ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 01, 2021

ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കെതിരെ നടപടിയുമായികൂടുതല്‍ ബാങ്കുകള്‍
ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൂടുതല്‍ ബാങ്കുകള്‍. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ തുടര്‍ന്നാല്‍ അക്കൗണ്ട് റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടിയുണ്ടാകുമെന്നാണ് അറിയിപ്പ്. എച്ച്.ഡി.എഫ്.സി. ബാങ്ക്, എസ്.ബി.ഐ. എന്നിവ ഉള്‍പ്പെടെയുള്ള ബാങ്കുകളാണ് ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് റിസര്‍വ് ബാങ്കിന്റെ 2018 - ലെ ഉത്തരവ് ചൂണ്ടിക്കാട്ടി ഇ-മെയില്‍ വഴി അറിയിപ്പുനല്‍കിയിരിക്കുന്നത്.
നാല് പതിറ്റാണ്ടിന് ശേഷം ഏറ്റവും വലിയ ചുരുങ്ങലില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ
കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും വലിയ ചുരുങ്ങലില്‍ സമ്പദ് വ്യവസ്ഥയെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2020-21 കാലത്ത് 135.13 ലക്ഷം കോടി രൂപയാണ്. 2019-20 കാലത്ത് 145.69 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം ജനുവരി-മാര്‍ച്ച് പാദവാര്‍ഷിക കാലത്ത് 1.6% വളര്‍ച്ച രേഖപ്പെടുത്തിയെന്നതും വ്യക്തം. എന്നാല്‍ 2019-20 കാലത്ത് ഇന്ത്യ നാല് ശതമാനം വളര്‍ച്ച നേടിയിരുന്നു.
മുംബൈയിലെ പെട്രോള്‍ വില ന്യൂയോര്‍ക്കിലേതിനെക്കാള്‍ ഇരട്ടിയെന്ന് റിപ്പോര്‍ട്ട്
മുംബൈയിലെ പെട്രോള്‍ വില ന്യൂയോര്‍ക്കിലേതിനെക്കാള്‍ ഇരട്ടിയോളമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. മുംബൈയിലെ പെട്രോള്‍ റീട്ടെയില്‍ വില ഈ വര്‍ഷം ഇതുവരെ 11 ശതമാനമാണ് ഉയര്‍ന്നത്. മുംബൈയിലെ പെട്രോള്‍ റീറ്റെയ്ല്‍ വില കഴിഞ്ഞ ദിവസം ലിറ്ററിന് നൂറുരൂപ എന്ന സംഖ്യയും പിന്നിട്ടു. പെട്രോള്‍ റീറ്റെയ്ല്‍ വില ഇപ്പോള്‍ 100.47 രൂപയാണ് അതായത് 1.39 ഡോളര്‍. അതേ സമയം ന്യൂയോര്‍ക്കിലെ ഒരു ലിറ്ററിന്റെ യുഎസ് ഫിനാഷ്യല്‍ സെന്ററില്‍ 0.79 ഡോളറാണ്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് എനര്‍ജി റിസര്‍ച്ച് ഡെവലപ്‌മെന്റ് അതോററ്ററി കണക്ക് പ്രകാരമാണ് ബ്ലൂംബെര്‍ഗ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
500 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമെന്ന് റിസര്‍വ് ബാങ്ക്
രാജ്യത്തെ വിപണിയില്‍ 500 രൂപയുടെ കള്ളനോട്ട് വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. ഒരൊറ്റ വര്‍ഷത്തിനിടെ കള്ളനോട്ടിന്റെ വിതരണത്തില്‍ 29.7 ശതമാനം ഇടിവുണ്ടായി. എന്നാല്‍ 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 31 ശതമാനം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ടില്‍ ആര്‍ബിഐ വ്യക്തമാക്കുന്നു. കള്ളനോട്ടുകളില്‍ 3.9 ശതമാനം റിസര്‍വ് ബാങ്കും 96.1 ശതമാനം മറ്റ് ബാങ്കുകളുമാണ് കണ്ടെത്തിയത്. ഇതില്‍ സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും സഹകരണ ബാങ്കുകളും ഉള്‍പ്പെടും. ഇടപാടുകാര്‍ ജാഗ്രതയോടെ ഇരിക്കാനും ആര്‍ബിഐ മുന്നറിയിപ്പ്.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ നല്‍കണമെന്ന നിയമത്തിനെതിരെ ഹര്‍ജിയുമായി ബാങ്കുകള്‍
വിവരാവകാശ നിയമപ്രകാരം സാമ്പത്തിക വിവരങ്ങള്‍ നല്‍കണമെന്ന ആര്‍ബിഐ നിര്‍ദ്ദേശത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ച് എസ്ബിഐയും എച്ച്ഡിഎഫ്‌സി ബാങ്കും. ഉപഭോക്താക്കളുടെ വിവരങ്ങള്‍ നല്‍കേണ്ടി വരുന്നത് തങ്ങളുടെ ബാങ്കിംഗ് ബിസിനസില്‍ തിരിച്ചടിയാകുമെന്നാണ് ബാങ്കുകള്‍ ഭയക്കുന്നത്. ജസ്റ്റിസുമാരായ എല്‍എന്‍ റാവുവും അനിരുദ്ധ ബോസും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി കേട്ടത്. എസ്ബിഐയുടെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ഭാഗമായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും ഹാജരായി.
