യുഎസ് എപ്പിഡെമോളജിസ്റ്റ് ആന്റണി ഫൗച്ചി ഇന്ത്യയോട് പറയുന്നു; 'ഇപ്പോള്‍ വേണ്ടത് രാജ്യം അടച്ചിടല്‍'

കോവിഡ് അതിരൂക്ഷമാകുന്ന ഇന്ത്യയില്‍ രോഗവ്യാപനം തടയാന്‍ രാജ്യത്തിന്റെ അതിര്‍ത്തി അടച്ചിടലും ലോക്ഡൗണുകളും മാത്രമാണ് വഴിയെന്ന് യുഎസ് വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ആന്തണി ഫൗച്ചി. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു കുറച്ച് ആഴ്ചകളെങ്കിലും രാജ്യം പൂര്‍ണമായി അടച്ചിടണമെന്ന് അഭിപ്രായപ്പെട്ടത്.

കോവിഡ് രണ്ടാം വ്യാപനം അപകടകരമായി തുടരുന്ന സ്ഥിതിക്കു താല്‍ക്കാലിക പ്രതിവിധി ലോക്ഡൗണ്‍ ആണെന്ന് അദ്ദേഹം സര്‍ക്കാരിന്റെ പേരു പരാമര്‍ശിക്കാതെ വിമര്‍ശനാത്മകമായി പറഞ്ഞു.

'വൈറസ് വ്യാപനം ഗുരുതരമായതിനാല്‍ ഓക്സിജന്‍, മെഡിക്കല്‍ പരിചരണം, പിപിഇ കിറ്റ് എന്നീ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ലോകത്തിനാകെ വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ നിലവിലുള്ള സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി ആവശ്യത്തിനു വാക്‌സീന്‍ ഉല്‍പാദനം നടത്താന്‍ സാധിക്കണം. ലോകത്തു വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികളുമായി കരാറുകള്‍ ഒപ്പിടണം. അവരുടെ സഹായത്തോടെ ആവശ്യത്തിനു വാക്‌സിന്‍ എത്തിക്കണം' ഫൗച്ചി പറഞ്ഞു.

'രാജ്യം താല്‍ക്കാലികമായെങ്കിലും അടച്ചിടണം. രോഗവ്യാപനം കടുത്തപ്പോള്‍ ചൈന ചെയ്തതുപോലെ ആറു മാസത്തേക്ക് അടച്ചിടേണ്ട ആവശ്യമുണ്ട് എന്നല്ല പറയുന്നത്. കോവിഡ് വ്യാപനം കുറയുന്ന വരെയെങ്കിലും രാജ്യം അടച്ചിടുന്നതാണു കേസുകള്‍ കുറയാന്‍ നല്ലത്. രോഗീപരിചരണത്തിന് ആവശ്യമായ കാര്യങ്ങള്‍ വര്‍ധിപ്പിക്കുകയും വേണം' അദ്ദേഹം വ്യക്തമാക്കി.

ഫൗച്ചിയുടെ നിര്‍ദേശം വന്നതുമുതല്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ചകള്‍ സജീവമാണ്. കോവിഡ് അതിരൂക്ഷമാകുകയും ഓക്‌സിജന്‍ പോലും ഇല്ലാതാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്ത് കുറച്ചു ദിവസത്തേക്കെങ്കിലും ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് പലകരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ അവശ്യ സര്‍വീസുകളോടെയുള്ള നിയന്ത്രണങ്ങളാകും സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമെന്നും പലരും അഭിപ്രായപ്പെടുന്നു. ഫൗച്ചിയെപ്പോലൊരു വിദഗ്ധന്റെ അഭിപ്രായം ഇന്ത്യ മാനിക്കുന്നതാണ് നല്ലതെന്ന വാദവുമായി ട്വിറ്ററിലും മറ്റും നിരവധി പേര്‍ എത്തിയിട്ടുണ്ട്.

Related Articles
Next Story
Videos
Share it