ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 17, 2020

'കോവിഡ് വാക്‌സിന്‍ ജനങ്ങളിലെത്താന്‍ സമയം പിടിക്കും'

ലോകത്തെ നിരവധി രാജ്യങ്ങള്‍ കോവിഡ് വാക്‌സിന്‍ ഡിസംബര്‍ ആദ്യമോ ജനുവരിയിലോ പുറത്തിറക്കാന്‍ ഊര്‍ജ്ജിത ശ്രമം നടത്തുന്നുണ്ടെങ്കിലും ജനങ്ങളിലേക്ക് അവയുടെ ഡോസ് 2021 മധ്യത്തിന് മുമ്പ് എത്താന്‍ സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന സൗത്ത് ഈസ്റ്റ് ഏഷ്യ റീജണല്‍ ഡയറക്റ്റര്‍ ഡോ. പൂനം ഖേത്രപാല്‍ സിംഗ്. കോവിഡിനെതിരെ വിജയകരമായ വാക്‌സിന്‍ കണ്ടെത്തിയാലും അത് ലോക രാജ്യങ്ങളിലേക്ക് എത്താന്‍ അടുത്ത വര്‍ഷം അവസാനമെങ്കിലും ആകുമെന്നാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ വാക്‌സിന്‍ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന കമ്പനികള്‍ക്ക് വരെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാനും വാക്‌സിന്റെ ഫലസിദ്ധി വിശകലനം ചെയ്യാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും സമയമെടുക്കും.

മതിയായ അനുമതികള്‍ നേടി അംഗീകാരം കരസ്ഥമാക്കി വാക്‌സിന്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് ലോകരാജ്യങ്ങളിലെത്തിക്കാന്‍ കാലതാമസം വരിക തന്നെ ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ത്യയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ന് എന്‍ കെ സിംഗ് നേതൃത്വം നല്‍കുന്ന കമ്മിഷന്‍ സമര്‍പ്പിച്ചു. കോവിഡ് കാലത്തെ ഫിനാന്‍സ് കമ്മിഷന്‍ എന്ന തലക്കെട്ടുള്ള റിപ്പോര്‍ട്ട്, റിപ്പോര്‍ട്ടിന്മേല്‍ എടുത്ത പ്രവര്‍ത്തന രേഖ ഉള്‍പ്പടെ ധനമന്ത്രി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് സമര്‍പ്പിക്കും. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ രണ്ടാമത്തെ റിപ്പോര്‍ട്ടാണിത്. നവംബറില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനത്തില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത് ധനകാര്യ കമ്മിഷന്റെ പരമ്പരാഗത നികുതി വരുമാന അനുമാന രീതികള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്.

ഓഗ്മെന്റഡ് റിയാല്‍റ്റി കമ്പനി സ്‌കാപികിനെ ഫഌപ് കാര്‍ട്ട് ഏറ്റെടുത്തു

ഫഌപ്കാര്‍ട്ട്, ഓഗ്മെന്റഡ് റിയാല്‍റ്റി കമ്പനിയായ സ്‌കാപികിനെ ഏറ്റെടുത്തു. ഇ കോമേഴ്‌സ് ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍. ഇടപാടിന്റെ തുക കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഇ കോമേഴ്‌സ് രംഗത്തിന് വലിയ മുന്നേറ്റാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ആമസോണ്‍, ജിയോമാര്‍ട്ട് എന്നിവരുമായി ഇ കോമേഴ്‌സ് വിപണിയില്‍ മത്സരിക്കുന്ന വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫഌപ്കാര്‍ട്ട ഉപഭോക്താക്കള്‍ക്ക് വളരെ മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍ നടത്തിയിരിക്കുന്നത്.

ജിഡിപി അനുമാനം മെച്ചപ്പെടുത്തി ഗോള്‍ഡ്മാന്‍ സാക്‌സ്

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി അനുമാനം സംബന്ധിച്ച കണക്കുകള്‍ മെച്ചപ്പെടുത്തി ഗോള്‍ഡ്മാന്‍ സാക്‌സ്. നേരത്തെ രാജ്യത്തിന്റെ ജിഡിപി 14.8 ശതമാനം ചുരുങ്ങുമെന്നായിരുന്നു അനുമാനമെങ്കില്‍ പുതുക്കിയ പ്രവചനപ്രകാരം ഇത് 10.3 ശതമാനമാണ്.

കോവിഡ് വാക്‌സിന്‍ വരുമെന്ന പ്രതീക്ഷയിലാണ് സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുമെന്ന അനുമാനം ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് മുന്നോട്ട് വെച്ചിരിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി 13 ശതമാനം വളര്‍ച്ച നേടുമെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പറയുന്നു.


പുതിയ ഉയരങ്ങള്‍ താണ്ടി സെന്‍സെക്‌സ് : നിഫ്റ്റി 12874 പോയ്ന്റില്‍


മോഡേണയുടെ വാക്‌സിന്‍ 95 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുവെന്ന വാര്‍ത്തകളും ശക്തമായ ആഗോള സൂചനകളുമാണ് വിപണിയെ നയിച്ചത്.

നിഫ്റ്റി ബാങ്ക്, മെറ്റല്‍ സൂചികകള്‍ രണ്ട് ശതമാനവും ഓട്ടോ ഒരു ശതമാനവും ഉയര്‍ന്നു.

അതേസമയം എനര്‍ജി, ഫാര്‍മ സെന്ററുകള്‍ ഇടിവ് രേഖപ്പെടുത്തി.

ബി എസ് ഇ മിഡ് ക്യാപ് ഓഹരി സൂചിക ഒരു ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.90 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇയിലെ 1443 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1181 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികള്‍ക്ക് മാറ്റമില്ല.

ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, എച്ച് ഡി എഫ് സി ലൈഫ്, എസ് ബി ഐ, അദാനി സ്‌പോര്‍ട്‌സ് എന്നീ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയവയില്‍ മുന്നില്‍.

ബിപിസിഎല്‍,ഹീറോ മോട്ടോകോര്‍പ്, എന്‍ടിപിസി, ഐഒസി, ഒഎന്‍ജിസി എന്നിവയാണ് നഷ്ടമുണ്ടാക്കിയ മുഖ്യ ഓഹരികള്‍.


കേരള കമ്പനി ഓഹരികളുടെ പ്രകടനം

ഒരു ഡസണിലധികം കേരള ഓഹരികള്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ബാങ്ക് ഓഹരികളില്‍ സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ വിലയിടിഞ്ഞു. എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില മാത്രമാണ് താഴ്ച കാണിച്ചത്.

നേട്ടമുണ്ടാക്കിയ ഓഹരികള്‍: അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡിഎം, ഏവിറ്റി, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്‍ഡി ക്യാപ്, കിറ്റെക്‌സ്, കെഎസ്ഇ, മണപ്പുറം, മുത്തൂറ്റ് ഫിന്‍, പാറ്റ്‌സ്പിന്‍, റബ്ഫില, വെര്‍ട്ടെക്‌സ് വണ്ടര്‍ലാ.
കോവിഡ് അപ്‌ഡേറ്റ്‌സ് (17 -11 - 2020)

കേരളത്തില്‍ ഇന്ന് :

രോഗികള്‍: 5,792

മരണം : 27


ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 8,874,290

മരണം : 1,30,519

ലോകത്ത് ഇതുവരെ:

രോഗികള്‍: 55,021,938

മരണം : 1,327,228

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it