ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 22, 2021
രാജ്യത്തെ പ്രതിരോധ കുത്തിവെയ്പില്‍ പങ്കാളിയാകാന്‍ താല്‍പര്യമുണ്ടെന്ന് ഫൈസര്‍
കോവിഡ് പ്രതിരോധ കുത്തിവെയ്പില്‍ ലാഭേച്ഛയില്ലാതെ പങ്കാളിയാകാന്‍ തങ്ങള്‍ തയ്യാറെന്ന് ഫൈസര്‍. അതേസമയം, എത്രവിലയ്ക്ക് വാക്സിന്‍ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വാക്സിന്റെ വിലസംബന്ധിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും ഫൈസര്‍ കമ്പനി വക്താവ് അറിയിച്ചു. സര്‍ക്കാരിന്റെ പ്രതിരോധ കുത്തിവെയ്പ് പദ്ധതിയില്‍ പങ്കാളിയാകുന്നതെക്കുറിച്ചു മാത്രമാണ് ആലോചിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഇതിനോടകം മൂന്നു വാക്‌സിനുകളാണ് രാജ്യത്ത് ഉപയോഗത്തിലുള്ളത്. ഫൈസര്‍ ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളിലാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്.
ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ഓക്‌സ്‌ഫോര്‍ഡ് റിപ്പോര്‍ട്ട്
ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് നാഷണല്‍ ഇന്റലിജന്റ്‌സ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട്. 2040 ഓടെ ആഗോള മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജി.ഡി.പി.) ഇന്ത്യയുടെ വിഹിതം ഗണ്യമായി ഉയരുമെന്നും ലോകത്തിലെ സാമ്പത്തിക ശക്തികളില്‍ മുന്നാം സ്ഥാനത്തെത്തുമെന്നും റിപ്പോര്‍ട്ട്. യു.എസ്. നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ടിന്റെ ഏഴാം പതിപ്പില്‍ പറയുന്നു. ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് നടത്തിയ പഠനത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 2020-ല്‍ ആഗോള ജി.ഡി.പി.യില്‍ ഇന്ത്യയുടെ വിഹിതം 3.1 ശതമാനമാണ്. 2040-ല്‍ ഇത് ഇരട്ടിയായി ഉയര്‍ന്ന് 6.1 ശതമാനമാകുമെന്നാണ് നിരീക്ഷണം. ആഗോള റാങ്കിംഗില്‍ കഴിഞ്ഞ വര്‍ഷം ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ, 2040-ല്‍ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. ആഗോള റാങ്കിംഗില്‍ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജിഡിപി വളര്‍ച്ചാ നിരക്ക് വീണ്ടും താഴ്ത്തി കെയര്‍ റേറ്റിംഗ്‌സ് പ്രവചനം
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ കൂടുതല്‍ മോശമായി ബാധിച്ചു കൊണ്ടിരിക്കേ 2021--22 ലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 10.2 ശതമാനമായി കുറഞ്ഞേക്കുമെന്ന് കെയര്‍ റേറ്റിംഗ്‌സ് പ്രവചനം. നേരത്തേ 10.7- 10.9 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രവചിച്ചിരുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഇത് നാലാം തവണയാണ് ഇതില്‍ തിരുത്തല്‍ വരുത്തുന്നത്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ സ്ഥിതിഗതികളില്‍ വന്‍ മാറ്റം സംഭവിച്ചുവെന്നും അതുകൊണ്ട് വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടാകുമെന്നും കെയര്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇലക്ട്രോണിക് സ്‌കൂട്ടര്‍ പുറത്തിറക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളില്‍ ഓല
നേരത്തെ വന്ന പ്രഖ്യാപനങ്ങള്‍ പോലെ ഓലയുടെ സബ്സിഡിയറിയായ 'ഓല ഇലക്ട്രിക്' രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഒരുലക്ഷം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍. 400 നഗരങ്ങളിലാണ് സ്‌റ്റേഷനുകള്‍ വരുക. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മറ്റ് വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. ജൂലൈയില്‍ പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തിറങ്ങുന്ന റിപ്പോര്‍ട്ടുകള്‍.
ആപ്പിളിനെ പിന്നിലാക്കി ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാമന്‍ സാംസംഗ്
ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസംഗ് വീണ്ടും ഒന്നാം സ്ഥാനം ഉറപ്പിച്ചു. 77 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റി അയയ്ക്കുകയും 23 ശതമാനം വിപണി വിഹിതം നേടുകയും ചെയ്താണ് സാംസംഗ് ഈ നേട്ടം കൈവരിച്ചത്. ആപ്പിളിനാണ് രണ്ടാം സ്ഥാനം. 57 ദശലക്ഷം യൂണിറ്റ് ഐഫോണുകള്‍ ആപ്പിള്‍ കയറ്റുമതി ചെയ്തു, 17 ശതമാനം വിപണി വിഹിതവുമായാണ് ആപ്പിള്‍ രണ്ടാം സ്ഥാനം നേടിയത്.
