ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 13, 2020

ഫ്യൂച്ചര്‍ ഗ്രൂപ്പിന് 682.36 കോടിയുടെ നഷ്ടം

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഫ്യൂച്ചര്‍ റീറ്റെയ്ലിന് വന്‍ നഷ്ടം. കഴിഞ്ഞ വര്‍ഷം ഇതേ സമയം 165. 08 കോടി രൂപ അറ്റലാഭം രേഖപ്പെടുത്തിയ കമ്പനി ഇത്തവണ 682.36 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. വരുമാനത്തിലും കാര്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5449 കോടി രൂപ വിറ്റുവരവ് നേടിയ കന്പനി ഇത്തവണ 1424 കോടിയായി കുറവ് രേഖപ്പെടുത്തി. കോവിഡ് പ്രതിസന്ധിയാണ് തങ്ങളെയും പ്രതികൂലമായി ബാധിച്ചതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയുടെ കയറ്റുമതി 5.12 ശതമാനം ഇടിഞ്ഞു

ഒക്ടോബറിലും ഇന്ത്യയുടെ കയറ്റുമതി കരകയറിയില്ല. കയറ്റുമതിയില്‍ 5.12 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ജൂവല്‍റി, രത്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയാണ് ഈ കാലയളവില്‍ കുറഞ്ഞത്. സെപ്റ്റംബറില്‍ അല്‍പ്പം ഉണര്‍വ് കാണിച്ച മേഖല ഒക്ടോബറില്‍ വീണ്ടും തളര്‍ച്ചയിലേക്ക് ഇടിഞ്ഞ് 24.89 ലക്ഷം കോടി ഡോളറാകുകയായിരുന്നു. ഇറക്കുമതിയിലും കാര്യമായ കുറവുണ്ട്. രാജ്യത്തെ ഇറക്കുമതി ഒക്ടോബറില്‍ 11.53 ശതമാനം ഇടിഞ്ഞ് 33.6 ലക്ഷം കോടി ഡോളറാകുകയായിരുന്നു.

യുഎഇ-ഇന്ത്യ വിമാന യാത്രാ നിരക്ക് കുറയാന്‍ സാധ്യത

യുഎഇ-ഇന്ത്യ വിമാന യാത്രാ നിരക്കില്‍ ദീപാവലിക്ക് ശേഷം 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനകമ്പനികൾ സർവ്വീസ് ഉയർത്തിയതോടെയാണ് നിരക്ക് കുറയാൻ കാരണമാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡ് കേസുകൾ കുറഞ്ഞതോടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചത് വിനോദസഞ്ചാരമേഖല സജീവമാകാൻ കാരണമായിട്ടുണ്ട്.

സ്വർണ വില 200 രൂപ വര്‍ധിച്ചു

കേരളത്തില്‍ വെള്ളിയാഴ്ച (നവംബര്‍ 13) സ്വര്‍ണവിലയില്‍ പവന് 200 രൂപ വര്‍ധനവ്. 37960 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടന്നത്. ഗ്രാമിന് 25 രൂപ വർധിച്ച് 4745 രൂപയായി. നവംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 37680 രൂപയാണ്. നവംബർ 10 നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. നവംബറിലെ ഏറ്റവും ഉയർന്ന വില നവംബർ 9ന് രേഖപ്പെടുത്തിയ 38880 രൂപയാണ്.


മുകേഷ് അംബാനിയും ബില്‍ഗേറ്റ്‌സും കൈകോര്‍ക്കുന്നു


മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ബ്രേക്ക് ത്രൂ എനര്‍ജി വെഞ്ച്വേഴ്‌സില്‍ 50 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ബ്രേക്ക് ത്രൂ എനര്‍ജിയില്‍ നിലവിലുള്ള ഫണ്ടിന്റെ 5.75 ശതമാനം വരുന്ന തുകയാണിത്. അടുത്ത 8-10 വര്‍ഷം കൊണ്ടാകും ഇത്രയും തുക ഈ സംരംഭത്തില്‍ നിക്ഷേപിക്കുക.

ക്ലീന്‍ എനര്‍ജി കമ്പനികളിലും കാര്‍ഷിക സാങ്കേതിക വിദ്യയിലും നിക്ഷേപം നടത്തുന്നതിലൂടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനുള്ള കൂട്ടായ്മയാണ് ബ്രേക്ക് ത്രൂ എനര്‍ജി വെഞ്ചേഴ്‌സ്. ലഭ്യമാകുന്ന ഫണ്ട് പുനരുപയോഗ ഊര്‍ജ മേഖലയില്‍ നൂതനാശയങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനായി വിനിയോഗിക്കുകയാണ് ബ്രേക്ക് ത്രൂ എനര്‍ജി ചെയ്യുന്നത്.

ബില്‍ഗേറ്റ്‌സിന് പുറമെ ജെഫ് ബെസോസ്, മൈക്ക്ള്‍ ബ്ലൂംബെര്‍ഗ്, ജാക്ക്മാ, മസയോഷി സണ്‍ തുടങ്ങി ആഗോളതലത്തിലുള്ള ബിസിനസുകാരും ഇതില്‍ പങ്കാളികളാണ്.

