അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗം കിട്ടിയത് എത്ര പേര്‍ക്ക്; ഇതാ കണക്കുകള്‍

ഒഴിവുള്ള തസ്തികകള്‍ സമയബന്ധിതമായി നികത്തുന്നതിന് സര്‍ക്കാര്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും, വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC), സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC), റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (RRB) എന്നിവയിലൂടെ 3.77 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളെ കേന്ദ്ര സര്‍ക്കാര്‍ ജോലികളിലേക്ക് തിരഞ്ഞെടുത്തതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ കാലയളവില്‍ 3,77,802 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കി.

ഒഴിവുള്ള തസ്തികകള്‍ സമയബന്ധിതമായി നികത്തുന്നതിന് സര്‍ക്കാര്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും, വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'റോസ്ഗാര്‍ മേളകള്‍' കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നല്ലരീതിയില്‍ പ്രവര്‍ത്തിക്കുമെന്നും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ നേരിട്ട് പങ്കാളിത്തത്തിനും അവസരങ്ങള്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഓര്‍ഗനൈസേഷനുകള്‍ എന്നിവിടങ്ങളില്‍ ഒഴിവുകള്‍ ഉണ്ടാകുന്നതും നികത്തുന്നതും തുടര്‍ച്ചയായ പ്രക്രിയയാണ്. പരസ്യപ്പെടുത്തിയ തസ്തികകളുടെ വിദ്യാഭ്യാസ യോഗ്യതയും ആവശ്യകതകളും അടിസ്ഥാനമാക്കി, ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും അത്തരം തസ്തികകളിലേക്ക് അപേക്ഷിക്കാമെന്ന് മന്ത്രി പറഞ്ഞു.

Related Articles
Next Story
Videos
Share it