ഇന്ന് നിങ്ങള്‍ അറിയേണ്ട ബിസിനസ് വാര്‍ത്തകള്‍

1. കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ്: കടുത്ത വിമര്‍ശനവുമായി രഘുറാം രാജനും വിരാള്‍ ആചാര്യയും

രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്ക് തുടങ്ങാനുള്ള അനുമതി നല്‍കണമെന്ന റിസര്‍വ് ബാങ്ക് ആഭ്യന്തര സമിതിയുടെ ശുപാര്‍ശയെ നിശിതമായി വിമര്‍ശിച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യയും. രഘുറാം രാജന്റെ ലിങ്ക്ഡ് ഇന്‍ ഹാന്‍ഡിലൂടെയാണ് ഇരുവരും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ''എന്തുകൊണ്ട് ഇപ്പോള്‍? കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് നല്‍കരുതെന്ന മുന്‍ തീരുമാനത്തെ മാറ്റാനുള്ള എന്ത് കാര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്? അങ്ങനെയൊന്നില്ലെങ്കില്‍, കാലങ്ങളായി തുടരുന്ന, ബാങ്കിംഗ് രംഗത്ത് കോര്‍പ്പറേറ്റ് ഇടപെടല്‍ കുറയ്ക്കുന്ന നിലപാടില്‍ തുടരുകയല്ലേ വേണ്ടത്?,'' ഇരുവരും പ്രസ്താവനയില്‍ ചോദിക്കുന്നു.

വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് നല്‍കുന്നതോടെ അത്തരം ഗ്രൂപ്പുകളുടെ കൈകളില്‍ സാമ്പത്തിക ശക്തി കൂടി കേന്ദ്രീകരിക്കപ്പെടും. വ്യവസായ ഗ്രൂപ്പുകള്‍ക്ക് വായ്പ ആവശ്യമായി വരുമ്പോള്‍ ആരോടും ചോദിക്കാതെ വന്‍തോതില്‍ അത് സ്വന്തം ബാങ്കില്‍ നിന്നെടുക്കും. ഇന്ത്യയില്‍ ബാങ്കുകള്‍ തകരാന്‍ അനുവദിക്കുക പോലുമില്ലെന്ന് പറയാം. നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കൂടിയാണിത്. എന്നാല്‍ വ്യവസായ ഗ്രൂപ്പുകള്‍ ബാങ്ക് തുടങ്ങിയാല്‍ കിട്ടാക്കടം കൂടുകയും ബാങ്കിംഗ് രംഗത്തിന് തന്നെ അത് പ്രശ്‌നമാവുകയും ചെയ്യുമെന്ന് ഇരുവരും പറയുന്നു. ഐഎല്‍എഫ്എസ്, യെസ് ബാങ്ക് തകര്‍ച്ചയില്‍ നിന്നൊന്നും കാര്യങ്ങള്‍ പഠിച്ചില്ലേയെന്ന് ഇരുവരും ചോദിക്കുന്നു. പേയ്‌മെന്റ് ബാങ്കുകള്‍ക്ക് സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി മാറാനുള്ള സമയപരിധി കുറച്ചതിലും ഇരുവരും അത്ഭുതം പ്രകടിപ്പിക്കുന്നുണ്ട്.

2. എന്‍ബിഎഫ്‌സികള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ്: സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുമെന്ന് എസ്&പി

പത്തുവര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയവും മികച്ച സാമ്പത്തിക അടിത്തറയുമുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് നല്‍കാമെന്ന റിസര്‍വ് ബാങ്ക് ആഭ്യന്തര സമിതിയുടെ ശുപാര്‍ശ സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പൂവേഴ്‌സ് ഗ്ലോബല്‍ റേറ്റിംഗ്‌സ്. എന്നാല്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് നല്‍കാനുള്ള ശുപാര്‍ശയില്‍ എസ് & പി ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

