ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 12, 2021

ബാങ്കുകള്‍ തിരിച്ചടവ് തീയതികള്‍ നേരത്തെ വ്യക്തമാക്കണമെന്ന് ആര്‍ബിഐ

വായ്പാ തിരിച്ചടവില്‍ കൃത്യമായ തിരിച്ചടവ് തീയതികള്‍ വ്യക്തമാക്കണമെന്ന് ബാങ്കുകളോട് ആര്‍ബിഐ. നിലവിലുള്ള അസറ്റ് ക്ലാസിഫിക്കേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൂടുതല്‍ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് വായ്പ ാകരാറുകളില്‍ തിരിച്ചടയ്ക്കുന്നതിനുള്ള കൃത്യമായ തീയതികള്‍ നല്‍കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥരാണെന്നത് ചൂണ്ടിക്കാട്ടിയത്.

സര്‍ക്കാര്‍ ബോണ്ടുകളില്‍ സാധാരണക്കാര്‍ക്ക് നിക്ഷേപിക്കാന്‍ പ്ലാറ്റ്‌ഫോമെത്തി

സര്‍ക്കാര്‍ ബോണ്ടുകളില്‍ സാധാരണക്കാര്‍ക്കും നിക്ഷേപം നടത്താനായി റിസര്‍വ് ബാങ്ക് രൂപകല്പന ചെയ്ത പ്ലാറ്റ്ഫോം റീട്ടെയില്‍ ഡയറക്ട് പ്രധാനമന്ത്രി അവതരിപ്പിച്ചു. പുതിയ പ്ലാറ്റ്‌ഫോംവഴി ഓണ്‍ലൈനായി ആര്‍ബിഐയില്‍നിന്ന് ബോണ്ടുകള്‍ നേരിട്ട് വാങ്ങാനും വില്‍ക്കാനും കഴിയും. ഇതോടെ സര്‍ക്കാര്‍ ബോണ്ടുകളുടെ വിപണിയില്‍ റീട്ടെയില്‍ പങ്കാളിത്തം ഉയരും. സര്‍ക്കാര്‍ പുറത്തിറക്കുന്ന ട്രഷറി ബില്‍, ഗവ.ഓഫ് ഇന്ത്യ സെക്യൂരിറ്റീസ്, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, സ്റ്റേറ്റ് ഡെവലപ്മന്റ് ലോണ്‍, സര്‍ക്കാര്‍ ബോണ്ട് തുടങ്ങിയവയില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതോടെ സാധാരണക്കാര്‍ക്കും ലഭിക്കുക.

ലിസ്റ്റ് ചെയ്ത ഫിനോ പേയ്‌മെന്റ് ഓഹരിവില ഇഷ്യുവിലയെക്കാള്‍ താഴെ

ഫിനോ പേയ്മെന്റ്സ് ബാങ്ക് വെള്ളിയാഴ്ച ലിസ്റ്റിംഗ് നടത്തി. എന്‍എസ്ഇയില്‍ 544.35 രൂപയ്ക്കാണ് ഓഹരികള്‍ വില്‍പ്പന അരങ്ങേറ്റം കുറിച്ചത്. ഇഷ്യു വിലയായ 577 രൂപയെക്കാള്‍ 5.66 ശതമാനം കുറവോടെയാണ് ഓഹരികള്‍ ട്രേഡിംഗ് ആരംഭിച്ചത്.

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരങ്ങളില്‍. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവ്യാപാരം വെള്ളിയാഴ്ച സ്വര്‍ണവ്യാപാരം നടന്നത്. പവന് ഇന്നലെ 560 രൂപ കൂടിയിരുന്നു. 36,720 രൂപയായിരുന്നു ഇന്നലെ സ്വര്‍ണവില. ഇന്നും ഇതേ വില തുടരുകയാണ്. ഒരു ഗ്രാമിന് 4590 രൂപയാണ് വില. സ്വര്‍ണവില ഉയരുമെന്ന് വിദഗ്ധര്‍ ഈ മാസം തുടക്കത്തില്‍ തന്നെ സൂചന നല്‍കിയിരുന്നു.

വീണ്ടും ഓഹരികള്‍ വിറ്റഴിച്ച് ഇലോണ്‍ മസ്‌ക്

ടെസ്ലയിലും ഇലോണ്‍ മസ്‌കിന്റെ ഓഹരികളിലും ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ വേലിയേറ്റങ്ങള്‍ നടക്കുകയാണ്. മസ്‌ക് വീണ്ടും 700 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ വിറ്റതായാണ് വെള്ളിയാഴ്ചയിലെ ഫയലിംഗുകള്‍ കാണിക്കുന്നത്.

മൂന്നു ദിവസത്തെ ഇടിവിന് വിരാമം, വിപണി തിരിച്ചു കയറുന്നു

കമ്പനികളുടെ മികച്ച ത്രൈമാസ ഫലങ്ങളുടെയും സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിന്റെയും ബലത്തില്‍ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകള്‍ ഒഴിഞ്ഞു നിന്നപ്പോള്‍ തുടര്‍ച്ചയായ മൂന്നു സെഷനുകളിലെ ഇടിവിനു ശേഷം ഇന്ത്യന്‍ ഓഹരി സൂചികകള്‍ മുന്നേറി. സെന്‍സെക്സ് 767 പോയ്ന്റ് ഉയര്‍ന്ന് 60686.69 പോയ്ന്റിലും നിഫ്റ്റി 229.20 പോയ്ന്റ് ഉയര്‍ന്ന് 18102.80 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1556 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1628 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ പത്തെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 3.04 ശതമാനം നേട്ടമുണ്ടാക്കിയ പാറ്റ്സ്പിന്‍ ആണ് മുന്നില്‍. 2.54 ശതമാനം നേട്ടവുമായി ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍ തൊട്ടുപിന്നിലുണ്ട്. വണ്ടര്‍ലാ ഹോളിഡേയ്സ് (2.29 ശതമാനം), സ്‌കൂബീഡേ ഗാര്‍മന്റ്സ് (1.84 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it