ഇന്ന് നിങ്ങള്‍ അറിയേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍, ഏപ്രില്‍ 16, 2021

അമേരിക്ക വിലക്ക് മാറ്റണം: അദാര്‍ പൂനവാല
കോവിഡ് വാക്‌സിന്‍ നിര്‍മാണം ദ്രുതഗതിയില്‍ നടക്കാന്‍ അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് മാറ്റണമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സി ഇ ഒ അദാര്‍ പൂനവാല. ആസ്ട്രസെനക്ക ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്‌സിന്‍ സിറമാണ് നിര്‍മിക്കുന്നത്. സിറത്തില്‍ നിര്‍മിക്കുന്ന വാക്‌സിന്‍ ഇന്ത്യയില്‍ മാത്രമല്ല വിതരണം ചെയ്യുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.
രാജ്യത്ത് മണ്‍സൂണ്‍ സാധാരണ നിലയിലായിരിക്കുമെന്ന് ഐഎംഡി
ഈ വര്‍ഷം രാജ്യത്ത് മണ്‍സൂണ്‍ സാധാരണനിലയിലായിരിക്കുമെന്ന് ഇന്ത്യ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവചനം. എല്‍ നിനോ മണ്‍സൂണിനെ സ്വാധീനിക്കാനിടയില്ലെന്നാണ് ഐഎംഡിയുടെ നിഗമനം. കോവിഡ് മൂലം താറുമാറായ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ആശ്വാസമേകുന്നതാണ് ഐഎംഡിയുടെ പ്രവചനം. മണ്‍സൂണ്‍ നല്ല രീതിയിലായാല്‍ രാജ്യത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് അതേറെ ഗുണം ചെയ്യും.
22,500 രൂപ വരെ വില വര്‍ധിപ്പിച്ച് മാരുതി സുസുകി
നിര്‍മാണ ചെലവ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നു മുതല്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 22,500 രൂപ വരെ വിലവര്‍ധിപ്പിച്ച് മാരുതി സുസുകി. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സെലേറിയോ, സ്വിഫ്റ്റ് എന്നീ മോഡലുകള്‍ ഒഴികെ മറ്റെല്ലാ മോഡലിലും വില വര്‍ധന നടപ്പാക്കിയിട്ടുണ്ടെന്നാണ് സൂചന. വിവിധ മോഡലുകളില്‍ ശരാശരി (ഡെല്‍ഹിയിലെ എക്‌സ് ഷോറൂം വില പ്രകാരം) 1.6 ശതമാനം വില വര്‍ധനയാണുണ്ടായിരിക്കുന്നത്.
എന്‍ പി എസില്‍ ചേരാനുള്ള പ്രായപരിധി ഉയര്‍ത്തിയേക്കും
നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍ പി എസ്)ല്‍ ചേരാനുള്ള പരമാവധി പ്രായം 65 ല്‍ നിന്ന് 70 ആക്കിയേക്കും. ഇത് സംബന്ധിച്ച് ആലോചനകള്‍ നടക്കുന്നതായി പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ സുപ്രതിം ബന്ദോപാധ്യായ സൂചന നല്‍കി.
കോവിഡ് മരണം ജൂണോടെ പ്രതിദിനം 2320 ആകുമെന്ന് പഠനം
ജൂണ്‍ ആദ്യത്തെ ആഴ്ചയോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ഓരോ ദിവസവും 2320 പേര്‍ മരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ലാന്‍സെറ്റ് കോവിഡ് 19 കമ്മീഷന്‍ നടത്തിയ പഠനത്തിലാണിത്. 'Managing India's second COVID-19 wave: Urgent steps' എന്ന പേരില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ കോവിഡിന്റെ രണ്ടാം തരംഗത്തെ കുറിച്ചുള്ള പഠനമാണ്. രോഗവ്യാപനം തടയുന്നതിനുളള നടപടികളും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നു.
ഒന്നാം ഘട്ടത്തില്‍ രോഗവ്യാപനം കൂടിയ മേഖലകളില്‍ തന്നെയാണ് രണ്ടാം ഘട്ടവും കൂടുതലായും ഉണ്ടാകുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം ടയര്‍ രണ്ട്, ടയര്‍ മൂന്ന് നഗരങ്ങളില്‍ കൂടുതല്‍ ആഴങ്ങളിലേക്ക് രോഗം ബാധിച്ചിട്ടുണ്ട്.
നേരത്തെ ആകെ 60100 ജില്ലകളാണ് രാജ്യത്തെ ആകെ കോവിഡ് കേസുകളിലെയും 75 ശതമാനവും സംഭാവന ചെയ്തിരുന്നതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ 2040 ജില്ലകളില്‍ മാത്രമായി അത്രയും ശതമാനം രോഗികളുണ്ടെന്ന് പഠനത്തില്‍ വ്യക്തമാകുന്നു.
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ സൂചികകള്‍
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ സൂചികകള്‍. ഫിനാന്‍ഷ്യല്‍ ഓഹരികള്‍ ഒഴികെ ബാക്കിയെല്ലാ മേഖലകളും നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 28.35 പോയ്ന്റ് ഉയര്‍ന്ന് 48,832 പോയ്ന്റിലും നിഫ്റ്റി 36.40 പോയ്ന്റ് ഉയര്‍ന്ന് 14617.90 പോയ്ന്റിലും ക്ലോസ് ചെയ്തു. 1617 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 1230 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 152 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
വിപ്രോ, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, സിപ്ല, ഏഷ്യന്‍ പെയ്ന്റ്‌സ്, അള്‍ട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ ഒരു ശതമാനം നേട്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായി. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ (3.77 ശതമാനം), കേരള ആയുര്‍വേദ (3.10 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.11 ശതമാനം), കിറ്റെക്‌സ് (1.85 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് ( 1.84 ശതമാനം), എഫ്എസിടി (1.30 ശതമാനം), മണപ്പുറം ഫിനാന്‍സ് ( 1.13 ശതമാനം) തുടങ്ങി 16 ഓഹരികള്‍ക്കാണ് നേട്ടമുണ്ടാക്കാനായത്.







കോവിഡ്

ഇന്ത്യയില്‍ ഇതുവരെ:

രോഗബാധിതര്‍: 14,291,917

മരണം: 174,308

ലോകത്ത് ഇതുവരെ:

രോഗബാധിതര്‍: 138,858,768

മരണം: 2,984,626

കേരളം

ഇന്ന് : 10031 , ആകെ : 1207332

മരണം : 21 , ആകെ : 4877


Related Articles
Next Story
Videos
Share it