ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 19, 2020

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 12 ശതമാനമായി ഉയര്‍ത്തി മൂഡീസ്

ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളര്‍ച്ചാ നിരക്ക് 12 ശതമാനമായി ഉയര്‍ത്തി മൂഡീസ് അനലിറ്റിക്‌സ്. നേരത്തെ കണക്കാക്കിയ ഒമ്പത് ശതമാനത്തില്‍ നിന്നാണ് ജിഡിപി വളര്‍ച്ചാ നിരക്ക് ഏജന്‍സി ഉയര്‍ത്തിയത്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയുടെ ദീര്‍ഘകാല സാധ്യതകള്‍ കൂടുതല്‍ അനുകൂലമായി മാറിയെന്ന് കണക്കാക്കുന്നതായും മൂഡീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിന്റെ പ്രധാന അപകട സാധ്യതയായി കൊവിഡ് -19 ന്റെ രണ്ടാം തരംഗത്തെയും മൂഡീസ് കണക്കാക്കുന്നു.

ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി

ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ വ്യക്തിഗത ഉപയോഗത്തിനായുള്ള അമിതവിലയുള്ള ചില മരുന്നുകളെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയതായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. അതേസമയം സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ഉള്‍പ്പെടെയുള്ളവയ്ക്കുള്ള വ്യക്തിഗത ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്ന ജീവന്‍ രക്ഷ മരുന്നുകള്‍ അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും അഞ്ച് ശതമാനം ജിഎസ്ടി ഉള്ളതായും അവര്‍ വ്യക്തമാക്കി. ഇത് അസാധാരണമായ കാരണത്താലുള്ള പ്രത്യേക മരുന്നിറക്കുമതികള്‍ക്കായിരിക്കും.

മാര്‍ച്ച് 17 ന് സീറോ അവറില്‍ ഉന്നയിച്ച വിഷയത്തില്‍ ഒരു വിശദീകരണം നല്‍കുകയായിരുന്നു സീതാരാമന്‍. നട്ടെല്ലിലെ പേശികളിലെ അട്രോഫി രോഗത്തിന് 16 കോടി രൂപ വിലവരുന്ന ഒരു മരുന്ന് ഉണ്ടെന്നും ഇതില്‍ 7 കോടി രൂപയുടെ നികുതി ഘടകമാണല്ലോ എന്നുമുള്ള ചോദ്യത്തിന് വിശദീകരണം നല്‍കുകയായിരുന്നു സീതാരാമന്‍.

ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണി 2024 ഓടെ 99 ബില്യണ്‍ ഡോളറാകുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ ഇ-കൊമേഴ്സ് മേഖല 2024 ഓടെ ഇത് 99 ബില്യണ്‍ ഡോളറിലെത്തുമെന്ന് ഇവൈ-ഐവിസിഎ ട്രെന്‍ഡ് ബുക്ക് 2021 പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ഓടെ ഇന്ത്യയില്‍ 220 ദശലക്ഷം ഓണ്‍ലൈന്‍ ഷോപ്പര്‍മാരുണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

2019 ലെ 4.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 ഓടെ റീറ്റെയ്ല്‍ വ്യാപാരത്തിന്റെ വ്യാപനം 10.7 ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നു. 2025 ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ ഓണ്‍ലൈന്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ കമ്മീഷന്‍ 15 ശതമാനം കുറച്ച് ഗൂഗിള്‍

