Begin typing your search above and press return to search.
മിഡില്‍ ഈസ്റ്റില്‍ യുദ്ധം ഉറപ്പെന്ന് യൂറോപ്യന്‍ സര്‍വേ! പ്രതിരോധ മന്ത്രിയെ പുറത്താക്കി നെതന്യാഹു, ഇസ്രയേലില്‍ പ്രതിഷേധം
ഇസ്രയേലും ഇറാനും തമ്മില്‍ പശ്ചിമേഷ്യയില്‍ പൂര്‍ണ തോതിലുള്ള യുദ്ധം നടക്കുമെന്ന് യൂറോപില്‍ നടന്ന സര്‍വേ ഫലം. ഇത്തരത്തിലൊരു യുദ്ധമുണ്ടായാല്‍ യു.എസും യൂറോപ്യന്‍ രാജ്യങ്ങളും ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കി സഹായിക്കരുതെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം അനീതിയാണെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിന് പകരമായി ഇസ്രയേല്‍ ഗസയില്‍ നടത്തുന്ന യുദ്ധം ന്യായീകരിക്കാനാവുന്നതല്ലെന്നും സര്‍വേ ഫലം പറയുന്നു. കൂടാതെ സര്‍വേയില്‍ പങ്കെടുത്ത ഡെന്‍മാര്‍ക്കിലെ 47 ശതമാനവും ജര്‍മനിയിലെ 49 ശതമാനവും ഫ്രാന്‍സിലെയും യു.കെയിലും 50 ശതമാനവും സ്‌പെയിനിലെ 68 ശതമാനം പേരും ഇസ്രയേല്‍ ലെബനനില്‍ നടത്തുന്ന ആക്രമണങ്ങള്‍ നീതികേടാണെന്ന് അഭിപ്രായപ്പെട്ടു. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം തെറ്റാണെന്നും ഭൂരിഭാഗം പേരും പറഞ്ഞു. 43,000ത്തിലധികം പേര്‍ കൊല്ലപ്പെട്ട ഗസയിലേക്ക് സൈനിക നീക്കം നടത്താന്‍ ഇസ്രയേലിന് അവകാശമുണ്ടെങ്കിലും പലപ്പോഴും സൈന്യം അതിരുകടന്നെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു. മിഡില്‍ ഈസ്റ്റില്‍ ഇറാനും ഇസ്രയേലും തമ്മില്‍ യുദ്ധമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.
പ്രതിരോധ മന്ത്രിയെ പുറത്താക്കി നെതന്യാഹു
അതേസമയം, ഇസ്രയേല്‍ പ്രതിരോധ മന്ത്രി യൊയാവ് ഗാലോവിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുറത്താക്കി. ഇരുവരും തമ്മിലുള്ള വിശ്വാസത്തില്‍ ഗുരുതരമായ വിടവുണ്ടായതിനാലാണ് പുറത്താക്കലെന്ന് നെതന്യാഹുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാട്‌സ് പുതിയ പ്രതിരോധ മന്ത്രിയാകും. തീരുമാനത്തിനെതിരെ ഇസ്രയേലില്‍ വ്യാപക പ്രതിഷേധം നടക്കുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. നെതന്യാഹു രാജി വെക്കണമെന്നും പുതിയ പ്രതിരോധ മന്ത്രി ബന്ദികളെ തിരികെ എത്തിക്കാന്‍ മുന്‍കൈ എടുക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു.
പുറത്താക്കലിന് പിന്നിലെന്ത്?
മൂന്ന് വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസമാണ് തന്റെ പുറത്താക്കലിലേക്ക് നയിച്ചതെന്ന് ഗാലന്റ് പറഞ്ഞു. ഹമാസിന്റെ തടവില്‍ കഴിയുന്ന പൗരന്മാരെ മോചിപ്പിക്കണമെങ്കില്‍ ഇസ്രയേല്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്ന തന്റെ നിലപാടും ഇതിലൊന്നാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. നെതന്യാഹുവും ഗാലന്റും തമ്മില്‍ ഏറെക്കാലമായി തുടരുന്ന അഭിപ്രായ ഭിന്നതയാണ് പുറത്താക്കലിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഹമാസുമായുള്ള യുദ്ധം തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഗാലന്റിനെ പുറത്താക്കിയിരുന്നു. പിന്നാലെ ജനരോക്ഷം ശക്തമായതിനെ തുടര്‍ന്ന് തിരിച്ചെടുക്കുകയായിരുന്നു.
ഏതുവിധേനയും ബന്ദികളെ തിരിച്ചെത്തിക്കണമെന്ന നിലപാടുകാരനാണ് ഗാലന്റ്. ഇതിന് ചില വിട്ടുവീഴ്ചകള്‍ ആകാമെന്നും അദ്ദേഹം കരുതുന്നു. എന്നാല്‍ ബന്ദികളെ വിട്ടുകിട്ടുന്നതും വെടിനിറുത്തല്‍ കരാര്‍ നടപ്പിലാക്കുന്നതും സംബന്ധിച്ച രേഖകള്‍ പുറത്താക്കിയതിന്റെ പേരില്‍ ആരോപണം നേരിടുന്നയാളാണ് നെതന്യാഹു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ചോര്‍ന്ന നിര്‍ണായക രേഖകളാണ് മാസങ്ങള്‍ക്ക് മുമ്പ് ഹമാസുമായുള്ള ചര്‍ച്ചകള്‍ക്ക് തുരങ്കം വച്ചതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് അടക്കം നാല് പേരെ അടുത്തിടെ ഇസ്രയേല്‍ രഹസ്യാന്വേഷണ സംഘം പിടികൂടിയിരുന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് തടങ്കലിലാക്കിയ 251 ഇസ്രയേല്‍ പൗരന്മാരില്‍ നൂറോളം പേരെ ഒരു വര്‍ഷം കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാത്തതില്‍ ഇവരുടെ കുടുംബാംഗങ്ങളും പ്രതിഷേധത്തിലാണ്.
Next Story
Videos