Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 04, 2021
ഓക്‌സിജനും ആര്‍ഗോണുമില്ല , അവശ്യ മേഖലയിലെ കമ്പനികളും അടച്ചുപൂട്ടുന്നു
മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന എല്ലാ വാതക സിലിണ്ടറുകളും വ്യവസായ ശാലകളില്‍ നിന്ന് ബന്ധപ്പെട്ട ഗ്യാസ് ഏജന്‍സികളിലേക്ക് തിരിച്ചേല്‍പ്പിച്ചതോടെ അവശ്യ മേഖലയിലുള്ള കമ്പനികളുടെ പ്രവര്‍ത്തനം പോലും നിലയ്ക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാവസായിക ആവശ്യത്തിന് ഓക്സിജന്‍ ഉപയോഗം നിരോധിച്ചിരുന്നു. മാത്രമല്ല, വ്യവസായ ശാലകളിലെ ഓക്സിജന്‍ സിലിണ്ടറുകള്‍ ബന്ധപ്പെട്ട ഏജന്‍സികളെ തിരിച്ചേല്‍പ്പിക്കാനും ഓര്‍ഡറുണ്ട്. എന്നാല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ മാത്രമല്ല നൈട്രജന്‍, ആര്‍ഗോണ്‍ തുടങ്ങിയ വാതകങ്ങളുടെ സിലിണ്ടറുകള്‍ കൂടി തിരിച്ചേല്‍പ്പിക്കേണ്ടി വന്നതോടെ അവശ്യ മേഖലയിലുള്ള കമ്പനികളുടെ പ്രവര്‍ത്തനം പോലും നിലയ്ക്കുന്നു.
5ജി ട്രയല്‍ ആരംഭിക്കുന്നു; 13 ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി
5ജി ട്രയല്‍ ആരംഭിക്കാന്‍ 13 ടെലികോം കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. സി-ടെലികോം വകുപ്പുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ ട്രെയല്‍ നടത്തുക. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവര്‍ എറിക്സണ്‍, നോക്കിയ തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് ട്രെയല്‍ നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാകും ട്രെയല്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു
ഇന്ന് മുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനമില്ല
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇന്നുമുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി അമേരിക്ക. ഇന്നുമുതലാണ് (മേയ് നാല് മുതല്‍) വിലക്ക് പ്രാബല്യത്തില്‍ വന്നത്. രാജ്യത്ത് കൊവിഡ് കേസുകള്‍ ദിവസേന ഉയരുന്നതിന്റെ പശ്ചാത്തലത്തിലും കൊരോണ വൈറസിന്റെ ഒന്നിലധികം വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതുമാണ് വിലക്കിന് പിന്നിലെ പ്രധാന കാരണം. അമേരിക്കന്‍ പ്രസ് സെക്രട്ടറി ജെസ് പ്സാക്കിയാണ് ഇക്കാര്യം അറിയിച്ചത്.
കെ.എസ്.എഫ്.ഇ ലേലച്ചിട്ടി നിര്‍ത്തിവച്ചു
കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കെ.എസ്.എഫ്.ഇ (കേരള സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് കോര്‍പറേഷന്‍)യുടെ ചിട്ടി ലേലങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടി. ലേലത്തിനായി ഒരുമിച്ച് നിരവധി പേരെത്തുന്നതിനാലാണിത്. തിങ്കളാഴ്ച്ച മുതലാണ് ലേലം നിര്‍ത്തിയത്.
കോവിഡ് പ്രതിസന്ധി; ഉല്‍പ്പാദനം പകുതിയാക്കുമെന്ന് മാരുതി
കോവിഡ് സാഹചര്യം കണക്കിലെടുത്ത് കാര്‍ നിര്‍മാണം പകുതിയായി കുറയ്ക്കുമെന്ന് മാരുതി സുസുക്കി. പല സംസ്ഥാനങ്ങളിലും ഭാഗികമായും പൂര്‍ണമായും നിലനില്‍ക്കുന്ന ലോക്ഡൗണുകള്‍ വില്‍പ്പനയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ഉല്‍പ്പാദനം പകുതിയാക്കുന്നതെന്ന് കമ്പനി അറിയിച്ചു.
കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ്; ഐപിഎല്‍ നിര്‍ത്തിവച്ചു
കൂടുതല്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ഇന്നു ചേര്‍ന്ന ബസിസിഐ യോഗത്തിലാണ് തീരുമാനമുണ്ടായത്. രണ്ട് ഹൈദരാബാദ് തരങ്ങള്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സും ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന് മുന്‍പ് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആയതായി കണ്ടെത്തിയത്. ഐപിഎല്‍ ബയോ ബബിളിനുള്ളില്‍ തന്നെ പോസിറ്റീവ് ആയവര്‍ കൂടിയതാണ് പ്രധാന കാരണം. കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും, സന്ദീപ് വാര്യര്‍ക്കുമാണ് ആദ്യം രോഗബാധ ഉണ്ടായത്. പിന്നാലെ നടത്തിയ പരിശോധനയില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീം മാനേജ്‌മെന്റിലുള്ളവര്‍ക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തി. അടുത്ത മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി ചെന്നൈ ബിസിസിഐയെ അറിയിച്ചിരുന്നു.
മെട്രോ നഗരങ്ങളില്‍ പെട്രോള്‍-ഡീസല്‍ വില കൂടി
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കൂട്ടി എണ്ണ കമ്പനികള്‍. 18 ദിവസത്തിന് ശേഷമാണ് കമ്പനികള്‍ എണ്ണവിലയില്‍ മാറ്റം വരുത്തുന്നത്. മെട്രോ നഗരങ്ങളില്‍ പെട്രോളിനും ഡീസലിനും 18 പൈസ വരെയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 90.55 രൂപയായി ഉയര്‍ന്നു. ഡീസല്‍ വില 80.91 രൂപയായി വര്‍ധിച്ചു.
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിവസവും സ്വര്‍ണവിലകൂടി
ഇന്ന് സ്വര്‍ണം പവന് 160 രൂപയാണ് ഉയര്‍ന്നത്. ഇതോടെ 35,200ല്‍ നിന്ന് 35,360 രൂപയായി പവന്റെ വില. ഗ്രാമിന്റെ വില 20 രൂപ വര്‍ധിച്ച് 4420 രൂപയുമായി. രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്നിരുന്ന സ്വര്‍ണ വില രണ്ടുദിവസമായാണ് ഉയര്‍ന്നു തുടങ്ങിയത്. രാജ്യാന്തര വിപണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ വിപണിയെയും ബാധിക്കുന്നുണ്ടെന്നാണ് സൂചന.
ആഗോള വിപണി ദുര്‍ബലം; സൂചികകള്‍ താഴേക്ക്
ആഭ്യന്തര വിപണി തുടക്കത്തില്‍ കരുത്തു കാട്ടിയെങ്കിലും ആഗോള വിപണി ദുര്‍ബലമായതോടെ നേട്ടം നിലനിര്‍ത്താനാകാതെ തകര്‍ന്നു. ഏറെ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച വിപണി ദിവസാവസാനം നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 465.01 പോയ്ന്റ് ഇടിഞ്ഞ്് 48253.51 പോയ്ന്റിലും നിഫ്റ്റി 137.70 പോയ്ന്റ് ഇടിഞ്ഞ് 14496.50 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1374 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1534 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 15 എണ്ണത്തിന് ഇന്ന് നേട്ടമുണ്ടാക്കാനായി. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (4.81 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (2.25 ശതമാനം), എഫ്എസിടി (2.21 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.03 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (1.28 ശതമാനം), കെഎസ്ഇ (1.25 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്.
കോവിഡ് അപ്‌ഡേറ്റ്‌സ് - May 04, 2021
കേരളത്തില്‍ ഇന്ന്
രോഗികള്‍:37190
മരണം: 57
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ : 20,282,833
മരണം: 222,408
ലോകത്തില്‍ ഇതുവരെ
രോഗികള്‍: 153,193,587
മരണം: 3,210,123
Next Story
Videos