Begin typing your search above and press return to search.
വീസയില്ലാതെ ഒരൊറ്റ യാത്രയില്‍ ഇനി 'യൂറേഷ്യന്‍' സൗന്ദര്യം ആസ്വദിക്കാം; ഇന്ത്യക്കാര്‍ക്ക് നേട്ടമായി വമ്പന്‍ പ്രഖ്യാപനം
ഇന്ത്യന്‍ വിനോദ സഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കാന്‍ വമ്പന്‍ പ്രഖ്യാപനവുമായി റഷ്യ. ഇന്ത്യക്കാര്‍ക്ക് 2025 മുതല്‍ വീസയില്ലാതെ റഷ്യ സന്ദര്‍ശിക്കാനുള്ള സൗകര്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ചൈന, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വീസ ഫ്രീ ടൂറിസ്റ്റ് എക്‌സ്‌ചേഞ്ച് പദ്ധതിയിലൂടെ റഷ്യ സന്ദര്‍ശിക്കാം. ഇനി ഈ ആനുകൂല്യം ഇന്ത്യക്കാര്‍ക്കും ലഭ്യമാകും. ജൂണില്‍ ഇന്ത്യ-റഷ്യ ഉന്നതലയോഗത്തിന്റെ തീരുമാന പ്രകാരമാണ് അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാന്‍ പോകുന്നത്.
ബിസിനസ്, ജോലി ആവശ്യങ്ങള്‍ക്കാണ് നിലവില്‍ കൂടുതലായും ഇന്ത്യക്കാര്‍ റഷ്യ സന്ദര്‍ശിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് നിലവില്‍ റഷ്യയിലേക്ക് പോകാന്‍ ഇ-വീസ എടുക്കേണ്ടതുണ്ട്. നാലു ദിവസമെടുക്കും ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍. ഈ വര്‍ഷം ആദ്യ പകുതിയില്‍ 28,500 ഇന്ത്യന്‍ സഞ്ചാരികള്‍ റഷ്യന്‍ സന്ദര്‍ശിച്ചതായി മോസ്‌കോ സിറ്റി ടൂറിസം കമ്മിറ്റി ചെയര്‍മാന്‍ എവ് ജെനി കോസ്ലോവ് വ്യക്തമാക്കിയിരുന്നു.
മുന്‍ വര്‍ഷം സമാന പാദത്തേക്കാള്‍ 1.5 ശതമാനം കൂടുതലാണിത്. ഇന്ത്യ-റഷ്യ ബന്ധം മുന്‍പത്തേക്കാള്‍ സുദൃഡമായത് സഞ്ചാരികളുടെ എണ്ണത്തിലും പ്രതിഫലിക്കുന്നുണ്ട്. നിലവില്‍ 62 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി വീസയില്ലാതെ സന്ദര്‍ശനം നടത്താന്‍ സാധിക്കും.
റഷ്യന്‍ ടൂറിസം
2023ല്‍ ഇ-വീസ സൗകര്യം ഉപയോഗിച്ച് റഷ്യയിലെത്തിയത് ഏകദേശം 9,500ഓളം ഇന്ത്യക്കാരാണ്. കഴിഞ്ഞ വര്‍ഷം ആകെ റഷ്യയിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം 60,000 ആണ്. ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയ ശേഷം റഷ്യയിലേക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്. ചൈന, ഇറാന്‍ തുടങ്ങിയ സഖ്യരാജ്യങ്ങളിലെ സഞ്ചാരികളുടെ വരവിലൂടെയാണ് അവരുടെ ടൂറിസം മേഖല പിടിച്ചു നില്‍ക്കുന്നത്. കൂടുതല്‍ ഇന്ത്യക്കാര്‍ വരുന്നത് റഷ്യന്‍ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യും.
ഇന്ത്യ ഉള്‍പ്പെടെ 64 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് നിലവില്‍ ഇ-വീസ സംവിധാനം റഷ്യ നല്‍കുന്നുണ്ട്. അടുത്തിടെ അന്‍ഡോറ, സെര്‍ബിയ എന്നീ രാജ്യങ്ങളെ ഇ-വീസ സൗകര്യത്തില്‍ നിന്ന് റഷ്യ പുറത്താക്കിയിരുന്നു.
Next Story
Videos