ഒരു ദശലക്ഷം ഡോളര്‍ വരെ വാര്‍ഷിക വരുമാനമുള്ള ആപ്പുകള്‍ക്കുള്ള കമ്മീഷനാണ് 15 ശതമാനമായി കുറക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 15 ശതമാനം കമ്മീഷന്‍ കുറയ്ക്കുന്നതു വഴി ഗൂഗിളിന്റെ വരുമാനത്തില്‍ പ്രതിവര്‍ഷം 587 ദശലക്ഷം ഡോളറിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ വരുമാനം നിശ്ചിതശതമാനത്തിന് മുകളിലാണെങ്കില്‍ നേരത്തെ പ്രഖ്യാപിച്ച 30 ശതമാനം കമ്മീഷന്‍ തന്നെ നല്‍കണം. പ്ലേ സ്റ്റോര്‍ കമ്മീഷന്‍ 15ശതമാനമായി കുറച്ചെങ്കിലും ഇന്ത്യന്‍ ആപ്പ് ഡെവലപ്പര്‍മാരെ സംബന്ധിച്ചിടത്തോളം അത് അവരുടെ പരിമിതമായ വരുമാനം ഊറ്റിയെടുക്കുന്ന നടപടി തന്നെയാണ്.

ഒരു ഹെല്‍ത്ത് ടെക്നോളജി സ്റ്റാര്‍ട്ടപ്പിന്റെ കണക്ക് നോക്കുക. ഇവരുടെ ആപ്പിന്റെ പ്രീമിയം വെര്‍ഷന് 6000 രൂപയാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇതില്‍ വലിയ പങ്കും പോകുന്നത് ട്രെയിനര്‍മാര്‍ക്കാണ്. നികുതിയും മറ്റ് നിരക്കുകളും കഴിച്ച് ആയിരം രൂപ മാത്രമാണ് ഒരു സബ്സ്‌ക്രിബ്ഷനില്‍ നിന്ന് കമ്പനിക്ക് ലഭിക്കുക. ഇതിന്റെ 15 ശമതാനം ഗൂഗിളിന് നല്‍കേണ്ടിവന്നാല്‍ ഒരു സ്റ്റാര്‍ട്ടപ്പിന് എങ്ങനെ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് അതിന്റെ സംരംഭകര്‍ ചോദിക്കുന്നു. ഗൂഗിളിന്റെ ഭാഗത്തു നന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇനിയും ഇളവുകള്‍ വന്നേക്കാമെന്ന ശുഭാപ്തിവിശ്വാസമാണ് അവര്‍ക്കുള്ളത്.

വേഗത്തില്‍ വളരുന്ന സമ്പദ്ഘടനകളിലൊന്നായി ഇന്ത്യ മാറും: യുടിഐ മ്യൂച്വല്‍ ഫണ്ട് സിഇഒ

കോവിഡിനു ശേഷം ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനകളിലൊന്നായി ഇന്ത്യ മാറുമെന്ന് യുടിഐ മ്യൂച്വല്‍ ഫണ്ട് സിഇഒ ഇംതൈയാസുര്‍ റഹ്‌മാന്‍ ചൂണ്ടിക്കാട്ടി. കോവിഡിനു ശേഷമുള്ള ലോകത്തിലെ നിക്ഷേപത്തെക്കുറിച്ചു യുടിഐ മ്യൂച്വല്‍ സംഘടിപ്പിച്ച വെര്‍ച്വര്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യൂച്വല്‍ ഫണ്ട് വ്യവസായത്തില്‍ 2016 ഫെബ്രുവരി മുതല്‍ 2021 ഫെബ്രുവരി വരെ 156 ശതമാനം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്.

കോവിഡിനെ തുടര്‍ന്ന് നിക്ഷേപകര്‍ക്കു ബുദ്ധിമുട്ടില്ലാതെ നിക്ഷേപിക്കാനാവുന്ന നവീനമായ പദ്ധതികളും സേവനങ്ങളും അവതരിപ്പിക്കുന്ന രീതി ഊര്‍ജിതമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാമാരിക്കു ശേഷമുള്ള ലോകത്തിലും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന ഘടകങ്ങള്‍ മാറുന്നില്ലെന്ന് സെബി, യുടിഐ, ഐഡിബിഐ എന്നിവയുടെ മുന്‍ ചെയര്‍മാനും എക്സലന്‍സ് എനേബ്ലേഴ്സ് ചെയര്‍മാനുമായ എം ദാമോദരന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സമ്പദ്ഘടനയെക്കുറിച്ചും മാറുന്നനിക്ഷേപക ശീലങ്ങളെക്കുറിച്ചും നിരവധി പ്രമുഖര്‍ ചര്‍ച്ച ചെയ്തു.

