ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 10, 2021

രാജ്യത്ത് ക്രിപ്റ്റോകറന്‍സി നിരോധനത്തിന് ഉടന്‍ ഉത്തരവിറക്കിയേക്കും


ബിറ്റ്കോയിന്‍ കുതിപ്പു തുടങ്ങിയത് മുതല്‍ രാജ്യത്ത് ചര്‍ച്ചയായിരുന്ന വിഷയമാണ് ക്രിപ്റ്റോ കറന്‍സികളും രാജ്യത്ത് ഉടനെ നിരോധിക്കുമെന്നത്. എന്നാല്‍ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സികള്‍ക്കും രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയുള്ള ഉത്തരവിറക്കാനൊരുങ്ങി കേന്ദ്രം. ക്രിപ്റ്റോകറന്‍സികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ നിര്‍ദേശമനുസരിച്ചാണിതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പുറത്തിറക്കുന്ന വിര്‍ച്വല്‍ കറന്‍സികള്‍ക്കുമാത്രമായിരിക്കും ഇന്ത്യയില്‍ അംഗീകാരമുണ്ടാകുക.

പുതിയ സമ്പാദ്യ പദ്ധതിയുമായി ഐസിഐസിഐ

സാധാരണക്കാര്‍ക്കും ഉപകാരപ്രദമാകുന്ന സമ്പാദ്യപദ്ധതി പുറത്തിറക്കിയതായി ഐസിഐസിഐ. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് 'ഐസിഐസിഐ പ്രു ഗാരന്റീഡ് ഇന്‍കം ഫോര്‍ ടുമാറോ' (ജിഫ്റ്റ്) എന്ന പേരില്‍ പുതിയ ലക്ഷ്യാധിഷ്ഠിത സമ്പാദ്യ പദ്ധതിയാണ് ബാങ്ക് അവതരിപ്പിച്ചത്. പോളിസി ഉടമകള്‍ക്ക് അവരുടെ ദീര്‍ഘകാല ധനകാര്യ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന വിധത്തില്‍ വരുമാനം ഉറപ്പാക്കുന്നതുമാണ് ഈ പദ്ധതി.

ഒറ്റത്തവണ നഷ്ടം മൂലം അറ്റാദായം 11 ശതമാനം ഇടിഞ്ഞ് ടൈറ്റന്‍

419 കോടി രൂപയായി അറ്റാദായം ഇടിഞ്ഞതായി ടൈറ്റന്‍. ഡിസംബര്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 11 ശതമാനം ആണ് ഇടിഞ്ഞത്. ഒറ്റത്തവണ നേരിട്ട നഷ്ടം മൂലമാണ് ഇതെന്ന് കമ്പനി രേഖപ്പെടുത്തി. അതേസമയം ഈ ത്രൈമാസത്തില്‍ കമ്പനിയുടെ വരുമാനം 17 ശതമാനം ഉയര്‍ന്ന് 7,287 കോടി രൂപയായതായും കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ത്രൈമാസത്തില്‍ ഉപകമ്പനിയായ ഫാവ്രെ ല്യൂബയ്ക്ക് 137 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്.

500 ലധികം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യപ്പെട്ടു

കര്‍ഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും ഉള്ളടക്കവും തടയാനുള്ള സര്‍ക്കാരിന്റെ ഉത്തരവ് അംഗീകരിച്ചുകൊണ്ട് ട്വിറ്റര്‍ 500 ലധികം അക്കൗണ്ടുകള്‍ ശാശ്വതമായി നിര്‍ത്തിവച്ചു. ഇന്ത്യയ്ക്കുള്ളില്‍ നൂറുകണക്കിന് അക്കൗണ്ടിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി തടയുകയും ചെയ്തിട്ടുണ്ട്. കര്‍ഷക സമരം ചൂടുപിടിച്ചപ്പോള്‍ മുതല്‍ കേന്ദ്ര സര്‍ക്കാരുമായി ട്വിറ്റര്‍ ഏറ്റുമുട്ടലിലായിരുന്നു. ആയിരക്കണക്കിന് അക്കൗണ്ടുകളാണ് ഇതിനോടകം ട്വിറ്റര്‍ നീക്കം ചെയ്തിട്ടുള്ളത്.

ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡില്‍

തുടര്‍ച്ചയായി മൂന്നാം ദിവസവും വില വര്‍ധിച്ചതോടെ ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡില്‍. സംസ്ഥാനത്ത് ഡീസലിന് ലിറ്ററിന് 26 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 87.87 രൂപയും ഡീസലിന് 83.59 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 88.04 ഉം ഡീസലിന് 82.27 മാണ് വില. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍വില 90 തൊടാനായി. പെട്രോളിന് 89.48 ഉം ഡീസലിന് 83.59 മാണ് ഇവിടത്തെ വില.

കേരളത്തിലേത് ജനിതകമാറ്റം വന്ന വൈറസ് ആണോ എന്നു പരിശോധിക്കണം; എയിംസ് മേധാവി

ജനിതകവ്യതിയാനം വന്ന കൊറോണ വൈറസ് ആണോ കേരളത്തിലും മഹാരാഷ്ട്രയിലും പടരുന്നത് എന്നു പരിശോധിക്കണമെന്ന് ഡല്‍ഹി, എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കാന്‍ കാരണം ഇതാണോ എന്നതാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോള്‍ കേരളത്തിലും മഹാരാഷ്ട്രയിലും മാത്രം വ്യാപനം വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്തേണ്ടതിന്റെ അനിവാര്യത അദ്ദേഹം വ്യക്തമാക്കി.

വായ്പാ ആസ്തികള്‍ 55800 കോടി പിന്നിട്ട് മുത്തൂറ്റ്

മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 28 ശതമാനം വര്‍ധിച്ച് 55,800 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 43,436 കോടി രൂപയായിരുന്നു. നികുതിക്കു ശേഷമുള്ള സംയോജിത ലാഭം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 20 ശതമാനം വര്‍ധിച്ച് 2,795 കോടി രൂപയിലും എത്തിയിട്ടുണ്ട്. മുന്‍ വര്‍ഷം ഇത് 2,333 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 24 ശതമാനം വര്‍ധിച്ച് 2,726 കോടി രൂപയിലെത്തിയിട്ടുണ്ട്.


ഒരു ഭാഗത്ത് ലാഭമെടുക്കാന്‍ തിടുക്കം. മറുഭാഗത്ത് നിക്ഷേപം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ഇതായിരുന്നു സംഭവിച്ചത്. ഓഹരി സൂചികകള്‍ ഉയര്‍ന്ന തലത്തിലെത്തിയപ്പോള്‍ ലാഭമെടുക്കാനുള്ള തിടുക്കത്തിലാണ് ഇന്ത്യന്‍ ഫണ്ടുകള്‍. അതേസമയം, ഇന്ത്യന്‍ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള താല്‍പ്പര്യത്തിന് മങ്ങലുമില്ല. വിദേശ പണം ഒഴുകിയെത്തുന്നത് വന്‍തോതില്‍ വാങ്ങലിന് കാരണമായപ്പോള്‍, സൂചികകള്‍ തലേദിവസത്തേതില്‍ നിന്നും അധികം മാറ്റമില്ലാത്ത തലത്തില്‍ ക്ലോസ് ചെയ്തു.








Related Articles
Next Story
Videos
Share it