ജയ് ഷാ, ബി.സി.സി.ഐയുടെ വിജയങ്ങളുടെ സെക്രട്ടറി

ജയ് ഷായെ പോലെ ഇത്രയേറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സെക്രട്ടറി ബി.സി.സി.ഐക്ക് ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ നേതാക്കളിലൊരാളായ അമിത് ഷായുടെ മകന്‍ എന്ന ലേബല്‍ ജയ് ഷായെ എപ്പോഴും വിമര്‍ശകരുടെ 'നോട്ടപ്പുള്ളി'യാക്കി മാറ്റിയിട്ടുണ്ട്.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനം നിറംമങ്ങിയതും കാണികള്‍ കുറഞ്ഞതും കാണികളുടെ പെരുമാറ്റവുമെല്ലാം വാര്‍ത്തയായപ്പോഴും ലോകകപ്പിന്റെ പെരുമ ചോര്‍ന്നുപോകാതെ നടത്തിക്കൊണ്ടു പോകുന്നതില്‍ ജയ് ഷാ വിജയിച്ചിട്ടുണ്ട്.ലോകത്തെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ബോര്‍ഡായ ബി.സി.സി.ഐയെ കോവിഡ് കാലത്ത് പോലും വലിയ പരുക്കുകളില്ലാതെ മുന്നോട്ട് പോകാന്‍ സഹായിച്ചതില്‍ ജയ് ഷായുടെ കൂര്‍മബുദ്ധിക്കും പങ്കുണ്ട്. 2021ല്‍ 4,739 കോടി രൂപയുടെ വരുമാനമാണ് ബി.സി.സി.ഐ നേടിയത്. കോവിഡ് ഭീഷണി ഇല്ലാതിരുന്ന തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ 233 കോടി രൂപയുടെ മാത്രം കുറവ്. 2022 ആയപ്പോഴേക്കും ഇത് 7,606 കോടി രൂപയായി കൂടുകയും ചെയ്തു.
ഐ.പി.എല്ലിന്റെ വിജയഗാഥ
ലോകത്തെ ഏറ്റവും വലിയ ടി20 ക്രിക്കറ്റ് ലീഗായ ഐ.പി.എല്ലിന്റെ മൂല്യം 1,100 കോടി ഡോളറിലെത്തിയതും ഇതേ മാതൃകയില്‍ വിമന്‍സ് പ്രീമിയര്‍ ലീഗിന് തുടക്കമിട്ടതും ജയ് ഷായുടെ നേതൃത്വത്തിലാണ്.
35 വയസ് മാത്രമാണ് ജയ് ഷായുടെ പ്രായം. പ്രായത്തില്‍ കവിഞ്ഞ ഉത്തരവാദിത്വങ്ങളാണ് ജയ് ഷാ നിറവേറ്റുന്നതെന്നാണ് ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്. എന്‍ജിനീയറിംഗ് ബിരുദധാരിയായ ജയ് ഷായ്ക്ക് ക്രിക്കറ്റിനോട് ചെറുപ്പത്തില്‍ തന്നെ അതിയായ താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും കളിക്കാനല്ല, ഭരിക്കാനായിരുന്നു നിയോഗം.

(This article was originally published in Dhanam Magazine November 15th issue)
Related Articles
Next Story
Videos
Share it