3. കോവിഡ് വാക്‌സിന്‍ അങ്ങേയറ്റം ഫലപ്രദം: ആസ്ട്രസെനെക

കോവിഡ് തടയാന്‍ അങ്ങേയറ്റം ഫലപ്രദമാണ് തങ്ങളുടെ വാക്‌സിന്‍ എന്ന് ആസ്ട്രസെനെക. ഓഫ്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ആസ്ട്രസെനെക വികസിപ്പിച്ചെടുത്ത വാക്‌സിന്‍ കൊറോണ വൈറസില്‍ നിന്ന് 70 ശതമാനത്തോളം സംരംക്ഷണം നല്‍കുന്നുവെന്ന് പഠനങ്ങളില്‍ നിന്ന് തെളിഞ്ഞുവെന്ന് അവര്‍ പറയുന്നു. രണ്ട് ഫുള്‍ ഡോസ് വാക്‌സിന്‍ നല്‍കിയാല്‍ കൊറോണ വൈറസില്‍ നിന്നുള്ള സംരംക്ഷണം 90 ശതമാനം വരെ ഉയരുമെന്ന് ആസ്ട്രാസെനെക മുഖ്യ റിസര്‍ച്ചര്‍ പറയുന്നു.

4. 30 ശതമാനം ആപ്പ് കമ്മീഷന്‍: നടപ്പാക്കുന്ന തീയതി നീട്ടി ഗൂഗ്ള്‍

ഡെവലപ്പര്‍മാരില്‍ നിന്നുള്ള കടുത്ത വിയോജിപ്പിനെ തുടര്‍ന്ന്, ആപ്പ് ഡെവലപ്പര്‍മാരില്‍ നിന്ന് 30 ശതമാനം കമ്മിഷന്‍ ഈടാക്കാനുള്ള തീരുമാനം നടപ്പാക്കാനുള്ള നീക്കം ഗൂഗ്ള്‍ ദീര്‍ഘിപ്പിച്ചു. അടുത്ത ജനുവരി മുതല്‍ ഇത് നടപ്പാക്കാനായിരുന്നു തീരുമാനം. അടുത്ത വര്‍ഷം സെപ്തംബര്‍ മുതലേ ഇത് നടപ്പാക്കൂ എന്ന് ഗൂഗ്ള്‍ ഇന്ന് വ്യക്തമാക്കി. ആപ്പ് സ്റ്റോറിലുള്ള ഡെവലപ്പര്‍മാരില്‍ നിന്ന് സ്റ്റാര്‍ഡേര്‍ഡ് കമ്മിഷന്‍ 30 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കാന്‍ ആപ്പിള്‍ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. ദക്ഷിണ കൊറിയന്‍ മൊബീല്‍ ആപ്പ് ഡെവലപ്പര്‍മാരില്‍ നിന്നുള്ള കടുത്ത വിയോജിപ്പിനെ തുടര്‍ന്നാണ് ഗൂഗ്ല്‍ തീരുമാനം നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതെന്നും സൂചനയുണ്ട്.

5. കോവിഡ് പ്രതിസന്ധി തൊഴില്‍ കൂടുതല്‍ നല്‍കുന്ന വികസനത്തിനുള്ള അവസരമാക്കി: സിഇഎ

കേന്ദ്ര സര്‍ക്കാര്‍ കോവിഡ് പ്രതിസന്ധി, കൂടുതല്‍ തൊഴിലുകള്‍ നല്‍കുന്ന വികസന കാഴ്ചപ്പാട് കൊണ്ടുവരുന്നതിനുള്ള അവസരമാക്കിയതായി ചീഫ് ഇക്കണോമിക് അഡൈ്വസര്‍ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. മുന്‍കാലങ്ങളില്‍ നിന്നുള്ള തൊഴിലുകള്‍ കൂടുതല്‍ സൃഷ്ടിക്കാതെയുള്ള വളര്‍ച്ചാ ശൈലിയില്‍ നിന്നുള്ള മാറ്റമാണ് സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍, എംഎസ്എംഇ നിര്‍വചനത്തിലെ മാറ്റങ്ങള്‍, പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീം, തൊഴില്‍ ചട്ട പരിഷ്‌കരണം തുടങ്ങിവയ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുക എന്ന തത്വത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് അദ്ദേഹം പറഞ്ഞു. സിഐഐ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

6. 1,100 കോടിയുടെ ഗ്രീന്‍ ബോണ്ടിന് അനുമതി തേടി കിഫ്ബി

1,100 കോടിയുടെ ഗ്രീന്‍ ബോണ്ടിറക്കാന്‍ കിഫ്ബി റിസര്‍വ് ബാങ്കിന്റെ അനുമതി തേടി. പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കാണ് ഗ്രീന്‍ ബോണ്ടിറക്കുന്നത്. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നാണ് വായ്പയെടുക്കാനാണ് ശ്രമം. 30 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് വായ്പയുടെ ഘടന.

