ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 05, 2021

സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ നാല്‍പ്പതിനായിരം കടന്നു: ആശുപത്രികള്‍ നിറയുന്നു

സംസ്ഥാനത്ത് കോവിഡ് രൂക്ഷമായതോടെ ആശുപത്രികളും നിറഞ്ഞുതുടങ്ങി. പ്രതിദിന കേസുകള്‍ കുത്തനെ ഉയരുന്നതാണ് ആശുപത്രികളും പ്രതിന്ധിയിലേക്ക് നീങ്ങാന്‍ കാരണം. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 41,953 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് കണ്ടെത്തിയത്.

സ്ഥിതി അതീവ ഗുരുതരം; നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ കോവിഡ് പ്രതിരോധത്തിനു ഉപയോഗിക്കും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വാക്‌സിന്‍ എടുത്തവരാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരും വാക്‌സിന്‍ എടുത്തവരാണ്. നിലവില്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കപ്പെടുന്നുണ്ട്. കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. മുനമ്പം ഹാര്‍ബര്‍ അടച്ചിടും.

പണലഭ്യത ഉറപ്പാക്കും; 50,000 കോടി രൂപയുടെ നടപടികള്‍ പ്രഖ്യാപിച്ച് ആര്‍ബിഐ

50,000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. 2022 മാര്‍ച്ച് 31 വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. വാക്സിന്‍ നിര്‍മാതാക്കള്‍, ആശുപത്രികള്‍ എന്നിവ ഉള്‍പ്പടെയുള്ളവയെ സഹായിക്കാന്‍ പദ്ധതിപ്രകാരം ബാങ്കുകള്‍ക്ക് കഴിയും. ഇതിലൂടെ രോഗികള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.

ബാങ്ക് കെവൈസി വിശദാംശങ്ങള്‍ ഡിസംബര്‍ 31 വരെ അപ്ഡേറ്റ് ചെയ്യാം

കെവൈസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടവര്‍ക്ക് ആശ്വസ വാര്‍ത്ത. കെവൈസി അപ്ഡേറ്റ് ചെയ്യേണ്ട / തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ഉപഭോക്തൃ അക്കൗണ്ടുകള്‍ക്കെതിരെ ബാങ്കുകള്‍ ശിക്ഷാനടപടി സ്വീകരിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്ക് അവരുടെ കെവൈസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് 2021 ഡിസംബര്‍ 31 വരെ റിസര്‍വ് ബാങ്ക് സമയം നല്‍കി.

കോവിഡ് കെയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രവര്‍ത്തനങ്ങള്‍ സിഎസ്ആര്‍ ആക്കും

കോവിഡ് പരിചരണത്തിനായി ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതിനായി കമ്പനികള്‍ ചെലവഴിക്കുന്ന തുക സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളായി പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച വ്യക്തമാക്കി. കമ്പനികളുടെ നിയമപ്രകാരം താല്‍ക്കാലിക ആശുപത്രികളും താല്‍ക്കാലിക കോവിഡ് കെയര്‍ സെന്ററുകളും സ്ഥാപിക്കുന്നതിനുള്ള ചെലവ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പ്രവര്‍ത്തനമായി പരിഗണിക്കുമെന്ന് വ്യക്തമാക്കി ആഴ്ചകള്‍ക്ക് ശേഷമാണ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഓക്‌സിജന്‍ നിര്‍മാണവും വിതരണമുള്‍പ്പെടുന്ന വലിയ കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഇനി സിഎസ്ആര്‍ ആകും.

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 35,120 രൂപയായി

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ കുറഞ്ഞ് 4390 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആര്‍ബിഐ നടപടി തുണച്ചു; വിപണിയില്‍ മുന്നേറ്റം

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, പണലഭ്യത ഉറപ്പാക്കാന്‍ 50000 കോടി രൂപയുടെ നടപടികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 424.04 പോയ്ന്റ് ഉയര്‍ന്ന് 48677.55 പോയ്ന്റിലും നിഫ്റ്റി 121.40 പോയ്ന്റ് ഉയര്‍ന്ന് 14617.90 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1794 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1084 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 166 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗവും നേട്ടമുണ്ടാക്കിയ ദിനമാണിന്ന്. 18 കേരള ഓഹരികള്‍ മുന്നേറ്റം നടത്തി. 6.59 ശതമാനം നേട്ടവുമായി ഹാരിസണ്‍സ് മലയാളം മുന്നില്‍ നില്‍ക്കുന്നു. സിഎസ്ബി ബാങ്ക് (6.30 ശതമാനം), ആസ്റ്റര്‍ ഡി എം (6.08 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (5.56 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് (3.24 ശതമാനം), എഫ്എസിടി (1.99 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.71 ശതമാനം), എവിറ്റി നാച്വറല്‍ (1.49 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്.




കോവിഡ് അപ്‌ഡേറ്റ്‌സ് - May 05, 2021

കേരളത്തില്‍ ഇന്ന്

രോഗികള്‍:41953

മരണം:58

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 20,665,148

മരണം: 226,188

ലോകത്തില്‍ ഇതുവരെ

രോഗികള്‍: 153,977,028

​മരണം:3,223,800



Related Articles
Next Story
Videos
Share it