ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 26, 2021

ലോക്ഡൗണ്‍ ഇപ്പോള്‍ ഇല്ല, സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കോവിഡ് ലോക്ഡൗണ്‍ ഇല്ല, സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനം ആശങ്കാ ജനകമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും കര്‍ശനമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേര്‍ന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന ഏകാഭിപ്രായമാണ് യോഗത്തിലുണ്ടായത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും യോഗം പൂര്‍ണ പിന്തുണ അറിയിച്ചു എന്നത് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇറക്കുമതി, കയറ്റുമതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഹെല്‍പ് ഡെസ്‌കുമായി സര്‍ക്കാര്‍
വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സര്‍ക്കാര്‍ ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചു. കയറ്റുമതി, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട ലൈസന്‍സിംഗ് പ്രശ്‌നങ്ങള്‍, കസ്റ്റംസ് ക്ലിയറന്‍സില്‍ ഉണ്ടാകുന്ന കാല താമസം, ഡോക്കുമെന്റേഷനിലെ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്റ്റി) പരിശോധിക്കും. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യാപാര സംബന്ധിയായ പ്രശ്‌നങ്ങളുടെ വിവരങ്ങള്‍ ഹെല്‍പ് ഡെസ്‌ക് ശേഖരിക്കുകയും, ആവശ്യമായ പിന്തുണ ഉറപ്പാക്കിക്കൊണ്ട് സാധ്യമായ പരിഹാരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമെന്ന് ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇനിയും കുറയുമെന്ന് മുന്‍ ഫിനാന്‍സ് സെക്രട്ടറി
കോവിഡ് ലോക്ക്ഡൗണുകള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 10 ശതമാനത്തില്‍ താഴെയാക്കുമെന്ന് മുന്‍ ധനകാര്യ സെക്രട്ടറി എസ് സി ഗാര്‍ഗ്. ഈ മാസം ആദ്യം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 2021 ല്‍ രാജ്യത്തിന് 12.5 ശതമാനം വളര്‍ച്ചാ നിരക്ക് ഉണ്ടായേക്കുമെന്ന് രേഖപ്പെടുത്തിയിരുന്നു. പിന്നീട് സാമ്പത്തിക സര്‍വേയില്‍ 11 ശതമാനം വളര്‍ച്ചാ നിരക്കായി ഇത് രേഖപ്പെടുത്തിയിരുന്നു. കൂടാതെ റിസര്‍വ് ബാങ്ക് വളര്‍ച്ചാ പ്രവചനം 10.5 ശതമാനമായി നിലനിര്‍ത്തിയിരുന്നു. റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് സാമ്പത്തിക വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ 26.2 ശതമാനം, രണ്ടാം പാദത്തില്‍ 8.3 ശതമാനം, മൂന്നാം പാദത്തില്‍ 5.4 ശതമാനം, നാലാം പാദത്തില്‍ 6.2 ശതമാനം എന്നിങ്ങനെയാണ്.
റിലയന്‍സും ബിപിയും ചേര്‍ന്ന് ആന്ധ്രയില്‍ പ്രകൃതി വാതക ഖനനം തുടങ്ങി
ആന്ധയില്‍ നിന്നുള്ള പ്രകൃതി വാതക ഖനനം നേരത്തെ തന്നെ ഒപ്പിട്ടതുപോലെ റിലയന്‍സും ബ്രിട്ടീഷ് പെട്രോളിയവും (ബി.പി) ചേര്‍ന്ന് ആരംഭിച്ചു. കോവിഡ് വ്യാപനം മൂലം 2021 ജൂണോടെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നേരത്തെ തന്നെ ഉല്‍പ്പാദനം തുടങ്ങാനായതായി ഇരുകമ്പനികളും പ്രസ്താവനയില്‍ അറിയിച്ചു. ആന്ധ്രയിലെ കാക്കിനടയില്‍ കടലില്‍ 1,850 മീറ്റര്‍ ആഴത്തില്‍നിന്നാണ് ഖനനംനടക്കുന്നത്. ഗ്യാസ് ഫീല്‍ഡിലെ നാല് റിസര്‍വോയറില്‍നിന്നാണ് ഇപ്പോള്‍ വാതകം ഉത്പാദിപ്പിക്കുന്നത്. 2022 മധ്യത്തോടെ മൂന്നാമതൊരു ബ്ലോക്കില്‍നിന്നകൂടി വാതക ഉത്പാദനം തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനികള്‍ അറിയിച്ചു.
