ഇന്ന് നിങ്ങള്‍ അറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 15, 2021

ജിഡിപിയില്‍ ഒരു ശതമാനത്തോളം ഇടിവുണ്ടായേക്കുമെന്ന് വിദഗ്ധര്‍
കോവിഡിന്റെ രണ്ടാം തരംഗം മൂലം രാജ്യത്ത് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയില്‍ ഒരു ശതമാനത്തോളം ഇടിവുണ്ടാക്കിയേക്കുമെന്ന് ഇക്കണോമിക് ടൈംസ് സര്‍വെ. സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ ഇപ്പോഴത്തെ നിയന്ത്രണം ജിഡിപിയില്‍ 0.2 - 1 ശതമാനം താഴ്ചയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വിപ്രോ: അറ്റാദായത്തില്‍ വര്‍ധന
മാര്‍ച്ചില്‍ അവസാനിച്ച 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ അറ്റാദായത്തില്‍ വര്‍ധന നേടി വിപ്രോ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ അറ്റാദായത്തേക്കാള്‍ 27.78 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ 2021 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തേക്കാള്‍ ലാഭത്തില്‍ നാമമാത്രമായ വര്‍ധന മാത്രമാണുള്ളത്.
ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് 1873 കോടി രൂപയുടെ ഫണ്ടുമായി ആമസോണ്‍
രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ ഡിജിറ്റൈലേസഷനും ഇന്നവേഷനും പ്രോത്സാഹിപ്പിക്കാന്‍ 1,873 കോടി രൂപയുടെ ഫണ്ടുമായി ആമസോണ്‍. മികച്ച ആശയങ്ങള്‍ക്ക് കരുത്തേകാനും ദീര്‍ഘദര്‍ശികളായ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ളതാണ് ഈ ഫണ്ടെന്ന് ആമസോണ്‍ ഇന്ത്യ കണ്‍ട്രി ഹെഡ് അമിത് അഗര്‍വാള്‍ പറഞ്ഞു. എസ് എം ഇ ഡിജിറ്റൈസേഷന്‍, അഗ്രി ടെക് ഇന്നവേഷന്‍, ഹെല്‍ത്ത് ടെക് എന്നീ മൂന്ന് മേഖലകള്‍ക്കാണ് ഫണ്ട് ഊന്നല്‍ നല്‍കുന്നത്.
കോവിഡ്: വിദേശ വാക്‌സിന് മൂന്നു ദിവസത്തിനുള്ളില്‍ അംഗീകാരം
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അത്യാവശ്യഘട്ടങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനായി വിദേശ നിര്‍മിത കോവിഡ് വാക്‌സിനുള്ള അനുമതി, അപേക്ഷ സമര്‍പ്പിച്ച് മൂന്ന് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കുമെന്ന് കേന്ദ്രം. രാജ്യത്ത് കോവിഡ് വാക്‌സിനും വാക്‌സിന്‍ നിര്‍മാണത്തിനുള്ള രാസവസ്തുക്കള്‍ക്കും ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഈ നീക്കം നടത്തിയിരിക്കുന്നത്.
കോവിഡ് പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറേ
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, കോവിഡ് 19 മഹാമാരിയെ കേന്ദ്ര സര്‍ക്കാര്‍ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ കേന്ദ്രത്തിന് കത്തയച്ചു. കോവിഡ് 19 പ്രകൃതി ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചാല്‍, മഹാമാരി മൂലം കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ ഇതിന് കേന്ദ്രത്തിന്റെ അംഗീകാരം ആവശ്യമാണ്. രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. അതിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മഹാരാഷ്ട്രയ്ക്ക് സൗജന്യമായി മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണം ചെയ്തു തുടങ്ങി. 100 ടണ്‍ ഓക്‌സിജനാണ് കമ്പനി നല്‍കുന്നത്.
കേരളത്തില്‍ രണ്ടു ദിവസം കൊണ്ട് രണ്ടര ലക്ഷം കോവിഡ് പരിശോധന നടത്താന്‍ തീരുമാനം
സംസ്ഥാനത്ത് രണ്ടു ദിവസം കൊണ്ട് രണ്ടര ലക്ഷം കോവിഡ് പരിശോധന നടത്തും. പൊതു, സ്വകാര്യ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുഗതാഗതം, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. രണ്ടാഴ്ച കൊണ്ട് കോവിഡ് വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.
ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍.എന്‍.ജി ടെര്‍മിനല്‍ മഹാരാഷ്ട്രയില്‍
ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍.എന്‍.ജി ടെര്‍മിനല്‍ മഹാരാഷ്ട്രയിലെത്തി. ഊര്‍ജ്ജ രംഗത്തെ മുന്‍നിര കമ്പനിയായ എച്എനര്‍ജിയാണ് ഈ ടെര്‍മിനല്‍ ഇന്ത്യയിലെത്തിച്ചത്. സ്വകാര്യ തുറമുഖമായ മഹാരാഷ്ട്രയിലെ ജയ്ഗഢ് പോര്‍ട്ടിലാണ് ഈ ടെര്‍മിനല്‍. പ്രകൃതി വാതക സ്‌റ്റോറേജും റീഗ്യാസിഫിക്കേഷന്‍ സംവിധാനങ്ങളുമുള്ള എഫ്.എസ്.ആര്‍.യു ഹുവേഗ് ജയന്റ് എന്ന ഭീമന്‍ കപ്പലാണ് ടെര്‍മിനല്‍ ആയി പ്രവര്‍ത്തിക്കുക. സിംഗപൂരിലെ കെപ്പല്‍ ഷിപ്‌യാര്‍ഡില്‍ നിന്നാണ് ഈ കപ്പല്‍ ജയ്ഗഢ് തുറമുഖത്തെത്തിച്ചത്. ഫ്‌ളോട്ടിങ് സ്‌റ്റോറേജ് ആന്റ് റിഗ്യാസിഫിക്കേഷന്‍ യൂണിറ്റ് (എഫ്.എസ്.ആര്‍.യു.) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) അടിസ്ഥാനസൗകര്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ദൗത്യത്തിലെ പുതിയൊരു അധ്യായമാണ് രാജ്യത്തെ ആദ്യ ഫ്‌ളോട്ടിങ് എന്‍.എന്‍.ജി ടെര്‍മിനല്‍ എന്ന് എച്ച്എനര്‍ജി സി.ഇ.ഒ ദര്‍ശന്‍ ഹിരാനന്ദാനി പറഞ്ഞു.
ഫാര്‍മ, മെറ്റല്‍ ഓഹരികളുടെ കരുത്തില്‍ നേട്ടമുണ്ടാക്കി സൂചികകള്‍
കോവിഡിന്റെ രണ്ടാം വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് നിയന്ത്രണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗരൂകരായി. ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ ദിവസാവസാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഫാര്‍മ, മെറ്റല്‍, എഫ് എം സി ജി, ഐറ്റി മേഖലകള്‍ നേട്ടമുണ്ടാക്കി.
സെന്‍സെക്‌സ് 259.62 പോയ്ന്റ് ഉയര്‍ന്ന് 48803.68 പോയ്ന്റിലും നിഫ്റ്റി 76.70 പോയ്ന്റ് ഉയര്‍ന്ന് 14581.50 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1226 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1611 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 162 ഓഹരികളുടെ വില മാറ്റമില്ലാതെ തുടര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികള്‍ക്ക് വേണ്ടത്ര മികവ് പുലര്‍ത്താനാവാതെ പോയ ദിനമായിരുന്നു ഇന്ന്. പത്ത് ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. ഹാരിസണ്‍സ് മലയാളം 3.12 ശതമാനം നേട്ടവുമായി ഇന്ന് മുന്നില്‍ നില്‍ക്കുന്നു. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (3.10 ശതമാനം), സിഎസ്ബി ബാങ്ക് (3.09 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.11 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
അതേസമയം കേരള ആയുര്‍വേദ, വണ്ടര്‍ലാ ഹോളിഡേയ്‌സ്, അപ്പോളോ ടയേഴ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, ഇന്‍ഡിട്രേഡ്, മണപ്പുറം ഫിനാന്‍സ്, എവിറ്റി തുടങ്ങി 17 ഓഹരികളുടെ വിലിടിഞ്ഞു. ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയുടെ വിലയില്‍ മാറ്റമുണ്ടായില്ല.
Commodtiy Price : April 15