കോവിഡ് എമര്‍ജന്‍സികള്‍ക്ക് പ്രിയോരിറ്റി ഡെലിവറിയുമായി സൊമാറ്റോ
കോവിഡ് എമര്‍ജന്‍സിക്കായി പ്രിയോരിറ്റി ഡെലിവറി അവതരിപ്പിച്ച് സൊമാറ്റോ. ഏപ്രില്‍ 21 മുതല്‍ സൊമാറ്റോ ലഭ്യമായ നഗരങ്ങളില്‍ എമര്‍ജന്‍സികള്‍ക്ക് പ്രിയോരിറ്റി ഡെലിവറി സംവിധാനം പ്രവര്‍ത്തിക്കുന്നതായി സൊമാറ്റോ അറിയിച്ചു. ഇത്തരം ഭക്ഷണ പാക്കറ്റുകളില്‍ കോവിഡ് എമര്‍ജന്‍സി എന്ന് രേഖപ്പെടുത്തുകയും ചെയ്യും. കൊറോണ വൈറസ് ബാധിച്ച് ഒറ്റയ്ക്ക് താമസിക്കുകയും ക്വാറന്റീനില്‍ കഴിയുകയും ചെയ്യുന്നവര്‍ക്ക് ഏറെ സഹായകമാകുന്നതാണ് സൊമാറ്റോയുടെ പ്രഖ്യാപനം. പ്രത്യേക പരിരക്ഷയോടെയാകും ഈ ജീവനക്കാര്‍ പ്രവര്‍ത്തിക്കുക.
കാര്‍ഷിക വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് വന്‍ വളര്‍ച്ച
കാര്‍ഷിക വ്യാപാര മേഖലയില്‍ വളര്‍ച്ച കൈവരിച്ച് 2019-20 കാലയളവില്‍ ഇന്ത്യയുടെ കാര്‍ഷിക അനുബന്ധ കയറ്റുമതി 2.52 ലക്ഷം കോടി രൂപയും ഇറക്കുമതി 1.47 ലക്ഷം കോടി രൂപയുമാണ്. കാര്‍ഷിക അനുബന്ധ ചരക്കുകളുടെ കയറ്റുമതി 2020 ഏപ്രില്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 2.74 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.31 കോടി രൂപയായിരുന്നു.18.49 ശതമാനം വര്‍ധന രേഖപ്പെടുത്തി .
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു
കേരളത്തിലെ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയര്‍ന്നു. ഗ്രാമിന് 4510 രൂപയും പവന് 36080 രൂപയുമാണ് വില.
വാക്സിന്‍ രജിസ്ട്രേഷന്‍ ശനിയാഴ്ച മുതല്‍
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മെയ് ഒന്നുമുതല്‍ വാക്സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെ വാക്സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. ഇതിന് മുന്നോടിയായുള്ള രജിസ്ട്രേഷന്‍ ശനിയാഴ്ച മുതല്‍ തുടങ്ങും. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് പ്രകാരമായിരിക്കും വാക്സിന്‍ ലഭ്യമാകുക. ഏത് ദിവസമാണ് വാക്സിന്‍ സ്വീകരിക്കുന്നതെന്നും സ്വീകരിക്കേണ്ട കേന്ദ്രവും ഇതുവഴി സെലക്ട് ചെയ്യാവുന്നതാണ്.
ലോഹം, ധന ഓഹരികളുടെ കരുത്തില്‍ സൂചികകള്‍ ഉയര്‍ന്നു
മെറ്റല്‍, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കരുത്തില്‍ വിപണി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടു ദിവസത്തെ ഇടിവിന് ശേഷമാണ് സൂചികകള്‍ നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 374.87 പോയ്ന്റ് ഉയര്‍ന്ന് 48080.67 പോയ്ന്റിലും നിഫ്റ്റി 109.80 പോയ്ന്റ് ഉയര്‍ന്ന് 14406.20 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1737 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1128 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 159 ഓഹരികളുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ 16 എണ്ണത്തിന് ഇന്ന് നേട്ടമുണ്ടാക്കാനായി. 13.80 ശതമാനം നേട്ടവുമായി കേരള ആയുര്‍വേദ മുന്നിലെത്തിയപ്പോള്‍ 7.14 ശതമാനം നേട്ടവുമായി ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസും മികച്ച പ്രകടനം നടത്തി. വണ്ടര്‍ലാ ഹോളിഡേയ്സ് (2.69 ശതമാനം), എഫ്എസിടി (2.48 ശതമാനം), ഹാരിസണ്‍സ് മലയാളം (2.33 ശതമാനം), ധനലക്ഷ്മി ബാങ്ക് (2.26 ശതമാനം), ആസ്റ്റര്‍ ഡി എം (2.18 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള ഓഹരികളില്‍ പെടുന്നു.