ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 21, 2021

ഉപഭോക്തൃ ആത്മവിശ്വാസം കുറഞ്ഞതായി സര്‍വേ
ഇന്ത്യന്‍ നഗരങ്ങളിലെ ഉപഭോക്താക്കളില്‍ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് കുറഞ്ഞതായി പ്രൈമറി കണ്‍സ്യൂമര്‍ ഇന്‍ഡെക്‌സ് സര്‍വേ. ജോലി, വ്യക്തിഗത ധനകാര്യം, സമ്പദ് വ്യവസ്ഥ, ഭാവിയിലേക്കുള്ള നിക്ഷേപം എന്നീ 4 സൂചികകളിലും ഉപഭോക്തൃ വികാരം കുറഞ്ഞുവെന്ന് സര്‍വേ വ്യക്തമാക്കി.
ടെക് കമ്പനികള്‍ ജീവനക്കാര്‍ക്കായുള്ള ഫ്രീ വാക്‌സിനേഷന്‍ തുടങ്ങുന്നു
ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര എന്നീ ടെക് കമ്പനികള്‍ ജീവനക്കാര്‍ക്കായി കോവിഡ് -19 വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിക്കുന്നു. സൗജന്യ വാക്‌സിനേഷനാണ് കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നത്. 488,649 പ്രൊഫഷണലാണ് ടിസിഎസില്‍ വാക്‌സിന്‍ സ്വീകരിക്കുക. 259,169 പേര്‍ ഇന്‍ഫോസീസിലും വിപ്രോയില്‍ 197,712പേരും വാക്‌സിന്‍ സ്വീകരിക്കും. അതേ സമയം 1.2 മില്യണ്‍ ജീവനക്കാരുള്ള മഹീന്ദ്രയും സൗജന്യ വാക്‌സിന്‍ നല്‍കാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ലീക്ക് ആയി; 22 മരണം
മഹാരാഷ്ട്രയിലെ നാസിക്കില്‍ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ലീക്കായി 22 മരണം. കോവിഡ് ചികിത്സയിലായിരുന്ന 11 പുരുഷന്മാരും സ്ത്രീകളുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സക്കീര്‍ ഹുസൈന്‍ ഹോസ്പിറ്റലിലാണ് ദുരന്തം നടന്നത്.
സംസ്ഥാനത്ത് രാത്രി കര്‍ഫ്യു, പോലീസ് പരിശോധന ശക്തം
കോവിഡ് രണ്ടാംതരംഗം രൂക്ഷമായതിനു പിന്നാലെ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രി കര്‍ഫ്യൂ നിലവില്‍ വന്നു. രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് പരിശോധന പുരോഗമിക്കുകയാണ്. ഒമ്പതു മണിക്ക് മുന്‍പായി വ്യാപാരസ്ഥാപനങ്ങള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴരയ്ക്കു ശേഷം ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി.
കോവിഷീല്‍ഡിന് സ്വകാര്യ മാര്‍ക്കറ്റില്‍ 600 രൂപയും സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് 400 രൂപയും ഈടാക്കും
മെയ് ഒന്നുമുതല്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ വാക്സിന്‍ വില്‍ക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയതിന് പിന്നാലെ കോവിഷീല്‍ഡിന് വില നിശ്ചയിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. സ്വകാര്യ മാര്‍ക്കറ്റില്‍ ഒരു ഡോസിന് 600 രൂപയും സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് ഒരു ഡോസിന് 400 രൂപയുമാണ് ഈടാക്കുകയെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. 'അടുത്ത രണ്ട് മാസത്തിനുള്ളില്‍ വാക്സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ക്ഷാമം പരിഹരിക്കും' സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ അമ്പതിനായിരം എത്തിയേക്കും: നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍
കോവിഡ് വ്യാപനം സംസ്ഥാനത്തും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. സംസ്ഥാനത്തെ പ്രതിദിന കേസുകളുടെ എണ്ണം അമ്പതിനായിരം വരെ എത്തിയേക്കുമെന്നാണ് സര്‍ക്കാരിന്റെ അനൗദ്യോഗിക നിഗമനം. സംസ്ഥാനത്ത് പല ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന തോതിലാണുള്ളത്. ഇവിടങ്ങളില്‍ വീടുകളില്‍ കയറി പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇത്തരം പരിശോധനകള്‍ കൂടി ആരംഭിക്കുന്നതോടെ രോഗികളുടെ എണ്ണം ഉയര്‍ന്ന തോതിലെത്തും. ഇന്നലെ പത്തൊമ്പതിനായിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായത്.
സ്വര്‍ണവില പവന് 560 രൂപ കൂടി
കേരളത്തില്‍ സ്വര്‍ണം പവന് ഒറ്റയടിക്ക് 560 രൂപ കൂടി. ഇന്ന് സ്വര്‍ണത്തിന് 35880 രൂപയാണ് വില. ഗ്രാമിന് 4485 രൂപയാണ് ഗ്രാമിന് വില. ഒരു പവന് കഴിഞ്ഞ ഒരാഴ്ചയില്‍ 2560 രൂപയാണ് കൂടിയിട്ടുള്ളത്.





കോവിഡ് അപ്‌ഡേറ്റ്‌സ്
കേരളത്തില്‍ ഇന്ന്
രോഗികള്‍: 22,414
മരണം: 22
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍: 15,616,130
മരണം : 182,553
ലോകത്തില്‍ ഇതുവരെ
രോഗികള്‍: 142,098,420
മരണം: 3,029,815




Related Articles
Next Story
Videos
Share it