വ്യക്തികള്‍ക്ക് ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കാനുള്ള സമയപരിധി 2021 സെപ്റ്റംബര്‍ 30 വരെ രണ്ട് മാസത്തേക്ക് സര്‍ക്കാര്‍ നീട്ടി. മറ്റ് നികുതി രേഖകള്‍ സമര്‍പ്പിക്കാനുള്ള തീയതിയും നീട്ടിയിട്ടുണ്ട്. ടാക്‌സ് ഓഡിറ്റ് തീയതിയും നീട്ടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യു, ഫിനാന്‍സ് മിനിസ്ട്രി എന്നിവര്‍ സംയോജിതമായി പുറത്തിറക്കി. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 119 പ്രകാരമാണ് ഇളവുകള്‍.
21 അംഗ ഇടതുമുന്നണി മന്ത്രിസഭയില്‍ പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ അധികാരമേറ്റു
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 21 അംഗ ഇടതുമുന്നണി മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. സെക്രട്ടേറിയറ്റിനു പിന്നിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയനും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതിനു പിന്നാലെ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍ കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. അബ്ദുറഹിമാന്‍. ജി.ആര്‍. അനില്‍, കെ.എന്‍.ബാലഗോപാല്‍, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി.ഗോവിന്ദന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ.രാധാകൃഷ്ണന്‍, പി.രാജീവ്, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, വീണാ ജോര്‍ജ് എന്നീ ക്രമത്തില്‍ മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ഏഷ്യയിലെ രണ്ടാമത്തെ ധനികനായി ഗൗതം അദാനി
ചൈനയിലെ സോംഗ് ഷാന്‍ഷാനിനെ പിന്നിലാക്കി ഏഷ്യയിലെ രണ്ടാമത്തെ ധനികനായി അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി എത്തി. ബ്ലൂംബെര്‍ഗ് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ഏഷ്യയിലെ രണ്ടാമത്തെ വലിയ ധനികനായി ഗൗതം അദാനി മുകേഷ് അംബാനിക്ക് തൊട്ടുപിന്നിലാണിപ്പോള്‍. ബ്ലൂംബെര്‍ഗ് പട്ടിക പ്രകാരം, അദാനിയുടെ സമ്പത്ത് ഇന്ന് 625 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 66.5 ബില്യണ്‍ ഡോളറായി.
ഇപിഎഫ്ഒയുടെ പുതിയ എന്റോള്‍മെന്റുകള്‍ 1.9 ശതമാനം കുറഞ്ഞു
202021ല്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ)കീഴിലുള്ള പുതിയ എന്റോള്‍മെന്റുകള്‍ 1.9 ശതമാനം ഇടിഞ്ഞ് 77,08,375 ല്‍ എത്തി. 2019-20ല്‍ ഇത് 78,58,394 ആയിരുന്നു.
വളം സബ്‌സിഡി ഉയര്‍ത്തി കേന്ദ്രം
വളം സബ്‌സിഡി ഉയര്‍ത്താനുള്ള തീരുമാനം കൈകൊണ്ട് കേന്ദ്ര സര്‍ക്കാര്‍. ഡിഎപി വളത്തിന്റെ സബ്‌സിഡി 140% വര്‍ധിപ്പിച്ചു. കര്‍ഷകര്‍ക്ക് ഈ പ്രതിസന്ധി കാലഘട്ടത്തില്‍ ഏറെ ആശ്വാസദായകമാണ് പുതിയ തീരുമാനം. ഇതോടെ ഒരു ബാഗ് ഡിഎപിക്ക് 500 രൂപയ്ക്ക് പകരം 1200 രൂപ സബ്സിഡി ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച രാസവള വില സംബന്ധിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം അരിയിച്ചത്.
കോവിഡ് പരിശോധന ഇനി വീട്ടിലും: ഹോം ടെസ്റ്റിംഗ് കിറ്റിന് അനുമതി
ഇനി കോവിഡ് പരിശോധന നടത്താന്‍ ലാബുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കേണ്ട, ഇതിനായുള്ള ഹോം ടെസ്റ്റിംഗ് കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അനുമതി നല്‍കി (ഐസിഎംആര്‍). ഇവ വിപണിയില്‍ ലഭ്യമാകുന്നതോടെ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ലക്ഷണങ്ങളുള്ളവര്‍ക്കും സ്വയം പരിശോധിക്കാവുന്നതാണ്. പരിശോധന കിറ്റുകള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടുംവര്‍ധന. വ്യാഴാഴ്ച 120 രൂപ കൂടി പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4560 രൂപയുമായി. രണ്ടുദിവസമായി 36,360 രൂപയില്‍ തുടരുകയായിരുന്നു വില. എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 0.32ശതമാനം താഴ്ന്ന് 10 ഗ്രാമിന് 48,520 രൂപയിലെത്തി. ആഗോള വിപണിയില്‍ വിലയില്‍ കാര്യമായ വ്യതിയാനമുണ്ടായില്ല.
തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി ഇടിവ് രേഖപ്പെടുത്തി. സൂചികകള്‍ ഉയര്‍ന്നും താഴ്്ന്നും ഒടുവില്‍ നേട്ടമുണ്ടാക്കാനാവാതെ അവസാനിച്ചപ്പോള്‍ മെറ്റല്‍ ഓഹരികള്‍ക്കാണ് വലിയ തിരിച്ചടി നേരിട്ടത്. സെന്‍സെക്സ് 337.78 പോയ്ന്റ് ഇടിഞ്ഞ് 49564.86 പോയ്ന്റിലും നിഫ്റ്റി 124.20 പോയ്ന്റ് ഇടിഞ്ഞ് 14906 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1614 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1397 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 161 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 15 എണ്ണമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 12.52 ശതമാനം നേട്ടവുമായി ഇന്‍ഡിട്രേഡ് മികച്ച പ്രകടനം നടത്തി. എവിറ്റി (7.10 ശതമാനം), കിറ്റെക്സ് (5.93 ശതമാനം), എഫ്എസിടി (4.81 ശതമാനം), വെര്‍ട്ടെക്സ് സെക്യുരിറ്റീസ് (4.55 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (4.52 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.49 ശതമാനം), കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് (1.86 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള ഓഹരികളാണ്.