നഗരം ഉപേക്ഷിക്കുന്നവര്‍ക്ക് കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് പണം, ജപ്പാനില്‍ എന്താണ് സംഭവിക്കുന്നത് ?

തലസ്ഥാന നഗരമായ ടോക്യോയില്‍ നിന്ന് താമസം മാറുന്നവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങളുമായി ജപ്പാന്‍. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ ജനസംഖ്യ കുത്തനെ ഇടിയുന്നത് തടയുകയാണ് ലക്ഷ്യം. ടോക്യോ വിടുന്ന കുടുംബങ്ങള്‍ക്ക്, കുട്ടികളുടെ എണ്ണം അനുസരിച്ചാണ് സര്‍ക്കാര്‍ പണം നല്‍കുന്നത്. ഒരു കുട്ടിക്ക് ഒരു മില്യണ്‍ യെന്‍ (7,700 ഡോളര്‍) വീതമാണ് സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യം.

കുറഞ്ഞ ജനന നിരക്ക്, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം എന്നിവ മൂലം രാജ്യത്തെ ജനസംഖ്യ ഇടിയുകയാണ്. യുവതലമുറ കൂടുതല്‍ അവസരങ്ങള്‍ക്കായി ടോക്യോ, ഓസാക്ക തുടങ്ങിയ നഗരങ്ങളിലേക്ക് കുടിയേറുന്നതാണ് മറ്റൊരു പ്രതിസന്ധി. ഇതുമൂലം ജപ്പാനിലെ വിവിധ പ്രദേശങ്ങളില്‍ ജനസംഖ്യയിലുള്ള അന്തരവും ഉയരുകയാണ്. വീടുകള്‍ ഉപേക്ഷിച്ച് ജനങ്ങള്‍ പോവുന്നത് ചെറുപട്ടണങ്ങളിലെയും ഗ്രാമീണ മേഖലകളിലും നികുതി വരുമാനത്തെയും ബാധിക്കുന്നുണ്ട്.

2012ല്‍ 12.75 കോടിയായിരുന്ന ജപ്പാനിലെ ജനസംഖ്യ 12.56 കോടിയായി കുറയുകയാണ് ചെയ്തത്. ടോക്യോയിലെ ജനസാന്ദ്രത കുറയ്ക്കാന്‍, നഗരം വിടുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ച് തുടങ്ങിയത് 2019 മുതലാണ്. 2021ല്‍ മാത്രം 1,184 കുടുംബങ്ങളാണ് ആനുകൂല്യങ്ങള്‍ വാങ്ങി ടോക്യോ വിട്ടത്. 2027ഓടെ 10000 പേരെ ടോക്യോയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

നഗരം വിടുന്നവര്‍ക്ക് നിലവിലെ ജോലി വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തുടരാനും സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നുണ്ട്. പുതിയ താമസ സ്ഥലത്ത് ബിസിനസുകള്‍ തുടങ്ങുന്നവര്‍ക്ക് വേറെയും ആനുകൂല്യങ്ങള്‍ ലഭിക്കും. താമസക്കാരെ ആകര്‍ഷിക്കാന്‍ ചെറു നഗരങ്ങളും ഗ്രാമങ്ങളും പ്രത്യേക പദ്ധതികളും ക്യാപെയിനുകളും നടത്തുന്നുണ്ട്.

Related Articles
Next Story
Videos
Share it