ചിപ്പ് ക്ഷാമം രൂക്ഷം ഉൽപാദനം വെട്ടിക്കുറച്ച് മൊബൈൽ, കാർ കമ്പനികൾ

മൊബൈൽ ഫോൺ മുതൽ കാറുകൾ വരെയുള്ളവയുടെ നിർമാണം മന്ദഗതിയിൽ. ആഗോളതലത്തിൽ സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം രൂക്ഷമായതാണ് മന്ദഗതിയുടെ കാരണം. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം തുടക്കത്തോടെ ഫാക്ടറികൾ അടച്ചിടാൻ നിർബന്ധിതരായതോടെ ഇലക്ട്രോണിക് ഉപകരണ ഉൽപാദനമേഖലയിൽ ചിപ്പ് ക്ഷാമം രൂക്ഷമായിരുന്നു.

കോവിഡാനന്തരം ചിപ്പ് ഉൽപ്പാദനം പുനരാരംഭിച്ചെങ്കിലും മുൻകാല ഓർഡറുകൾ പൂർത്തിയാക്കുന്നതിന് ഉൽപ്പാദക കമ്പനികൾ വെല്ലുവിളി നേരിടുന്നു. ഇന്ത്യയടക്കം പല രാജ്യങ്ങളിലും ചില വാഹന മോഡലുകളുടെ വിതരണം ചിപ്പുകളുടെ കുറവുമൂലം തടസ്സപ്പെട്ടിരുന്നു. കോവിഡിനെ തുടർന്ന് ഫാക്ടറികൾ അടച്ചിട്ടതോടെ ഉൽപാദനം പൂർണമായും സ്തംഭിച്ചതാണ് ഇതിന് കാരണം. നിലവിലെ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് വാഹന വിലയിൽ വർദ്ധനവ് പ്രതീക്ഷിക്കേണ്ടിവരുമെന്ന് ഈ മേഖലയിലെ വിദഗ്ധർ സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയോടെ പ്രതിസന്ധി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും, ചിപ്പുകളുടെ ലഭ്യത കുറവുമൂലം വാഹന നിർമ്മാണ ഫാക്ടറികൾ ഉൽപാദനം നിർത്തിവെക്കുന്നതായും വാർത്ത ഏജൻസികൾ
റിപ്പോർട്ടു ചെയ്യന്നു. ജനറൽ മോട്ടോഴ്സും, ഫോർഡും തങ്ങളുടെ വടക്കേ അമേരിക്കൻ ഫാക്ടറികളിൽ ഉൽപാദനം കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒരാഴ്ചയോളം സൂയസ് കനാലിലുണ്ടായ ഗതാഗത തടസ്സം ഏഷ്യയിൽ നിന്നും യൂറോപ്പിലേക്കുള്ള ചരക്ക് നീക്കത്തെ പ്രതികൂലമായി ബാധിച്ചതും, യൂറോപ്യൻ രാജ്യങ്ങളിൽ ചിപ്പുകളുടെ ലഭ്യത കുറവിന് ആക്കംകൂട്ടി. ലോകത്ത് കമ്പ്യൂട്ടർ ചിപ്പുകളുടെ ഉൽപാദനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഏഷ്യൻ രാജ്യങ്ങളിലാണ്.

കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വിദ്യാഭ്യാസ മേഖലയേയും തൊഴിൽ മേഖലയേയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്കെത്തിച്ചതോടെ ഇലക്ട്രോണിക് ഡിവൈസുകൾക്ക് മുമ്പെങ്ങുമില്ലാത്ത ആവശ്യകതയാണ് വന്നത്. ഇത് ചിപ്പ് പ്രതിസന്ധി രൂക്ഷമാക്കി. പ്രമുഖ ഇലക്ട്രോണിക് കമ്പനിയായ ആപ്പിളിനു പോലും തങ്ങളുടെ ജനപ്രിയ ഉൽപന്നമായ ഐഫോൺ 12 ൻ്റെ റിലീസ് നീട്ടിവെക്കേണ്ടിവന്നു. കോവിഡ് കാലത്ത് വിദ്യാർത്ഥികൾ ഏറെ ആശ്രയിച്ച ലാപ്ടോപ്പുകൾക്കും നോട്ട്ബുക്കുകൾക്കും വിപണിയിൽ ലഭ്യത കുറവുണ്ടായതും, ആവശ്യക്കാർ ഏറെയുള്ള 'പ്ലേസ്റ്റേഷൻ 5' പോലെയുള്ള ഏറ്റവും പുതിയ വീഡിയോ ഗെയിം കൺസോളുകളുടെ വിപണിയെയും ചിപ്പ് ക്ഷാമം കാര്യമായി ബാധിച്ചു.

വാഹന നിർമ്മാണ രംഗത്ത് ടയര്‍ പ്രഷര്‍ ഗേജുകള്‍, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ കൂടാതെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ ആവശ്യമുള്ള കാര്‍ നിര്‍ മ്മാതാക്കളാണ് ചിപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഒപ്പം എഞ്ചിന്‍, ബ്ലൂടൂത്ത് സംവിധാനങ്ങള്‍, സീറ്റ് സിസ്റ്റം, കൊളിഷന്‍, ബ്ലൈന്റ് സ്‌പോട്ട് ഡിറ്റക്ഷന്‍, വൈഫൈ, വീഡിയോ ഡിസ്‌പ്ലേ സിസ്റ്റം പോലെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളെല്ലാം വിവിധതരം ചിപ്പുകളുടെ സഹായത്തോടെയാണ് പ്രവർത്തിപ്പിക്കുന്നത്. ഇത്തരം അത്യാധുനിക സജ്ജീകരണങ്ങളുള്ള വാഹനങ്ങളുടെ ലഭ്യത കുറവ് ഉപഭോക്താക്കളെ ഇലക്ട്രോണിക് സവിശേഷതകളില്ലാത്ത ലോവർ എൻഡ് വാഹന മോഡലുകൾ വാങ്ങാൻ നിർബന്ധിതരാക്കുന്നു.

പുറത്തുവന്ന കണക്കുകളനുസരിച്ച് ഇതുവഴി 600 കോടി ഡോളറിൻ്റെ വിൽപ്പന നഷ്മുണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഫോർഡ്,ജനറൽ മോട്ടോഴ്സ്, ഫിയറ്റ് ക്രിസ്റ്റ്‌ലർ(സ്റ്റെല്ലാൻഡിസ്) എന്നീ കാർ കമ്പനികളെയാണ് ചിപ്പ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. 2011ൽ ഉണ്ടായ സുനാമിക്ക് ശേഷം ഇത്തരം പ്രതിസന്ധികളെ നേരിടാൻ സജ്ജമായാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ജപ്പാൻ കാർ നിർമാണ കമ്പനിയായ ടൊയോട്ട അവകാശപ്പെടുന്നു. ചിപ്പ് ലഭ്യത പൂർവ്വസ്ഥിതിയിലെത്താൻ ജൂലൈ വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കമ്പനികൾ വിലയിരുത്തുന്നത്.
ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് നിർമാണ കമ്പനികളിലൊന്നായ സാംസങ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാണത്തെ ചിപ്പ് ക്ഷാമം പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണത്തിലും വിതരണത്തിലും തുടരുന്ന പ്രതിസന്ധി ഏപ്രിൽ മുതൽ ജൂൺ വരെ പ്രതീക്ഷിക്കണമെന്നാണ് സാംസങ് സിഇഒ കോ സോങ്ങ് ജിൻ ഓഹരി ഉടമകളോട് വ്യക്തമാക്കിയത്.


Related Articles
Next Story
Videos
Share it