ഇന്ത്യയിലും മികച്ച സാധ്യതകളുള്ള ഈ മേഖലയിലെ നിക്ഷേപത്തിന് ഭാവിയില്‍ മികച്ച നേട്ടം ഉണ്ടാക്കാനാവുമെന്നാണ് കരുതുന്നതെന്ന് റിലയന്‍സ് വൃത്തങ്ങള്‍ പറയുന്നു.


കൊച്ചിന്‍ ഷിപ്‌യാര്‍ഡിന്റെ ലാഭത്തില്‍ കുറവ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്്്‌യാര്‍ഡ് ലിമിറ്റഡിന്റ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 47.79 ശതമാനം കുറഞ്ഞ് 108.36 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 207.57 കോടി രൂപയായിരുന്നു. അതേസമയം ഒന്നാം പാദത്തിലെ 42.64 കോടി രൂപയെ അപേക്ഷിച്ച് ഈ പാദത്തില്‍ അറ്റാദായം 39.35 ശതമാനം വര്‍ധന രേഖപ്പെടുത്തി. പ്രവര്‍ത്തന വരുമാനം 32.43 ശതമാനം കുറഞ്ഞ് 657.40 കോടി രൂപയായി. കമ്പനിയുടെ മൊത്ത വരുമാനം 702.74 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1052.5 കോടിയായിരുന്നു. ടെംബ ഷിപ്്‌യാര്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയെ ഏറ്റെടുക്കുന്ന പ്രക്രിയ ഈ പാദത്തില്‍ പൂര്‍ത്തിയാക്കി. ഇതോടെ ഈ കപ്പല്‍ശാല ഒരു കൊച്ചിന്‍ ഷിപ്്‌യാര്‍ഡിന്റെ പൂര്‍ണ ഉടമസ്ഥതയിലായി.


ജാക്ക് മായുടെ സ്വപ്‌നം തകര്‍ത്തത് ഷീ ജിന്‍പിംഗ് നേരിട്ട് ഇടപെട്ട്


ചൈനീസ് ശതകോടീശ്വരന്‍ ജാക്ക് മായുടെ മഹത്തായ സ്വപ്‌നം തകര്‍ക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് നേരിട്ട് ഇടപെട്ടുവെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിന്‍ടെക് രംഗത്തെ ആഗോള വമ്പനായ ആന്റ് ഗ്രൂപ്പിന്റെ 3700 കോടി ഡോളര്‍ മൂല്യം കല്‍പ്പിച്ചിരുന്ന ഇരട്ട ലിസ്റ്റിംഗ് നടപടികള്‍ ക്രമക്കേടുകള്‍ ആരോപിച്ച് ചൈനീസ് റെഗുലേറ്റര്‍ തടഞ്ഞിരുന്നു. ആന്റിന്റെ സ്റ്റോക്ക് മാര്‍ക്കറ്റ് പ്രവേശനത്തെ കുറിച്ച് അന്വേഷിക്കാനും അതിന് തടയിടാനും ഷി ജിന്‍പിംഗ് നേരിട്ട് ഉത്തരവ് നല്‍കുകയായിരുന്നുവെന്നാണ് വ്യാഴാഴ്ച വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. ഇക്കാര്യത്തെ കുറിച്ച് അറിവുള്ള ചൈനീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതിനെ കുറിച്ചുള്ള പ്രതികരണം റോയിട്ടേഴ്‌സ് ആന്റ് ഗ്രൂപ്പിനോട് ആരാഞ്ഞെങ്കിലും അതിന് മറുപടി ലഭിച്ചിട്ടില്ലെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് കോടീശ്വരനും ടെക് വമ്പനുമായ ജാക്ക് മാ, ചൈനയിലെ സാമ്പത്തിക, ബാങ്കിംഗ് രംഗത്തെ റെഗുലേറ്റര്‍മാരെയും പൊതുമേഖലാ ബാങ്കുകളെയും ഒരു പൊതുചടങ്ങില്‍ വെച്ച് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ചൈനയിലെ റെഗുലേറ്ററി ചട്ടങ്ങള്‍ പുതുമയേറിയ ആശയങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയാണെന്നും വളര്‍ച്ച ത്വരിതപ്പെടണമെങ്കില്‍ പരിഷ്‌കരണം അനിവാര്യമാണെന്നും ഒക്ടോബര്‍ 24ന് നടന്ന ഒരു ഉച്ചകോടിയില്‍ ജാക്ക് മാ അഭിപ്രായപ്പെട്ടിരുന്നു. ജാക്ക് മായുടെ ഈ അഭിപ്രായ പ്രകടനം വന്നതിനുശേഷം ആന്റിനെതിരായ കാര്യങ്ങള്‍ റെഗുലേറ്റര്‍മാര്‍ സമാഹരിക്കുകയായിരുന്നു.

