Begin typing your search above and press return to search.
വരുമാനത്തില്‍ 9 ശതമാനം വര്‍ധന, ലാഭം 1,079 കോടി രൂപ; ആദ്യ പാദത്തില്‍ തിളങ്ങി മുത്തൂറ്റ് ഫിനാന്‍സ്
വരുമാനത്തിലും ലാഭത്തിലും ജൂണ്‍ പാദത്തില്‍ മുന്‍ പാദങ്ങളെ അപേക്ഷിച്ച് മുന്നേറ്റം നടത്തി മുത്തൂറ്റ് ഫിനാന്‍സ്. ഈ പാദത്തില്‍ വരുമാനം തൊട്ടു മുന്‍പാദത്തേക്കാള്‍ 9 ശതമാനമാണ് വര്‍ധിച്ചത്. മൊത്ത വരുമാനം മുന്‍ പാദത്തിലെ 3,418 കോടിയില്‍ 3,710 കോടി രൂപയിലേക്ക് കുതിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മൊത്ത വരുമാനം 3,026 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 23 ശതമാനത്തിന്റെ വളര്‍ച്ച. നികുതിക്കു ശേഷമുള്ള ലാഭം 1,079 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. അവസാന പാദത്തില്‍ 1,056 കോടി രൂപയായിരുന്നു ലാഭം. മുന്‍ പാദത്തേക്കാള്‍ 2 ശതമാനവും മുന്‍ വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 11 ശതമാനവും ലാഭം ഉയര്‍ത്താനായി. മുന്‍ വര്‍ഷം സമാനപാദത്തില്‍ ലാഭം 975 കോടി രൂപയായിരുന്നു.
വായ്പ ആസ്തിയിലും വര്‍ധന
മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പ ആസ്തിയിലും വര്‍ധനയുണ്ട്. അവസാന പാദത്തിലെ 75,827 കോടി രൂപയില്‍ നിന്ന് ഈ പാദത്തിലെത്തുമ്പോള്‍ 84,324 കോടി രൂപയിലേക്കാണ് ആസ്തികള്‍ ഉയര്‍ന്നത്. കഴിഞ്ഞ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 11 ശതമാനം വര്‍ധനയുണ്ട്. മുന്‍ വര്‍ഷം സമാനപാദത്തില്‍ ഇത് 67,639 കോടി രൂപയാണ്. 113 പുതിയ ശാഖകള്‍ മുന്‍ വര്‍ഷത്തെക്കാള്‍ പുതുതായി തുറക്കാനും കമ്പനിക്ക് സാധിച്ചു.
സബ്‌സിഡിയറി കമ്പനികളും മികവില്‍
മുത്തൂറ്റ് ഫിനാന്‍സിന്റെ കീഴിലുള്ള സബ്‌സിഡിയറി കമ്പനികളും കഴിഞ്ഞ പാദത്തില്‍ മികവ് തുടര്‍ന്നു. മുത്തൂറ്റ് ഹോംഫിന്‍ (ഇന്ത്യ) വരുമാനം ജൂണ്‍ പാദത്തില്‍ 73 കോടിയായി വര്‍ധിച്ചു. തൊട്ടു മുന്‍ പാദത്തില്‍ ഇത് 72 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം സമാനപാദത്തില്‍ വരുമാനം 44 കോടിയായിരുന്നു. ലാഭം മുന്‍പാദത്തിലെ 5 കോടി രൂപയില്‍ നിന്ന് 8 കോടി രൂപയായി ഉയര്‍ന്നു.
കഴിഞ്ഞ പാദത്തില്‍ 7 പുതിയ ബ്രാഞ്ചുകള്‍ തുടങ്ങാനും മുത്തൂറ്റ് ഹോംഫിന്നിന് സാധിച്ചു. മുത്തൂറ്റ് ഫിനാന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ വരുമാനം ജൂണ്‍ പാദത്തില്‍ 573 കോടി രൂപയായി. മുന്‍ പാദത്തിലിത് 556 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ സമാനപാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 70 ശതമാനത്തിലധികം വളര്‍ച്ച വരുമാനത്തില്‍ നേടാനായി. ചെലവ് കൂടിയതോടെ ലാഭം 105 കോടി രൂപയില്‍ നിന്ന് 90 കോടിയിലേക്ക് താഴ്ന്നു.
മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് ലിമിറ്റഡിന്റെ വരുമാനത്തില്‍ നേരിയ കുറവുണ്ടായി. മുന്‍ പാദത്തിലെ 155 കോടി രൂപയില്‍ നിന്ന് 152 കോടിയായി വരുമാനം താഴ്ന്നു. ലാഭം മുന്‍പാദത്തിലെ പോലെ 12 കോടിയാണ് ജൂണ്‍ പാദത്തിലും.
മുത്തൂറ്റ് മണി ലിമിറ്റഡിന്റെ വരുമാനം കൂടിയെങ്കിലും ഒരു കോടി രൂപ നഷ്ടത്തിലായി. മുന്‍ പാദത്തില്‍ 44 കോടി രൂപയായിരുന്നു വരുമാനമെങ്കില്‍ ഇത്തവണ 60 കോടിയായി ഉയര്‍ന്നു. എന്നാല്‍ ചെലവ് വലിയതോതില്‍ ഉയര്‍ന്നതോടെ നഷ്ടം രേഖപ്പെടുത്തി.
ആദ്യ പാദത്തിലെ ഫലം വന്ന ദിവസം മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികള്‍ 1.99 ശതമാനം ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പോസിറ്റീവ് ഫലങ്ങള്‍ പുറത്തുവന്നത് അടുത്ത ദിവസത്തെ വ്യാപാരത്തില്‍ പ്രതിഫലിച്ചേക്കും.
Next Story
Videos