വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കണം; കമല്‍ സോയി

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവും സുപ്രീം കോടതിയുടെ കര്‍ശന വിധികളുമുണ്ടായിട്ടും കേരളത്തിലെ നിലവിലുള്ള വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ (എച്ച്എസ്ആര്‍പി) സ്ഥാപിക്കുന്നില്ലെന്ന് ഡോ. കമല്‍ സോയി. രാഹത് സേഫ് കമ്യൂണിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാനും ദേശീയ റോഡ് സുരക്ഷാ കൗണ്‍സില്‍ അംഗവും റോഡ് സുരക്ഷാ വിദഗ്ധനുമാണ് സോഹി.

വിഷയം സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജുവിന്റെ ശ്രദ്ധയില്‍ പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കൂടാതെ സ്മാര്‍ട്കാര്‍ഡ്-അധിഷ്ഠിത ഡ്രൈവിംഗ് ലൈസന്‍സുകളും രജിസ്‌ട്രേഷന്‍ കാര്‍ഡുകളും സംസ്ഥാനം നടപ്പാക്കണമെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ ആകെ 1.52 കോടി വാഹനങ്ങളുണ്ടെന്നും ഇതില്‍ 90%-വും നിലവിലുള്ള (പഴയ) വാഹനങ്ങളാണെന്നും ഡോ. കമല്‍ സോയി ചൂണ്ടിക്കാണിച്ചു. സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്ക്ള്‍ റൂള്‍സിന്റെ (സിഎംവിആര്‍) മാര്‍ഗനിര്‍ദേശ പ്രകാരവും കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രാലയത്തിന്റെ വിജ്ഞാപനങ്ങള്‍, സുപ്രീം കോടതിയുടെ കാലാകാലങ്ങളിലുള്ള നിര്‍ദേശങ്ങള്‍ പ്രകാരവും പഴയതും പുതിയതുമായ വാഹനങ്ങളില്‍ എച്ച്എസ്ആര്‍പി നടപ്പാക്കണമെന്ന് ഉത്തരവുകള്‍ ഉള്ളതാണ്. സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും എച്ച്എസ്ആര്‍പി സ്‌കീം ഉടനടി നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടത് അതത് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാരുടെ കര്‍ശനമായ ഉത്തരാവദിത്തമാണെന്നും ആവശ്യമായ നടപടികള്‍ക്കായി ഉത്തരവിന്റെ കോപ്പി എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും എത്തിയ്ക്കണമെന്നുമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് 2018 ജൂലൈ 18-ന് സുപ്രീം കോടതി അസിസ്റ്റന്റ് രജിസ്ട്രാര്‍ കേരളത്തിലെ ചീഫ് സെക്രട്ടറിക്കും ഉത്തരവിന്റെ സര്‍ട്ടിഫൈഡ് കോപ്പി അയക്കുകയുണ്ടായി.

എച്ച്എസ്ആര്‍പിയും കളര്‍ കോഡഡ് സ്റ്റിക്കറുകളും ഉപയോഗിച്ചു തുടങ്ങുന്നതിന്റെ പുരോഗതി എന്‍വയോണ്‍മെന്റ് പൊലൂഷന്‍ - പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ അതോറിറ്റിയും (ഇപിസിഎ) സുപ്രീം കോടതിയും നിരീക്ഷിച്ചു വരികയാണെന്ന് ഡോ. സോയി പറഞ്ഞു. വാഹനത്തിന്റെ ഇന്ധനമനുസരിച്ചുള്ള കളര്‍ കോഡഡ് സ്റ്റിക്കറുകള്‍ ഉപയോഗിക്കാനും സുപ്രീം കോടതി നിര്‍ദേശമുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പു പ്രകാരം 2019 ഏപ്രില്‍ 1നോ അതിനു ശേഷമോ വില്‍ക്കപ്പെടുന്ന വാഹങ്ങള്‍ക്ക് നിശ്ചിത എച്ച്എസ്ആര്‍പികള്‍ ആവശ്യമുണ്ട്. ഇവ വാഹനനിര്‍മാതാക്കള്‍ ഡീലര്‍മാര്‍ക്ക് നല്‍കുകയും ഡീലര്‍മാര്‍ അവ വാഹനങ്ങളില്‍ സ്ഥാപിക്കുകയും വേണം.

അപകടങ്ങളിൽ സുരക്ഷ

വാഹനത്തിന്റെ സുരക്ഷയ്ക്കും അപകടമോ തീപ്പിടുത്തമോ ഉണ്ടായാല്‍ വാഹനം തിരിച്ചറിയാനും എച്ച്എസ്ആര്‍പി ഉപകരിക്കുമെന്ന് ഡോ. സോയി ചൂണ്ടിക്കാണിച്ചു. ഐഎന്‍ഡി എന്ന് ക്രോമിയം പ്ലേറ്റിംഗിലാകും എഴുത്ത്. ഇതു മൂലം രാത്രിയിലും നമ്പറുകള്‍ ട്രാക്ക് ചെയ്യാനാകും. വാഹനം അപടകത്തില്‍ കത്തി നശിച്ചാലും രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭ്യമാവുകയും ചെയ്യും, ഡോ. സോയി പറഞ്ഞു. ഡീലര്‍മാരുടെ വിസമ്മതമാണ് ഇത് നടപ്പാക്കുന്നതിലെ ഒരു വിലങ്ങുതടി. തങ്ങളുടെ ബിസിനസ് വാഹനങ്ങള്‍ വില്‍ക്കലാണെന്നും നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കലല്ലെന്നും അവര്‍ പറയും.

