Begin typing your search above and press return to search.
തൊഴിലുറപ്പ് പദ്ധതിയിലെ ദിവസ വേതനക്കാരെ പി.എഫില്‍ അംഗങ്ങളാക്കും, എല്ലാ മാസവും 15 നുമുമ്പ് തുക അടയ്ക്കും
തൊഴിലുറപ്പ് പദ്ധതിയിലെ കരാര്‍ ജീവനക്കാരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ (ഇ.പി.എഫ്) അംഗമാക്കാന്‍ സംസ്ഥാന തദ്ദേശ വകുപ്പ് തീരുമാനം. മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ഇ.പി.എഫില്‍ ചേര്‍ക്കുക.
15,000 രൂപയോ അതിലധികമോ പ്രതിമാസം വേതനം വാങ്ങുന്നവര്‍ 1800 രൂപയാണ് പി.എഫിലേക്ക് അടയ്ക്കേണ്ടത്. 1950 രൂപയായിരിക്കും തൊഴിലുടമയുടെ വിഹിതം.
ഇ.പി.എഫ്. നിയമം അനുസരിച്ച് 15,000 രൂപവരെ വേതനം വാങ്ങുന്നവരാണ് അംഗങ്ങളാകേണ്ടത്. തൊഴിലുറപ്പ് പദ്ധതിയിലെ കരാര്‍ജീവനക്കാര്‍ക്ക് നിലവിലെ കുറഞ്ഞവേതനം 24,040 രൂപയാണ്. ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം അപേക്ഷയുടെ അടിസ്ഥാനത്തില്‍ അംഗങ്ങളാകാവുന്നതാണ്.
ബന്ധപ്പെട്ട തദ്ദേശസ്ഥാപന, ജില്ല, സംസ്ഥാന അധികൃതര്‍ ശ്രം സുവിധ പോര്‍ട്ടലില്‍ തൊഴിലുടമ എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ്. എല്ലാ മാസവും 15 നുമുമ്പ് മൊത്തം തുക പി.എഫിലേക്ക് അടയ്ക്കുന്നതാണ്.
തൊഴിലുറപ്പ് പദ്ധതിയുടെ ചെലവ് കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. ഇതുകിട്ടാന്‍ പലപ്പോഴും കാലതാമസം എടുക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. അതുകൊണ്ട് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ തുക തനതു ഫണ്ടില്‍നിന്ന് കണ്ടെത്തി അടയ്ക്കാനാണ് തദ്ദേശ വകുപ്പ് നിര്‍ദേശമുളളത്. കേന്ദ്രഫണ്ട് കിട്ടുന്നതിന് അനുസരിച്ച് തിരികെ അക്കൗണ്ടില്‍ തുക അധികൃതര്‍ക്ക് ഉള്‍പ്പെടുത്താം.
അടിയന്തരസാഹചര്യങ്ങളില്‍ ഉപാധികളോടെ പി.എഫ് തുക തൊഴിലാളികള്‍ക്ക് പിന്‍വലിക്കാവുന്നതാണ്. ജോലി ഉപേക്ഷിച്ച് ഒരു മാസത്തിനുശേഷം ഇ.പി.എഫ്. ഫണ്ടിന്റെ 75 ശതമാനവും രണ്ടു മാസത്തിന് ശേഷം ബാക്കിയും പിന്‍വലിക്കാന്‍ സാധിക്കും.
Next Story
Videos