കോവിഡ് പ്രതിസന്ധി 32 ദശലക്ഷത്തോളം തൊഴിലാളികളെ ദാരിദ്ര്യത്തിലാക്കിയെന്ന് റിപ്പോര്‍ട്ട്

കോവിഡ്19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലെ 32 ദശലക്ഷത്തോളം വരുന്ന മധ്യവര്‍ഗ്ഗ തൊഴിലാളികളെ ദാരിദ്ര്യത്തിലാക്കിയെന്ന് പഠന റിപ്പോര്‍ട്ട്. ബിസിനസ് രംഗത്തും തൊഴിലിടങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുകയും വേതനം വെട്ടിക്കുറക്കപ്പെടുകയും ചെയ്തത് അവരെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചുവെന്ന് അമേരിക്കയിലെ പ്യു റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സ്വര്‍ണം വില ഇന്ന് കുറഞ്ഞു

ആറ് ദിവസത്തിനിടെ ഇന്നലെ ഉയര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഇടിഞ്ഞു. സംസ്ഥാനത്ത് ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ വെള്ളിയാഴ്ച്ച സ്വര്‍ണവില പവന് 33,680 രൂപയും ഗ്രാമിന് 4,210 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയായിരുന്നു. എന്നാല്‍ മാര്‍ച്ച് അഞ്ചിന് ഏറ്റവും വലിയ വിലക്കുറവ് കണ്ട സ്വര്‍ണം പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ 34,440 രൂപയായിരുന്നു. ഈ നിലവാരത്തില്‍ നിന്നാണ് ഇടിഞ്ഞത്. ഇന്നും ഇന്നലെയും ുണ്ടായ നേരിയ വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍ കഴിഞ്ഞ ആറുമാസത്തെ ഏറ്റവും വലിയ പ്രതിദിന വിലക്കുറവാണ് സംസ്ഥാനത്ത് തുടര്‍ച്ചയായി രേഖപ്പെടുത്തുന്നത്.

രണ്ടുമണിക്കൂര്‍, രണ്ട് കാര്യങ്ങള്‍; നഷ്ടം നികത്തി മുന്നേറി വിപണി

പ്രത്യക്ഷത്തില്‍ ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് കാരണങ്ങള്‍ ഇല്ലായിരുന്നു; വ്യാപാരം അവസാനിക്കുന്ന ഏതാനും മണിക്കൂറുകള്‍ മുമ്പുവരെ. എന്നാല്‍ രണ്ട് കാര്യങ്ങള്‍ നിക്ഷേപകരുടെ മൂഡ് ആകെ മാറ്റി. ഫലമോ സൂചികകള്‍ ഒരു ശതമാനത്തിലേറെ നേട്ടത്തില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി വിപണി നഷ്ടത്തിലായിരുന്നു. യുഎസ് കടപ്പത്ര നേട്ടത്തില്‍ വന്ന കുറവും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം മൂഡീസ് ഉയര്‍ത്തിയതുമാണ് വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ നിക്ഷേപകരെ ആവേശത്തിലാക്കിയത്.

വ്യാഴാഴ്ച, അമേരിക്കന്‍ കടപ്പത്ര നേട്ടം 1.74 ശതമാനമായിരുന്നു. അത് രണ്ട് ശതമാനത്തിലെത്തിയാലുണ്ടാകുന്ന ആശങ്കകളായിരുന്നു നിരീക്ഷകര്‍ ഇന്നലെയും ഇന്നും രാവിലെയും ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് അമേരിക്കന്‍ കടപ്പത്ര നേട്ടം 1.5 ശതമാനത്തിലേക്ക് താഴ്ന്നതോടെ ഓഹരി വിപണിയില്‍ ആവേശമായി.








Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it