ഗതാഗത മന്ത്രാലയത്തിനു കീഴില്‍ വാഹന്‍, സാരഥി പോര്‍ട്ടലുകള്‍ അടിസ്ഥാനമാക്കിയുള്ള ഡേറ്റാബേസിനും സ്‌കോസ്റ്റ എന്ന സ്മാര്‍ട്കാര്‍ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും തുടക്കമിട്ടതിനു ശേഷം ഒട്ടേറെ സംസ്ഥാനങ്ങള്‍ സ്മാര്‍ട്കാര്‍ഡ്-അധിഷ്ഠിത ഡ്രൈവിംഗ് ലൈസന്‍സുകളും രജിസ്‌ട്രേഷന്‍ കാര്‍ഡുകളും നടപ്പാക്കി. കേരളവും ഇത് നടപ്പാക്കണമെന്നും ഡോ. സോയി അഭ്യര്‍ത്ഥിച്ചു. ഡ്യൂപ്ലിക്കേഷന്‍ തടയുക, ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കുക, കേന്ദ്രീകൃത ഡേറ്റാബേസ് സാധ്യമാക്കുക, നിയമ നിര്‍വഹണം എളുപ്പമാക്കുക, എംഐഎസ് റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കുക, നികുതി വെട്ടിപ്പ് തടയുന്നതിലൂടെ സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുക തുടങ്ങി ഒട്ടേറെ മികവുകള്‍ ഇവയിലൂടെ യാഥാര്‍ത്ഥ്യമാക്കാനാവും.

കേരളത്തിന് സ്മാർട്ട് ആകാം

കേരളത്തില്‍ സ്മാര്‍ട്കാര്‍ഡ്-അധിഷ്ഠിത ഡ്രൈവിംഗ് ലൈസന്‍സുകളും രജിസ്‌ട്രേഷന്‍ കാര്‍ഡുകളും നടപ്പാക്കാന്‍ 2006-ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐടിഐ ലിമിറ്റഡിന് ടെണ്ടര്‍ നല്‍കിയിരുന്നു. പിന്നീട് അത് റദ്ദാക്കി. എന്നാല്‍ ഇത് റദ്ദാക്കിയത് ഹൈക്കോടതി തടയുകയും ഐടിഐയ്ക്ക് വീണ്ടും ടെണ്ടര്‍ നല്‍കുന്ന കാര്യം പുനപരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഹൈക്കോടതി നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി അവഗണിച്ചു കൊണ്ട് കെല്‍ട്രോണിനും കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിക്കും പുതിയ ടെണ്ടറുകള്‍ നല്‍കാന്‍ ശ്രമമുണ്ടായി.

ഇതെല്ലാം കേരള ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും എല്ലാ ടെണ്ടറുകളും ഹൈക്കോടതി സ്റ്റേ ചെയ്യുകയുമുണ്ടായി. ഐടിഐക്കു കൂടി ടെണ്ടറില്‍ പങ്കെടുക്കാനാവുംവിധം അന്നത്തെ കേരള സര്‍ക്കാരിനോട് 10 ദിവസത്തിനകം ഐടിഐക്കു കൂടി ടെണ്ടറിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എന്റെ അറിവില്‍ ഐടിഐക്ക് ടെണ്ടര്‍ വിവരങ്ങള്‍ ലഭിച്ചില്ല. അതേ സമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഈ പദ്ധതികള്‍ നടപ്പാക്കിയത് ഐടിഐ ആണുതാനും.

ഐടിഐയുടെ പാലക്കാട്ടുള്ള ഫാക്ടറിയില്‍ സ്മാര്‍ട്കാര്‍ഡുകള്‍ നിര്‍മിക്കുന്നുണ്ടെന്ന വസ്തുതയും ഇവിടെ എടുത്തു പറയേണ്ടതാണ്,' ഡോ. കമല്‍ സോയി പറഞ്ഞു.'ഇതു കണക്കിലെടുത്ത് സംസ്ഥാനത്ത് എച്ച്എസ്ആര്‍പിയും സ്മാര്‍ട്കാര്‍ഡുകളും എത്രയും വേഗം നടപ്പാക്കണമെന്ന് സംസ്ഥാ ഗതാഗത വകുപ്പു മന്ത്രിയോട് ഒരിയ്ക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു,' ഡോ. കമല്‍ സോയി പറഞ്ഞു.

Related Articles
Next Story
Videos
Share it