അതിവേഗം സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം, അടുത്ത വര്‍ഷം പ്രധാനമന്ത്രിക്ക് പുതിയ വസതി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമാന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയ്ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്‌സ്‌പെര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയുടെ ക്ലിയറന്‍സ് ലഭിച്ചു. 13,450 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം കോവിഡ് വ്യാപനത്തിനിടെയിലും അവശ്യ സേവന ഗണത്തില്‍ പെടുത്തി അതിവേഗം പുരോഗമിക്കുകയാണ്.

രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. ഇപ്പോഴത്തെ കണക്കുകൂട്ടല്‍ പ്രകാരം സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായുള്ള പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിര്‍മാണം അടുത്ത വര്‍ഷം ഡിസംബറില്‍ തീരും. അടുത്ത വര്‍ഷം മെയ്മാസത്തോടെ ഉപരാഷ്ട്രപതിയുടെ വസതിയും ഒരുങ്ങും.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇ എ സി പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. ഇന്നലെ അന്തിമ അംഗീകാരവും നല്‍കി. ടാറ്റ പ്രോജക്റ്റ്‌സ് ലിമിറ്റഡാണ് സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണ ജോലികള്‍ നടത്തുന്നത്.

കോവിഡ് രോഗികള്‍ ഓക്‌സിജനും മരുന്നും ലഭിക്കാതെ നരകിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുതരത്തിലും ജോലികള്‍ തടസ്സപ്പെടുത്താത്ത വിധം സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണവുമായി മുന്നോട്ട് പോകുന്നത് വന്‍ വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ഓക്‌സിജനും വാക്‌സിനും മരുന്നും കിട്ടാത്ത കാലത്തും 13,450 കോടി രൂപ ചെലവില്‍ പുതിയ കെട്ടിട സമുച്ചയം നിര്‍മിക്കുന്നത് ധൂര്‍ത്താണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമങ്ങളിലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 2026 ഡിസംബറില്‍ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

4,642 വൃക്ഷങ്ങളുള്ള സ്ഥലത്താണ് സെന്‍ട്രല്‍ വിസ്ത നിര്‍മിക്കുന്നത്. ഇന്നലെ പാരിസ്ഥിതിക അനുമതി ലഭിച്ച ഈ സ്ഥലത്തെ 1,412 മരങ്ങള്‍ നിലനിര്‍ത്തും. 3.230 മരങ്ങള്‍ പിഴുതെടുത്ത് മറ്റൊരിടത്ത് നട്ടുവളര്‍ത്തും. ഒപ്പം പരിഹാര്യ വനവല്‍ക്കരണത്തിന്റെ ഭാഗമായി മറ്റൊരിടത്ത് 32,300 മരങ്ങളും വെച്ചുപിടിപ്പിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it