ഫീസില്ലാതെ ക്രൗഡ് ഫണ്ടിംഗ്; മിലാപ് 360 'ഓള്‍-ഇന്‍-വണ്‍' ഡിജിറ്റല്‍ ധനസമാഹരണം ഇങ്ങനെ

ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ഇന്ത്യയിലെ ആദ്യത്തെ ഫീസ് രഹിത ആപ്പായ മിലാപ് 360 പുതിയ അവസരങ്ങള്‍ തുറക്കുന്നു. 'ഓള്‍-ഇന്‍-വണ്‍' ഡിജിറ്റല്‍ ധനസമാഹരണ ഉപാധിയായ മിലാപ് 360യിലൂടെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും തുടരെയുള്ള ഡൊണേഷനുകള്‍, ടിക്കറ്റ് വില്‍പ്പന, ലൈവ് സ്ട്രീമിംഗ് നറുക്കെടുപ്പുകള്‍ തുടങ്ങി വിവിധ തരത്തില്‍ ധനസമാഹരണം നടത്താം.

വ്യക്തിപരവും സാമൂഹികവുമായ ആവശ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള ധനസമാഹരണ പ്ലാറ്റ്ഫോമാണ് മിലാപ്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം സാമൂഹികമായിട്ടുള്ള മറ്റുകാരണങ്ങള്‍ എന്നിവ പോലെയുള്ളതില്‍ ഒരു സാധാരണക്കാരനെ കൊണ്ട് താങ്ങാവുന്നതിലും അധികം സാമ്പത്തിക സഹായം ആവശ്യമായി വന്നാല്‍ അത്തരത്തിലുള്ള ആരേയും ഫണ്ട് സ്വരൂപിക്കുന്നതിന് മിലാപ് പ്ലാറ്റ് ഫോം സഹായിക്കുന്നു.
ഈ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് വിര്‍ച്വലായി സാധ്യമാക്കാന്‍ കഴിയുന്ന ധനസമാഹരണ പ്രക്രിയയെ പരമ്പരാഗത രീതികളെക്കൂടി സമന്വയിപ്പിച്ചുകൊണ്ടാണ്. ഈ പ്ലാറ്റ്‌ഫോമിലൂടെ ഓരോ സംഘാടകര്‍ക്കും ആവശ്യാനുസരണം അവരുടെ ബ്രാന്‍ഡിംഗ്, കണ്ടന്റ്, ലോഗോ, അപ്ഡേറ്റുകള്‍ മുതലായവ ഉപയോഗിച്ച് സ്വന്തം പേജ് രൂപകല്‍പന ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും. ഇതിനു പുറമെ അനലിറ്റിക്സ് ഉപയോഗിച്ച് അവരുടെ പേജുകളിലെ ഇടപാടുകള്‍ എങ്ങനെ മികച്ചതാക്കാം എന്നതിനെക്കുറിച്ചുള്ള പ്രാഥമിക തീരുമാനമെടുക്കുന്നതും അവര്‍ തന്നെയായിരിക്കും.
മിലാപ് 360 ലൂടെയുള്ള ധനസമാഹരണ പരിപാടികള്‍ ആദ്യമായി പരീക്ഷിച്ചു വിജയിച്ച സംഘടനയാണ് മോഹന്‍ (മള്‍ട്ടി ഓര്‍ഗന്‍ ഹാര്‍വെസ്റ്റിങ് എയ്ഡ് നെറ്റവര്‍ക്ക്) ഫൗണ്ടേഷന്‍. മരണമടഞ്ഞവരുടെ അവയവദാനം, അവയവം മാറ്റിവക്കല്‍ എന്നീ മേഖലകളില്‍ പ്രമുഖരായ മോഹന്‍ ഫൗണ്ടേഷന്‍ രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്കിടയില്‍ അവയവദാനത്തിന്റെ പ്രാധാന്യം എത്തിക്കുന്നതില്‍ ലാഭേച്ഛയുമില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇത്.
'ജീവന്‍ രക്ഷാ പ്രവര്‍ത്തങ്ങളില്‍ ഞങ്ങള്‍ 25 വര്‍ഷം പിന്നിടുന്ന ഈ വേളയില്‍, മിലാപ് 360 മായി സഹകരിച്ച് ജീവന്‍ രക്ഷാ പദ്ധതികള്‍ക്ക് ആക്കം കൂട്ടാനാണ് ഉദ്ദേശിക്കുന്നത്,' മോഹന്‍ ഫൗണ്ടേഷന്റെ കണ്‍ട്രി ഡയറക്ടറായ ലളിത രഘുറാം പറഞ്ഞു. ഈ പ്ലാറ്റ് ഫോമിലൂടെ അവയദാന സന്നദ്ധത അറിയിക്കാനും, ആലംബഹീനമായ ജീവിതങ്ങള്‍ക്ക് സാന്ത്വനമേകുവാനും ജനങ്ങള്‍ക്ക് സാധ്യമാകും.
ധനസമാഹരണത്തിന്റെ ഭാഗമായി നറുക്കെടുപ്പുകള്‍, സമ്മാനങ്ങള്‍, ലേലങ്ങള്‍, ഇവന്റുകള്‍, വില്‍പ്പനകഖള്‍, ലൈവ് സ്ട്രീമിംഗ് എന്നിവ നടത്താനും മിലാപ് 360 യിലൂടെ സാധിക്കുമെന്ന് മിലാപ് സഹസ്ഥാപകനും പ്രസിഡന്റുമായ അനോജ് വിശ്വനാഥന്‍ പറയുന്നു.


Related Articles

Next Story

Videos

Share it