ഫാസ്ടാഗ്‌ ഉപയോഗിക്കുമ്പോള്‍ ഇത് മറക്കരുത്: അശ്രദ്ധയ്ക്ക് ഇരട്ടിപ്പിഴ, ആവര്‍ത്തിച്ചാല്‍ വണ്ടി കരിമ്പട്ടികയില്‍

വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ബോധപൂര്‍വം ഫാസ്ടാഗ് പതിപ്പിക്കാത്ത യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദേശീയ പാത അതോറിറ്റി (എന്‍.എച്ച്.എ.ഐ). ബോധപൂര്‍വം ടാഗ് പതിക്കാതെ ടോള്‍ പ്ലാസയിലെത്തുന്നവരില്‍ നിന്നും ഇരട്ടി ടോള്‍ ഈടാക്കാനാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളും കഴിഞ്ഞ ദിവസം അതോറിറ്റി പുറത്തിറക്കി. ഇരട്ടി ടോളിന് പുറമെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നവരെ കരിമ്പട്ടികയില്‍ പെടുത്താമെന്നും ദേശീയ പാത അതോറിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട്
വാഹനങ്ങളിലെ മുന്‍വശത്തെ ഗ്ലാസില്‍ ശരിയായ രീതിയില്‍ ഫാസ്ടാഗ് ഒട്ടിക്കാത്തതും മനപൂര്‍വം ഇക്കാര്യം ഒഴിവാക്കുന്നതും ടോള്‍ പ്ലാസകളില്‍ അനാവശ്യ കാലതാമസമുണ്ടാക്കുന്നുണ്ട്. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും സമയനഷ്ടവും വരുത്തി വയ്ക്കുന്ന രീതി ഒഴിവാക്കാനാണ് ഇരട്ടി ടോള്‍ പിരിക്കാനുള്ള തീരുമാനം. ഇക്കാര്യം വിശദമാക്കുന്ന നോട്ടീസുകള്‍ എല്ലാ ടോള്‍ പ്ലാസകളിലും പ്രദര്‍ശിപ്പിക്കും. ശരിയായ രീതിയില്‍ ടാഗ് പതിപ്പിക്കാത്തവരില്‍ നിന്നും ഇരട്ടിത്തുക ഈടാക്കുന്ന നടപടികള്‍ സി.സി.ടി.വി ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിക്കും. ആവശ്യമെങ്കില്‍ പരിശോധനയ്ക്കായി ഇവ ഉപയോഗിക്കും.
വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഫാസ്ടാഗ് പതിപ്പിക്കുന്നത് സംബന്ധിച്ച് ദേശീയ പാത അതോറിറ്റി നേരത്തെ തന്നെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പാലിക്കാത്ത വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസയിലെ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ സംവിധാനം ഉപയോഗിക്കാന്‍ കഴിയില്ല. ഫാസ്ടാഗ് ഉപയോക്താവിന് കൈമാറാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ബാങ്കുകള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
രാജ്യത്തെ 45,000 കിലോമീറ്റര്‍ ദേശീയപാതകളിലെ ഏകദേശം 1000 ടോള്‍ പ്ലാസകളില്‍ നിന്നാണ് നിലവില്‍ ടോള്‍ പിരിക്കുന്നത്. എട്ട് കോടിയിലധികം പേരാണ് ഈ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്നത്. ഇരട്ട ടോള്‍ പിരിവ് നടത്താനുള്ള തീരുമാനം രാജ്യത്തെ ദേശീയ പാതകളിലെ ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Related Articles
Next Story
Videos
Share it