50 നഗരങ്ങളില്‍ മൊബൈല്‍ എടിഎമ്മുകള്‍ വിന്യസിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്
ഇന്ത്യയിലെ 50 നഗരങ്ങളിലായി എച്ച്ഡിഎഫ്‌സി ബാങ്ക് മൊബൈല്‍ എടിഎമ്മുകള്‍ ഏര്‍പ്പെടുത്തി. കോവിഡ് നിയന്ത്രിത പ്രദേശങ്ങളില്‍, മൊബൈല്‍ എടിഎമ്മുകള്‍ പണം പിന്‍വലിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവരവരുടെ പ്രദേശത്ത് തന്നെ അവസരമൊരുക്കും. ഉപയോക്താക്കള്‍ക്ക് മൊബൈല്‍ എടിഎം ഉപയോഗിച്ച് 15 തരം ബാങ്ക് ഇടപാടുകള്‍ നടത്താം. ഓരോ സ്ഥലത്തും ഒരു നിശ്ചിത സമയത്താകും എത്തുക. മൊബൈല്‍ എടിഎം ഒരു ദിവസം 3-4 സ്റ്റോപ്പുകളില്‍ എത്തും. കേരളത്തില്‍ തിരുവനന്തപുരത്താണ് സേവനം ലഭിക്കുക. അറിയിപ്പിനായി എച്ച്ഡിഎഫ്‌സി ബാങ്കുമായി ബന്ധപ്പെടുക.
ഹ്യുണ്ടായിയുടെ മൊത്തം വില്‍പ്പന 48 ശതമാനം ഇടിഞ്ഞ് 30,703 യൂണിറ്റായി
ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) മെയ് മാസത്തില്‍ മൊത്തം 30,703 യൂണിറ്റ് വില്‍പന നടത്തി. ഈ വര്‍ഷം ഏപ്രിലില്‍ വിറ്റ 59,203 യൂണിറ്റുകളില്‍ നിന്ന് 48 ശതമാനം ഇടിവ് ആണ് രേഖപ്പെടുത്തിയത്.
കേരളത്തില്‍ സ്വര്‍ണവില കൂടി
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ചൊവ്വാഴ്ച പവന്റെ വില 160 രൂപ കൂടി 36,880 രൂപയായി. ഗ്രാമിന് 4610 രൂപയ്ക്കാണ് വില്‍പ്പന നടന്നത്. എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,469 രൂപയായി. 0.24ശതമാനമാണ് വര്‍ധന. ആഗോള വിപണിയില്‍ സ്വര്‍ണവില അഞ്ച് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഒരു ഔണ്‍സിന് 1,914.26 ഡോളറാണ് വില.
വിപണിയുടെ മുന്നേറ്റത്തിന് തടയിട്ട് ലാഭമെടുക്കലും വളര്‍ച്ചാ അനുമാനവും
തുടര്‍ച്ചയായി ഏഴ് വ്യാപാര സെഷനുകളില്‍ നേട്ടത്തോടെ മുന്നേറിയ ഓഹരി വിപണിയില്‍ ഇന്ന് ലാഭമെടുക്കലിന് ആക്കം കൂടി. ജിഡിപി വളര്‍ച്ചാ അനുമാനം കുറച്ചുകൊണ്ടുള്ള മൂഡീസിന്റെ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ വിപണിയുടെ കുതിപ്പിന് തടവീണു. ഇതോടൊപ്പം മാനുഫാക്ചറിംഗ് ആക്റ്റിവിറ്റി താഴേക്ക് പോയതും വിപണിയില്‍ ഉലച്ചിലുണ്ടാക്കി. 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 9.3 ശതമാനവും 2023 സാമ്പത്തിക വര്‍ഷത്തില്‍ 7.9 ശതമാനവും ആയിരിക്കാമെന്നാണ് മൂഡീസിന്റെ അനുമാനം.
കേരള കമ്പനികളുടെ പ്രകടനം
ബഹുഭൂരിപക്ഷം കേരള കമ്പനികളുടെ ഓഹരി വിലകളും ഇന്ന് താഴ്ചയാണ് രേഖപ്പെടുത്തിയത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വില 0.44 ശതമാനം ഉയര്‍ന്നു. ഇന്‍ഡിട്രേഡ് 3.61 ശതമാനം ഉയര്‍ന്നു. കല്യാണ്‍ ജൂവല്ലേഴ്സ് ഓഹരി വില 1.12 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. റബ്ഫില, വിക്ടറി പേപ്പര്‍, വണ്ടര്‍ല ഹോളിഡേയ്സ് എന്നിവ നാമമാത്ര വില വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.
Gold & Silver Price Today
സ്വര്‍ണം : 4610 , ഇന്നലെ :4590
വെള്ളി : 72.60 , ഇന്നലെ :72
കോവിഡ് അപ്‌ഡേറ്റ്‌സ് - June 01, 2021
കേരളത്തില്‍ ഇന്ന്
രോഗികള്‍: 19760
മരണം:194
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ :28,175,044
മരണം:331,895
ലോകത്തില്‍ ഇതുവരെ
രോഗികള്‍:170,593,575
മരണം:3,547,205

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it