വിപണി വീണ്ടും വലിയ കുതിപ്പിന്; മഹാരാഷ്ട്രയിലെ ബിജെപി വിജയം ആവേശമാകും; വിദേശികൾ ഷോർട്ട് പൊസിഷൻ കുറയ്ക്കുന്നു

ഇന്ത്യൻ വിപണി ഇന്നു വീണ്ടും കുതിച്ചു പായും. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സഖ്യത്തിൻ്റെ മിന്നും പ്രകടനം വിപണിയെ ഇന്ന് കുത്തനേ ഉയർത്തും. ഈ ആവേശം പുതിയ ഉയരങ്ങളിലേക്കു വിപണിയെ നയിക്കുമോ ഇല്ലയോ എന്ന് ഏതാനും ദിവസങ്ങൾ കൊണ്ടു മാത്രമേ വ്യക്തമാകൂ. വിദേശനിക്ഷേപകർ എഫ് ആൻഡ് ഒ വിപണിയിൽ ഷോർട്ട്

പാെസിഷനുകൾ ഗണ്യമായി കുറച്ചു വരുന്നതു വിപണിഗതി മുകളിലേക്ക് ആകുമെന്നു സൂചിപ്പിക്കുന്നു. രാജ്യാന്തര സംഘർഷ മേഖലകളിൽ കൂടുതൽ അസ്വസ്ഥത ഉണ്ടാകാത്തതും വിപണിക്ക് കയറ്റത്തിന് അനുകൂലമാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,042 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,327 ലേക്കു കുതിച്ചു. ഇന്ത്യൻ വിപണി ഇന്ന് വലിയ കുതിച്ചു ചാട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യുഎസ് വിപണി വെള്ളിയാഴ്ച നല്ല നേട്ടത്തിലായിരുന്നു. ഡൗ ജോൺസ് ഒരു ശതമാനത്തോളം ഉയർന്നപ്പോൾ മറ്റു മുഖ്യ സൂചികകൾ ചെറിയ കയറ്റമേ നടത്തിയുള്ളു. ആഴ്ച മൊത്തം എടുത്താൽ ഡൗ രണ്ടു ശതമാനം ഉയർന്നു. എസ് ആൻഡ് പിയും നാസ്ഡാകും 1.7 ശതമാനം വീതം കയറി. ട്രംപിൻ്റെ ഭരണം ചെറുകിട കമ്പനികളെ സഹായിക്കും എന്ന പ്രതീക്ഷ ചെറു കമ്പനികളുടെ സൂചികയായ റസൽ 2000 ത്തെ 4.5 ശതമാനം ഉയർത്തി.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 426.16 പോയിൻ്റ് (0.97%) കുതിച്ച് 44,296.51 ൽ ക്ലോസ് ചെയ്തു.എസ് ആൻഡ് പി 20.63 പോയിൻ്റ് (0.35%) ഉയർന്ന് 5969.34 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 31.23 പോയിൻ്റ് (0.16%) കയറി 19,003. 65 ൽ ക്ലോസ് ചെയ്തു.

യുഎസ് സൂചികകൾ ഫ്യൂച്ചേഴ്സിൽ ഉയർന്നു. ഡൗ 0.54 ഉം എസ് ആൻഡ് പി 0.46 ഉം നാസ്ഡാക് 0.55 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.355 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് കയറി.

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഉയർന്നു ക്ലോസ് ചെയ്തു.

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ 1.95 ശതമാനം ഉയർന്നു. കൊറിയൻ സൂചിക ഒരു ശതമാനം കയറി. ഓസ്ട്രേലിയൻ സൂചിക റെക്കോർഡ് തിരുത്തി.

ഇന്ത്യൻ വിപണി

വെള്ളിയാഴ്ച ഇന്ത്യൻ വിപണി അതിശയകരമായ തിരിച്ചു വരവ് നടത്തി. എന്നാൽ സമീപകാല ഇടിവിൽ നിന്നു തുടങ്ങാൻ ഒന്നിലേറെ തവണ ശ്രമിച്ചിട്ടും നടക്കാതിരുന്ന പുൾ ബായ്ക്ക് റാലിയായി ഇതിനെ കാണാൻ തക്ക തെളിവുകൾ ഇല്ല. എങ്കിലും വിപണി കുറേക്കൂടി ഉയരും എന്നു തന്നെയാണു നിരീക്ഷകരുടെ വിലയിരുത്തൽ.

രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം മിക്കവാറും ക്രമമായി കയറിയ വിപണി ദിവസത്തിലെ ഉയർന്ന നിലയ്ക്കു സമീപം ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം വീണ്ടും കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2396 ഓഹരികൾ ഉയർന്നപ്പോൾ 1539 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1920 എണ്ണം ഉയർന്നു, താഴ്ന്നത് 891 എണ്ണം.

നിഫ്റ്റി 557.35 പോയിൻ്റ് (2.39%) കുതിച്ച് 23,907.25 ൽ അവസാനിച്ചു. സെൻസെക്സ് 1961.32 പോയിൻ്റ് (2.54%) കയറി 79,117. 11 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 1.51 ശതമാനം (762.50 പോയിൻ്റ്) ഉയർന്ന് 51,135.40 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.16 ശതമാനം കുതിച്ച് 55,016.85 ലും സ്മോൾ ക്യാപ് സൂചിക 0.90 ശതമാനം ഉയർന്ന് 17,755.55 ലും ക്ലോസ് ചെയ്തു.

മീഡിയ ഒഴികെ എല്ലാ മേഖലകളും നേട്ടം കുറിച്ചു. ഐടി, റിയൽറ്റി, പൊതുമേഖലാ ബാങ്കുകൾ, ഓയിൽ - ഗ്യാസ്, എഫ്എംസിജി എന്നിവയാണു കൂടുതൽ നേട്ടം ഉണ്ടാക്കിയത്.

വിദേശ നിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 1278.37 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1722.15 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

അദാനി ഗ്രീൻ എനർജി ഓഹരി 7.96 ശതമാനവും അദാനി എനർജി സൊലൂഷൻസ് 6.94 ശതമാനവും അദാനി പവർ 3.08 ശതമാനവും താഴ്ന്നു. അദാനി വിൽമറും അൽപം താണു. മറ്റ് അദാനി ഓഹരികൾ ഉയർന്നു.

അദാനി ഗ്രൂപ്പിൽ വലിയ നിക്ഷേപം ഉള്ള ജിക്യുജി പാർട്ട്നേഴ്സ് ഓഹരി ഇന്ന് ഓസ്ട്രേലിയൻ വിപണിയിൽ നാലു ശതമാനം ഉയർച്ചയിലാണ്. വ്യാഴാഴ്ച 19 ശതമാനം ഇടിഞ്ഞ ഓഹരി വെള്ളിയാഴ്ച രണ്ടര ശതമാനം ഉയർന്നിരുന്നു. കമ്പനി ഓഹരികൾ തിരിച്ചു വാങ്ങുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഓഹരി വെള്ളിയാഴ്ച 10 ശതമാനം ഉയർന്ന് 118.63 രൂപയിൽ എത്തി.

കിറ്റെക്സ് ഗാർമെൻ്റ്സ് ഒരോഹരിക്ക് രണ്ട് ബോണസ് ഓഹരി നൽകുമെന്നു പ്രഖ്യാപിച്ചു. റെക്കാേർഡ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഓഹരി 4.55 ശതമാനം താഴ്ന്ന് 636.70 രൂപയിൽ ക്ലോസ് ചെയ്തു.

നിഫ്റ്റിക്ക് ഇന്ന് 23,515 ലും 23,375 ലും പിന്തുണ കിട്ടാം. 23,970 ഉം 24,110 ഉം തടസങ്ങൾ ആകാം.

സ്വർണം പിന്നോട്ട്

യുക്രെയ്ൻ യുദ്ധം അടക്കമുള്ള കാര്യങ്ങളിൽ ഉയർന്ന സ്വർണവില ഇന്നു താഴ്ചയിലായി. ഡോളർ സൂചിക 107 കടന്നതും വിഷയമാണ്. കഴിഞ്ഞയാഴ്ച സ്വർണം ഔൺസിന് 160 ഡോളർ വർധിച്ചു. വെള്ളിയാഴ്ച ഔൺസിന് 2716.90 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വില 2696 ഡോളറിനു താഴേക്ക് ഇടിഞ്ഞു. പിന്നീട് 2699 ലേക്കു കയറി. 2700 ഡാേളറിനു താഴോട്ടു വില നീങ്ങിയാൽ 2620-2600 ഡോളറിലാകും പിന്തുണ എന്നു ചാർട്ടിസ്റ്റുകൾ പറയുന്നു.

