ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 03, 2021

വൈറസ് വ്യാപനം ഇനിയും ഏഴ് ദശലക്ഷം ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുത്തിയേക്കുമെന്ന് പഠനം
വൈറസ് വ്യാപനം ഇങ്ങനെ മുന്നോട്ട് പോയാല്‍ അടുത്ത ഏഴ് മില്യണ്‍ ജനങ്ങളുടെ തൊഴില്‍ കൂടെ നഷ്ടപ്പെടുത്തിയേക്കുമെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി പഠനം. ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് ഏപ്രിലില്‍ നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8 ശതമാനമായി ഉയര്‍ന്നു. ഇനിയും ഇത് വര്‍ധിക്കുമെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി എന്ന സ്വകാര്യ റിസര്‍ച്ച് ടീമിന്റെ പഠനം ചൂണ്ടിക്കാട്ടുന്നത്.
കെവൈസി പൂുതുക്കാത്ത അക്കൗണ്ടുകള്‍ ഭാഗികമായി മരവിപ്പിക്കുമെന്ന് എസ്ബിഐ
Know You Customer Form (കെവൈസി) പുതുക്കാത്ത അക്കൗണ്ടുകള്‍ ഭാഗികമായി മരവിപ്പിച്ചേക്കുമെന്ന് എസ്ബിഐ. കോവിഡ് വ്യാപനംമൂലം നിയന്ത്രണങ്ങളുള്ളതിനാലാല്‍ മെയ് 31വരെ സമയം അനുവദിച്ചിട്ടുണ്ട്. കെവൈസി പുതുക്കുന്നതിന് ശാഖകളില്‍ എത്തേണ്ടതില്ലെന്നും ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു. എന്നാല്‍ ഇത് സാങ്കേതിക കാരണങ്ങള്‍ കൊണ്ട് തന്നെ കോവിഡ് പ്രതിസന്ധിക്കിടയില്‍ ഗ്രാമങ്ങളിലുള്ളവര്‍ക്കും മറ്റും ഈ സാഹചര്യത്തില്‍ പ്രാവര്‍ത്തികമാകുമോ എന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ബാങ്ക് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാകും ഇത് ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ കഴിയുക എന്നും ഇവര്‍ വ്യക്തമാക്കുന്നു.
ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ നിക്ഷേപകര്‍ക്ക് 2,488.75 കോടി രൂപ തിരികെ നല്‍കും
ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ പ്രവര്‍ത്തനം നിര്‍ത്തിയ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് ഈയാഴ്ച 2,488.75 കോടി രൂപ തിരികെ ലഭിക്കും. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം എസ്ബിഐ മ്യൂച്വല്‍ഫണ്ടായിരിക്കും പണം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുക.
ഭവന വായ്പ പലിശ നിരക്ക് കുറച്ച് എസ്ബിഐ
ഭവന വായ്പ പലിശ നിരക്കില്‍ കുറവ് വരുത്തി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മിനിമം പലിശ നിരക്ക് 6.95 ല്‍നിന്ന് 6.70 ശതമാനമായാണ് ബാങ്ക് കുറച്ചത്. പുതുക്കിയ നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ നിരക്ക് പ്രകാരം 30 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് 6.70 ശതമാനവും 30-75 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് 6.95 ശതമാനവും 75 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് 7.05 ശതമാനവുമാണ് പലിശ ഈടാക്കുക.
സംസ്ഥാനത്ത് നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് നാലാം തീയതി മുതല്‍ ഒമ്പത് വരെ (ചൊവ്വ മുതല്‍ ഞായര്‍ വരെ) കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ണം. ശനി, ഞായര്‍ ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. ഇവ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും അറിയിപ്പുണ്ട്. വേണമെങ്കില്‍ 10 ന് ശേഷം പ്രാദേശിക ലോക്ഡൗണ്‍ ആലോചിക്കുമെന്നുമാണ് ഇപ്പോള്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍. ഡി എം ആക്ട് ഉപയോഗിക്കേണ്ട സ്ഥലങ്ങളില്‍ അത് ഉപയോഗിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് ദുരിതാശ്വാസ സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിന് ഐജിഎസ്ടി ഒഴിവാക്കി
ബന്ധപ്പെട്ട ദുരിതാശ്വാസ സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട സംയോജിത ജിഎസ്ടി (ഐജിഎസ്ടി) ജൂണ്‍ 30 വരെ സര്‍ക്കാര്‍ എഴുതിത്തള്ളി. തിങ്കളാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഉയര്‍ച്ച. തിങ്കളാഴ്ച ഒരു പവന് 160 രൂപ വര്‍ധിച്ച് 35,200 രൂപയായി. എസിഎക്‌സില്‍ നേരിയ വര്‍ധനവ് പ്രകടമായെങ്കിലും ആഗോളവിപണിയില്‍ കാര്യമായ മാറ്റമില്ല.
ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നഷ്ടം രേഖപ്പെടുത്തി സെന്‍സെക്സ്
പുതിയ വാരത്തിലെ ആദ്യ വ്യാപാര ദിവസത്തില്‍ ചാഞ്ചാടി ഓഹരി വിപണി. ഇന്ന് രാവിലെ വ്യാപാരം തുടങ്ങി ആദ്യ അരമണിക്കൂറില്‍ തന്നെ 500 ലേറെയാണ് ചാഞ്ചാടിയത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 48,028 പോയ്ന്റ് വരെ താഴ്ന്ന സെന്‍സെക്സ് പതുക്കെ 48,863 വരെ ഉയര്‍ന്നു. വ്യാപാര അന്ത്യത്തില്‍ വെള്ളിയാഴ്ചയിലെ ക്ലോസിംഗ് നിലയേക്കാള്‍ 64 പോയ്ന്റ്, അഥവാ 0.13 ശതമാനം താഴ്ന്ന് 48,718ല്‍ ക്ലോസ് ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
കേരള ബാങ്കുകളില്‍ സിഎസ്ബി ബാങ്ക് ഓഹരി വില മാത്രമാണ് ഇന്നുയര്‍ന്നത്. 0.02 ശതമാനം. ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഓഹരി വിലകള്‍ താഴ്ന്നു. ഹാരിസണ്‍ മലയാളം ഓഹരി വില എട്ടര ശതമാനത്തിലേറെ ഉയര്‍ന്നു. എവിറ്റി നാചുറല്‍ (6.22%), നിറ്റ ജലാറ്റിന്‍ (7.38%) എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് കേരള കമ്പനികള്‍.




കോവിഡ് അപ്‌ഡേറ്റ്‌സ്

കേരളത്തില്‍ ഇന്ന്

രോഗികള്‍:26011

മരണം: 45

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 19,925,604

മരണം: 218,959

ലോകത്തില്‍ ഇതുവരെ

രോഗികള്‍: 152,502,340

മരണം: 3,199,106



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it