റബര്‍ : കൊച്ചി

റബര്‍ 4 ഗ്രേഡ് : 16750

റബര്‍ 5 ഗ്രേഡ് : 16300

റബര്‍ : കോട്ടയം

റബര്‍ 4 ഗ്രേഡ് : 16750

റബര്‍ 5 ഗ്രേഡ് : 16300

Exchange Rates: April 15, 2021

ഡോളര്‍ 74.98

പൗണ്ട് 103.36

യുറോ 89.76

സ്വിസ് ഫ്രാങ്ക് 81.23

കാനഡ ഡോളര്‍ 60.00

ഓസിസ് ഡോളര്‍ 58.08

സിംഗപ്പൂര്‍ ഡോളര്‍ 56.17

ബഹ്‌റൈന്‍ ദിനാര്‍ 199.41

കുവൈറ്റ് ദിനാര്‍ 248.58

ഒമാന്‍ റിയാല്‍ 194.97

സൗദി റിയാല്‍ 19.99

യുഎഇ ദിര്‍ഹം 20.41

കോവിഡ്
ഇന്ത്യയില്‍ ഇതുവരെ:

രോഗബാധിതര്‍: 14,074,564

മരണം: 173123

ലോകത്ത് ഇതുവരെ:

രോഗബാധിതര്‍: 138,259,810

മരണം: 2,972,617

കേരളം

സ്ഥിരീകരിച്ചത് : 8778 , ആകെ : 1189175

മരണം: 22 , ആകെ: 4836





Related Articles
Next Story
Videos
Share it