7. സൂചികകള്‍ നേട്ടം തുടരുന്നു; സെന്‍സെക്‌സ് 44000ത്തിന് മുകളില്‍

ഐടി, ഫാര്‍മ, മെറ്റല്‍ ഓഹരികളുടെ കരുത്തില്‍ വിപണി സൂചികകള്‍ റിക്കാര്‍ഡുകള്‍ പിന്നിട്ടു. വ്യാപാരത്തിനിടെ സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരങ്ങള്‍ താണ്ടി.

സെന്‍സെക്‌സ് 194.90 പോയ്ന്റ് ഉയര്‍ന്ന് 44,077.15 ലും നിഫ്റ്റി 67.50 പോയ്ന്റ് ഉയര്‍ന്ന് 12,926.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1683 ഓഹരികള്‍ നേട്ടത്തിലും 1149 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ പിടിയിലകപ്പെട്ടു.

ഗെയ്ല്‍, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, വിപ്രോ, റിലയന്‍സ്, ഭാരത് പെട്രോളിയം, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഓഹരികള്‍ 2.5 ശതമാനത്തിനും 4 ശതമാനത്തിനുമിടയില്‍ നേട്ടം രേഖപ്പെടുത്തി.

എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ ലൈഫ്, ടൈറ്റന്‍, എസ്ബിഐ, മഹീന്ദ്ര & മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, എല്‍ & ടി എന്നിവയാണ് നഷ്ടമുണ്ടാക്കിയ മുഖ്യ ഓഹരികള്‍.

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില തുടര്‍ച്ചയായി നാലാമത്തെ ദിവസവും താഴേക്കു പോയി. ഇന്ന് 10 ശതമാനം താഴ്ന്ന് 8.10 രൂപയായി. മുഖവിലയായ 10 രൂപയേക്കാള്‍ താഴെയാണ് ഓഹരി വ്യാപാരം നടത്തുന്നത്. മോറട്ടോറിയം പ്രഖ്യാപിച്ച ശേഷം 48 ശതമാനമാണ് ഓഹരിയുടെ വിലയിടിഞ്ഞത്.

കേരള കമ്പനി ഓഹരികളുടെ പ്രകടനം

ഒരു ഡസണിലധികം കേരള കമ്പനി ഓഹരികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു. ബാങ്ക് ഓഹരികളില്‍ സിഎസ്ബി ബാങ്കും ഫെഡറല്‍ ബാങ്കും നഷ്ടം രേഖപ്പെടുത്തി.

എന്‍ബിഎഫ്‌സികളില്‍ മണപ്പുറം ഫിനാന്‍സ് ഓഹരി വില മാത്രമാണ് ഉയര്‍ന്നത്.

ഏവിറ്റി, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ് യാര്‍ഡ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, എഫ്എസിടി, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, കിറ്റെക്‌സ്, കെഎസ്ഇ, പാറ്റ്‌സ്പിന്‍, റബ്ഫില, വി-ഗാര്‍ഡ് എന്നിവയാണ് വില ഉയര്‍ന്ന മറ്റ് ഓഹരികള്‍.


കമ്മോഡിറ്റി വിലകള്‍ (നവംബര്‍ 23)

കുരുമുളക് (രൂപ/കി.ഗ്രാം)

ഗാര്‍ബ്ള്‍ഡ്: 350

അണ്‍ഗാര്‍ബ്ള്‍ഡ് : 330

ഏലം : 1625.90

റബ്ബര്‍ Kottayam (100kg)

ഗ്രേഡ് 4 15,700

ഗ്രേഡ് 5 15,100

റബ്ബര്‍ Kochi (100kg)

ഗ്രേഡ് 4 15,700

ഗ്രേഡ് 5 15,100




കോവിഡ് അപ്‌ഡേറ്റ്‌സ് (23- 11 - 2020)

കേരളത്തില്‍ ഇന്ന് :

രോഗികള്‍: 3,757

മരണം : 22

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 9,139,865

മരണം : 133,738

ലോകത്ത് ഇതുവരെ:

രോഗികള്‍: 58,649,324

മരണം : 1,388,068


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it