ഷീ ജിന്‍പിംഗുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചൈനീസ് കോര്‍പ്പറേറ്റ് സാരഥിയായിരുന്നു ജാക്ക് മാ. പക്ഷേ ഭരണകൂടത്തിനെതിരായ വാക്കുകള്‍ പ്രസിഡന്റിനെ ചൊടിപ്പിച്ചു. ചൈനീസ് ആസ്ഥാനമായുള്ള എല്ലാ വന്‍കിട ടെക് കമ്പനികള്‍ക്കും മൂക്കുകയറിടാനുള്ള നിയമനിര്‍മാണത്തിനുള്ള ഒരുക്കത്തിലാണ് ഷീ ജിന്‍പിംഗ് എന്നും രാജ്യാന്തര മാധ്യമങ്ങള്‍ പറയുന്നുണ്ട്.

ആഴ്ചാവസാനം നേട്ടത്തില്‍ അവസാനിപ്പിച്ച് ഓഹരി വിപണി


ആഴ്ചാവസാനം വിപണി മുന്നേറ്റത്തിന്റെ സൂചനകള്‍ നല്‍കി വ്യാപാരം അവസാനിപ്പിച്ചു. കോവിഡ് വാക്‌സിന്‍ സംബന്ധിച്ച അനുകൂല വാര്‍ത്തകളും യുഎസ് തെരഞ്ഞെടുപ്പ് ഫലവും വിദേശ നിക്ഷേപകര്‍ വാങ്ങലുകള്‍ വര്‍ധിപ്പിച്ചതും വിപണിയില്‍ ഗുണപരമായി പ്രതിഫലിച്ചു. കൂടാതെ ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജും വിപണിക്ക് ഉത്തേജനമായിട്ടുണ്ട്. ദീപാവലിയോടനുബന്ധിച്ച് നാളെ വൈകീട്ട് 6.15 മുതല്‍ 7.15 വരെയുള്ള മുഹൂര്‍ത്ത വ്യപാരത്തിന് തയാറെടുക്കുകയാണ് വിപണി. അതിനു ശേഷം ചൊവ്വാഴ്ച മാത്രമേ വ്യാപാരം പുനരാരംഭിക്കുകയുള്ളു.

സെന്‍സെക്‌സ് 85.81 പോയ്ന്റ് ഉയര്‍ന്ന് 43443 പോയ്ന്റിലെത്തി. നിഫ്റ്റി 29.20 പോയ്ന്റ് ഉയര്‍ന്ന് 12720 പോയ്ന്റ് എന്ന നിലയിലാണ്. ബജാജ് ഫിന്‍സെര്‍വ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എസ്ബിഐ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. അതേ സമയം എല്‍ ആന്‍ഡ് ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയവയ്ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്.

കേരള കമ്പനികളുടെ പ്രകടനം

കേരള ഓഹരികളും ഇന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 17 ഓഹരികള്‍ നേട്ടമുണ്ടാക്കി. ഒന്‍പത് ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ ഒരു കമ്പനിയുടെ ഓഹരി മാറ്റമില്ലാതെ തുടരുന്നു. നേട്ടമുണ്ടാക്കിയ ഓഹരികളില്‍ 5 ശതമാനം നേട്ടത്തോടെ കെഎസ്ഇ ലിമിറ്റഡ് ആണ് മുന്നില്‍. 105.05 രൂപ വര്‍ധിച്ച് ഓഹരി വില 2206.35 രൂപയിലെത്തി. കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈലിന്റെ ഓഹരി വില 5.05 രൂപ വര്‍ധിച്ച് 116 ലെത്തി. 4.55 ശതമാനം വര്‍ധന.

ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.37 ശതമാനം), ആസ്റ്റര്‍ ഡി എം (2.82 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.99 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.96 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.86 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.76 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (1.59 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.45 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (0.98 ശതമാനം), ഹാരിസണ്‍സ് മലയാളം (0.81 ശതമാനം), ഫെഡറല്‍ ബാങ്ക് (0.62 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.49 ശതമാനം), എവിറ്റി (0.35 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.15 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.15 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു ഓഹരികള്‍.

കേരള ആയുര്‍വേദയുടെ ഓഹരിവിലയില്‍ 10.27 ശതമാനം ഇടിവുണ്ടായി. 5.30 രൂപ കുറഞ്ഞ് 46.30 രൂപയിലെത്തി. ഇന്‍ഡിട്രേഡ് (ജെആര്‍ജി) (4.67 ശതമാനം), കിറ്റെക്‌സ് (3.61 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.72 ശതമാനം),

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.26 ശതമാനം), എഫ്എസിടി (0.72 ശതമാനം), നിറ്റ ജലാറ്റിന്‍ (0.59 ശതമാനം), സിഎസ്ബി ബാങ്ക് (0.47 ശതമാനം), അപ്പോളോ ടയേഴ്‌സ് (0.15 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകെ പോയ മറ്റു കേരള ഓഹരികള്‍. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരി വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.





കോവിഡ് അപ്‌ഡേറ്റ്‌സ് (13-11-2020)

കേരളത്തില്‍ ഇന്ന്

രോഗികള്‍: 5804

മരണം : 26

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 8,728,795

മരണം : 128,668

ലോകത്ത് ഇതുവരെ:

രോഗികള്‍:52,733,290

മരണം : 1,293,183

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it