കേരളത്തിൽ സ്വർണവില വെള്ളിയാഴ്ച പവന് 640 രൂപ വർധിച്ച് 57,800 രൂപയായി. ശനിയാഴ്ച 600 രൂപ കൂടി 58,400 രൂപയിൽ എത്തി. ഇന്നു വില കുറഞ്ഞേക്കാം.

വെള്ളിവില ഔൺസിന് 31.31 ഡോളറിലേക്കു കയറി.

കറൻസി വിപണിയിൽ ഡോളർ ഇന്നു താഴുകയാണ്. ഡോളർ സൂചിക വെള്ളിയാഴ്ച കുതിച്ചു കയറി 107.55 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 106.84 ലേക്ക് ഇടിഞ്ഞു.

ഡോളർ സമ്മർദത്തിനിടയിലും രൂപ വെള്ളിയാഴ്ച ഉയർന്നു. റിസർവ് ബാങ്കിൻ്റെ ഇടപെടൽ ആണു കാരണം. ഡോളർ നാലു പൈസ കുറഞ്ഞ് 84.45 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക താഴ്ന്നു നിന്നാൽ രൂപ വീണ്ടും കയറാം.

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വെള്ളിയാഴ്ച ഒന്നേകാൽ ശതമാനം കയറി 75.17 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 75.16 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 71.26 ഉം യുഎഇയുടെ മർബൻ ക്രൂഡ് 74.33 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റാേ കറൻസികൾ റെക്കോർഡുകൾ തിരുത്തി കുതിക്കുകയാണ്. ബിറ്റ് കോയിൻ 99,699 ഡോളർ വരെ എത്തി റെക്കോർഡ് കുറിച്ചു. പിന്നീടു താഴ്ന്ന് 97,300 ആയി. ഈഥർ 3478.83 ഡോളർ വരെ എത്തിയിട്ട് 3320 ലേക്കു താഴ്ന്നു. ട്രംപ് നിയമിക്കുന്ന ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് ക്രിപ്റ്റോകളുടെ വക്താവാണ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ്റെ അടുത്ത മേധാവി കൂടി ക്രിപ്റ്റോ ഭക്തനായാൽ ക്രിപ്റ്റോ കറൻസികൾക്ക് ഔപചാരിക നിക്ഷേ ഉപകരണം എന്ന പദവി ലഭിക്കും. ഏതായാലും ക്രിപ്റ്റോകൾ തിരുത്തലില്ലാതെ കുതിക്കുന്ന ആഴ്ചകളാണിത്.

മിക്ക വ്യാവസായിക ലോഹങ്ങളും വെള്ളിയാഴ്ച താഴ്ച തുടർന്നു. ചെമ്പ് 1.30 ശതമാനം താണ് ടണ്ണിന് 8829.00 ഡോളറിൽ എത്തി. അലൂമിനിയം 0.25 ശതമാനം താഴ്ന്നു ടണ്ണിന് 2624.00 ഡോളർ ആയി. സിങ്ക് 0.65 ഉം ടിൻ 0.95 ഉം ശതമാനം താഴ്ന്നു. നിക്കൽ 0.85 ഉം ലെഡ് 0.45 ഉം ശതമാനം ഉയർന്നു.

വിപണിസൂചനകൾ

(2024 നവംബർ 22, വെള്ളി)

സെൻസെക്സ് 30 79,117.11 +2.54%

നിഫ്റ്റി50 23,907.25 +2.39%

ബാങ്ക് നിഫ്റ്റി 51,135.40 +1.51%

മിഡ് ക്യാപ് 100 55,016.85 +1.16%

സ്മോൾ ക്യാപ് 100 17,755.55 +0.90%

ഡൗ ജോൺസ് 44,296.51 +0.97%

എസ് ആൻഡ് പി 5969.34 +0.35%

നാസ്ഡാക് 19,003.65 +0.16%

ഡോളർ($) ₹84.45 -₹0.04

ഡോളർ സൂചിക 107.55 +0.58

സ്വർണം (ഔൺസ്) $2716.90 +$47.20

സ്വർണം(പവൻ) ₹57,800 +₹640

(ശനി: ₹58,400 +₹600)

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $75.17 +$00.80

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it