കോവിഡ് പരിശോധന ഇനി വീട്ടിലും: ഹോം ടെസ്റ്റിംഗ് കിറ്റിന് അനുമതി

ഇനി കോവിഡ് പരിശോധന നടത്താന്‍ ലാബുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കേണ്ട, ഇതിനായുള്ള ഹോം ടെസ്റ്റിംഗ് കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അനുമതി നല്‍കി (ഐസിഎംആര്‍). ഇവ വിപണിയില്‍ ലഭ്യമാകുന്നതോടെ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ലക്ഷണങ്ങളുള്ളവര്‍ക്കും സ്വയം പരിശോധിക്കാവുന്നതാണ്. പരിശോധന കിറ്റുകള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

പുനെ ആസ്ഥാനമായുള്ള മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സാണ് റാപിഡ് ആന്റിജന്‍ ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചെടുത്തത്. പരിശോധന രീതി മനസിലാക്കുന്നതിന് ഒരു മൊബൈല്‍ ആപ്പും തയാറാക്കിയിട്ടുണ്ട്. ആപ്പ് പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ കോവിഡ് ബാധിതരായി കണക്കാക്കും. ആപ്പില്‍ നല്‍കുന്ന വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. 250 രൂപയാണ് റാപിഡ് ആന്റിജന്‍ ടെസ്റ്റിംഗ് കിറ്റിന്റെ വില.
അതേസമയം ഹോം ടെസ്റ്റിംഗ് കിറ്റ് വിപണിയിലെത്തുന്നതോടെ പരിശോധനകളും കൂടുതല്‍ എളുപ്പമാകും. പരിശോധനാ ലാബുകളിലെ സമ്പര്‍ക്കം മൂലമുള്ള വ്യാപനവും കുറയ്ക്കാന്‍ ഇത് സഹായകമാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it