യൂണികോണ്‍ കമ്പനികളായി മാറി ഇന്ത്യയിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍
ഗ്രോ, മീഷോ, ഷെയര്‍ ചാറ്റ്, എപിഐ എന്നീ സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് നിക്ഷേപം വാരിക്കൂട്ടി ഇന്ത്യയിലെ യൂണികോണ്‍ ലിസ്റ്റില്‍ കയറിക്കൂടിയത്. അടുത്ത കാലത്തായി നടന്ന ധനസമാഹരണത്തിലൂടെ ഈ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഒരു ബില്യണ്‍ ഡോളറിന് മുകളിലേക്ക് (7,450 കോടി രൂപ) മൂല്യം ഉയര്‍ത്തി. സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട് 2 ന്റെ നേതൃത്വത്തില്‍ 300 മില്യണ്‍ ഡോളര്‍ പുതിയ ഫണ്ട് സ്വരൂപിച്ചതായി ഇന്ത്യയിലെ പ്രമുഖ സോഷ്യല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോയെ അറിയിച്ചു. കമ്പനിക്ക് 2.1 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്നു.
മൊബൈല്‍ എടിഎമ്മുമായി എച്ച്ഡിഎഫ്സി ബാങ്ക്
കോവിഡ് പ്രതിസന്ധിയില്‍ പുറത്തിറങ്ങാനാകാതെ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കളെ സഹായിക്കാനായി മൊബൈല്‍ എടിഎമ്മുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. രാജ്യത്തെ 19 നഗരങ്ങളില്‍ ഇത്തരത്തില്‍ എടിഎമ്മുകള്‍ സ്ഥാപിച്ചതായി ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ ഈ നഗരങ്ങളിലെ എച്ച്ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാനായി എടിഎമ്മുകള്‍ തേടി അലയേണ്ടി വരില്ല. 15 വിവിധ തരം ഇടപാടുകള്‍ ഇതുവഴി നടത്താനാവും. ഒരു ദിവസം 3-4 സ്റ്റോപ്പുകളിലായി ഈ എടിഎം സേവനം ലഭ്യമാക്കുമെന്നാണ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.
ടാറ്റയ്ക്ക് എതിരെ നിയമപോരാട്ടം തുടരാന്‍ മിസ്ട്രി കുടുംബം
ടാറ്റാ ഗ്രൂപ്പിന് അനുകൂലമായി പ്രസ്താവിച്ച വിധിയെ ചോദ്യം ചെയ്ത് എസ്പി ഗ്രൂപ്പ് സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചു. എസ്പി ഗ്രൂപ്പിന്റെ സൈറസ് മിസ്ട്രിയെ ടാറ്റ സണ്‍സ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെത്തുടര്‍ന്നാണ് എസ്പി ഗ്രൂപ്പും ടാറ്റാ ഗ്രൂപ്പും തമ്മിലുളള തര്‍ക്കങ്ങള്‍ ആരംഭിച്ചത്. മുന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച്, മിസ്ട്രിയെ നീക്കം ചെയ്ത നടപടിയില്‍ നിയമപരമായി തെറ്റില്ലെന്ന് വിധിച്ചു. ടാറ്റാ സണ്‍സിലെ ന്യൂനപക്ഷ ഓഹരി ഉടമയായ എസ്പി ഗ്രൂപ്പിന് ബോര്‍ഡ് സീറ്റ് തേടാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഈ വര്‍ഷം അവസാനത്തോടെ കോവിഡിനുള്ള ഗുളിക പുറത്തിറക്കാന്‍ കഴിഞ്ഞേക്കുമെന്ന് ഫൈസര്‍
