Begin typing your search above and press return to search.
നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണ്‍; സിന്‍വാറിന്റെ മരണത്തിന് പിന്നാലെ ഇരുപക്ഷത്തും പടയൊരുക്കം, ജാഗ്രതയോടെ ഇന്ത്യയും
ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ മരണത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു. മേഖലയിലെ സമാധാനം പുനസ്ഥാപിക്കണമെന്ന് ലോകനേതാക്കള്‍ ആവശ്യപ്പെടുമ്പോഴാണിത്. യഹിയയുടെ മരണത്തെ യുദ്ധവിജയമായി ഉയര്‍ത്തിക്കാട്ടാന്‍ ഇസ്രയേലും ഹമാസും ശ്രമം തുടങ്ങിയതോടെ മേഖലയില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
യുദ്ധം തുടരുമെന്ന് ഇസ്രയേല്‍
ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമായ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നറിയപ്പെടുന്ന യഹിയ സിന്‍വാറിന്റെ മരണത്തോടെ വെടിനിറുത്തല്‍ പ്രഖ്യാപിക്കണമെന്ന് യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ പ്രതിസന്ധിയ്ക്ക് പരിഹാരമാകുമെന്നും കരുതി. എന്നാല്‍ ഗസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാംപിലും ലെബനനിലും ഇസ്രയേല്‍ കനത്ത വ്യോമാക്രമണം തുടരുകയാണ്. വിവിധ സംഭവങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഇസ്രയേല്‍ കൂടുതല്‍ ആക്രമണങ്ങളിലേക്ക് കടക്കുമെന്നും ഇറാന് തിരിച്ചടി നല്‍കാന്‍ സാധ്യതയുണ്ടെന്നും പ്രതിരോധ വിദഗ്ധര്‍ പറയുന്നു. ഇറാനും സഖ്യകക്ഷികളും വീണ്ടും ഒത്തുചേരുന്നത് തടയാനായി അടുത്ത ദിവസങ്ങളില്‍ ഇസ്രയേല്‍ ആക്രമണം കൂടുതല്‍ കടുപ്പിക്കാനാണ് സാധ്യതയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണ്‍
അതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യം വച്ച് ലെബനനില്‍ നിന്നും ഡ്രോണ്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. സംഭവ സമയത്ത് ആരും വീട്ടിലുണ്ടായിരുന്നില്ല. ആളപായമുണ്ടായതായും റിപ്പോര്‍ട്ടില്ല. ഹിസ്ബുള്ളയുടെ മൂന്ന് ഡ്രോണുകളിലൊന്നാണ് നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം പൊട്ടിത്തെറിച്ചത്. ആക്രമണമുണ്ടാകുമ്പോള്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും ഇസ്രയേല്‍ സേന അറിയിച്ചു. ഇതിന് പിന്നാലെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹിസ്ബുള്ള നടത്തിയ മിസൈലാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തു.
പശ്ചിമേഷ്യയില്‍ പടയൊരുക്കം
ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിന്‍വാറിനെ വീരപരിവേഷത്തോടെ അവതരിപ്പിക്കാനാണ് ഇറാന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധത്തിന്റെ അച്ചുതണ്ട് ശ്രമിക്കുന്നത്. സിന്‍വാര്‍ പ്രതിരോധത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണെന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖാംനിഇ പ്രതികരിച്ചത്. സിന്‍വാറിന്റെ മരണം ഊര്‍ജ്ജമാകുമെന്നും പോരാട്ടം തുടരുമെന്നുമാണ് ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ ഖത്തറില്‍ പ്രതികരിച്ചത്. നിരുപാധിക വെടിനിറുത്തല്‍ പ്രഖ്യാപിച്ച് ഇസ്രയേല്‍ സൈന്യം ഗസയില്‍ നിന്നും പിന്മാറണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്‍ പക്ഷത്തുള്ള ഹിസ്ബുള്ളയും സമാനമായ ആവശ്യവുമായി രംഗത്തെത്തി. ഗസയിലും ലെബനനിലും തുടരുന്ന ആക്രമണത്തിലൂടെ ഇറാനെ കൂടുതല്‍ നടപടികളിലേക്ക് ഇസ്രയേല്‍ തള്ളിവിടുകയാണെന്ന് തുര്‍ക്കിയും പ്രതികരിച്ചു. ഇസ്താന്‍ബൂളില്‍ ഹമാസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് തുര്‍ക്കിയുടെ പ്രതികരണം.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്‍-റഷ്യ സൈനികാഭ്യാസം
അതിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്‍, റഷ്യ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ സംയുക്ത നാവികാഭ്യാസം നടത്തി. സൗദി അറേബ്യ, ഖത്തര്‍, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലദേശ്, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ നിരീക്ഷണത്തിലാണ് അഭ്യാസം. ഇസ്രയേലിനെതിരെ ഇറാന്റെ നേതൃത്വത്തില്‍ പശ്ചിമേഷ്യ കേന്ദ്രീകരിച്ച് പടയൊരുക്കം നടക്കുന്നതിനിടെയാണ് സംയുക്ത സൈനികാഭ്യാസമെന്നതും ശ്രദ്ധേയമാണ്.
മുന്നൊരുക്കവുമായി ഇന്ത്യ
അതേസമയം, പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍. മേഖലയിലെ പ്രതിസന്ധി ഇതിനോടകം ഇറാന്‍, ഇസ്രയേല്‍, ജോര്‍ദന്‍, ലെബനന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെ ബാധിച്ചിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായാല്‍ പശ്ചിമേഷ്യക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള വ്യാപാരം പൂര്‍ണമായും നിലയ്ക്കുമോയെന്നാണ് ആശങ്ക. 2024 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ 28.57 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 13.6 ശതമാനം ഇടിഞ്ഞ ഇസ്രയേലിലേക്കുള്ള കയറ്റുമതി നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസത്തില്‍ 58.76 ശതമാനവും കുറഞ്ഞു. പശ്ചിമേഷ്യയിലെ പ്രതിസന്ധി തുടങ്ങിയത് മുതല്‍ കപ്പല്‍ ഗതാഗതത്തിലുണ്ടായ മാന്ദ്യം വ്യാപാര മേഖലയെയും ബാധിച്ചു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയം മുന്നൊരുക്കങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.
Next Story
Videos