക്കള്‍
ജൂണ്‍ പാദത്തില്‍ സ്ബസിഡിയറി കമ്പനികളുടെ വരുമാനം 23 ശതമാനം വര്‍ധിച്ച് 2,488 കോടി രൂപയിലെത്തി. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 21 ശതമാനം വാര്‍ഷിക വര്‍ധനയോടെ 44,932 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ പാദത്തേക്കാള്‍ 6.8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ അറ്റലാഭം 441 കോടി രൂപയാണ്. സ്വര്‍ണ വായ്പയില്‍ നിന്നുള്ള വരുമാനം 14.8 ശതമാനം വര്‍ധിച്ച് 23,647 കോടി രൂപയിലെത്തി. ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 26 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപയോക്താക്കളുണ്ട്.
സബ്‌സിഡിയറി കമ്പനികളും തിളങ്ങി
ആസ്തിയിലും അറ്റാലാഭത്തിലും വലിയ നേട്ടമുണ്ടാക്കാന്‍ സ്വര്‍ണ ഇതര സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞുവെന്ന് മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒയുമായ വി. പി. നന്ദകുമാര്‍ പറഞ്ഞു. മണപ്പുറത്തിനു കീഴിലുള്ള ആശീര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി മൂല്യം ഒന്നാം പാദത്തില്‍ 21 ശതമാനം വര്‍ധനയോടെ 12,310 കോടി രൂപയിലും, അറ്റലാഭം 100 കോടി രൂപയിലുമെത്തി. മുന്‍വര്‍ഷമിത് 10,141 കോടി രൂപയായിരുന്നു.
ഭവനവായ്പാ സബ്‌സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം വര്‍ധനയോടെ ആസ്തി മൂല്യം 1,587 കോടി രൂപയിലെത്തിച്ചു. വെഹിക്കിള്‍ ആന്റ് എക്യുപ്‌മെന്റ് ഫിനാന്‍സ് വിഭാഗത്തിന്റെ ആസ്തി മൂല്യം 4,541 കോടി രൂപയിലെത്തി. 63.4 ശതമാനത്തിന്റെ കരുത്തുറ്റ വളര്‍ച്ചയാണ് കൈവരിച്ചത്. ഓഹരിയുടമകള്‍ക്ക് ഒരു രൂപ ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
മണപ്പുറത്തിന്റെ ആസ്തിയുടെ 47 ശതമാനവും സ്വര്‍ണ വായ്പാ ഇതര ബിസിനസുകളില്‍ നിന്നാണ്. സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ ശരാശരി കടമെടുക്കല്‍ പലിശ നിരക്ക് 9 ശതമാനമാണ്. മുന്‍വര്‍ഷം 8.3 ശതമാനമായിരുന്നു ഇത്. മൊത്ത നിഷ്‌ക്രിയ ആസ്തി 1.96 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.7 ശതമാനവുമാണ്. ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ കമ്പനിയുടെ സംയോജിത അറ്റ മൂല്യം 12,021 കോടി രൂപയായി ഉയര്‍ന്നു.
ആദ്യ പാദത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചെങ്കിലും ഇന്ന് മണപ്പുറത്തിന്റെ ഓഹരികള്‍ മൂന്നു ശതമാനം ഇടിവിലാണ് വ്യാപാരം നടക്കുന്നത്. ഈ വര്‍ഷം 17 ശതമാനം നേട്ടം സമ്മാനിച്ച ഓഹരികളാണ് മണപ്പുറത്തിന്റേത്. ലാഭം കൂടിയെങ്കിലും പലിശ മാര്‍ജിനിലുണ്ടായ കുറവാണ് ഓഹരികളെയും ബാധിച്ചത്.
Related Articles
Next Story
Videos
Share it