ലോകത്തെ തന്നെ ആശങ്കയിലാഴ്ത്തിയ കോവിഡില്‍നിന്ന് രക്ഷ നേടാന്‍ വാക്സിന് പകരം ഗുളിക പുറത്തിറക്കാനൊരുങ്ങി ഫൈസര്‍. ഈ വര്‍ഷാവസാനത്തോടെ കോവിഡിനെതിരായ ഗുളിക പുറത്തിറക്കാനാകുമെന്നാണ് അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ പ്രതീക്ഷിക്കുന്നത്. അതിനായുള്ള തീവ്ര പരീക്ഷണത്തിലാണ് കമ്പനി. അമേരിക്കയിലയും ബെല്‍ജിയത്തിലെയും നിര്‍മാണ യൂനിറ്റുകളിലാണ് ഗുളിക വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണം നടക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ വലിയൊരു വിപ്ലവം തന്നെയായിരിക്കും മെഡിക്കല്‍ രംഗത്തുണ്ടാവുക.
ബാറുകളും മദ്യവില്‍പനശാലകളും ഇന്നു മുതല്‍ അടയ്ക്കുമെന്ന് എക്‌സൈസ് വകുപ്പ്
ബാറുകളും മദ്യവില്‍പനശാലകളും ഇന്നു രാത്രി മുതല്‍ താല്‍ക്കാലികമായി അടയ്ക്കുമെന്ന് എക്‌സൈസ് വകുപ്പ്. കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാ തിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിം, ക്ലബ്ബ്, സ്‌പോര്‍ട് കോംപ്ലക്‌സ്, നീന്തല്‍കുളം, വിനോദപാര്‍ക്ക്, ബാറുകള്‍, വിദേശ മദ്യശാലകള്‍ എന്നിവയുടെപ്രവര്‍ത്തനം തല്‍ക്കാലികമായി അടയ്ക്കും.
കോവിഡിനിടയിലും നേട്ടമുണ്ടാക്കി ഓഹരി സൂചികകള്‍
കോവിഡ് വ്യാപനത്തിനിടയിലും നേട്ടമുണ്ടാക്കി ഓഹരി വിപണി. മെറ്റല്‍, ബാങ്കിംഗ് ഓഹരികളുടെ കരുത്തിലായിരുന്നു ഇന്ന് വിപണി കുതിച്ചത്. സെന്‍സെക്സ് 508.06 പോയ്ന്റ് ഉയര്‍ന്ന് 48386.51 പോയ്ന്റിലും നിഫ്റ്റി 143.60 പോയ്ന്റ് ഉയര്‍ന്ന് 14485 പോയ്ന്റിലും ക്ലോസ് ചെയ്തു. 1841 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1094 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 216 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ആക്സിസ് ബാങ്ക്, അള്‍ട്രാ ടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ സിപ്ല, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, എച്ച് സി എല്‍ ടെക്നോളജീസ്, ബി പി സി എല്‍, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
കേരള ഓഹരികളുടെ പ്രകടനം
കേരള ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. റബ്ഫില ഇന്റര്‍നാഷണല്‍ (7.35 ശതമാനം), എവിറ്റി നാച്വറല്‍ (7.18 ശതമാനം), കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ (6.56 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (4.37 ശതമാനം), ഹാരിസണ്‍സ് മലയാളം (3.10 ശതമാനം), ഫെഡറല്‍ ബാങ്ക് (2.64 ശതമാനം), നിറ്റ ജലാറ്റിന്‍ (2.64 ശതമാനം) തുടങ്ങി 17 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അതേസമയം ഇന്‍ഡിട്രേഡ്, പാറ്റ്സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, വണ്ടര്‍ലാ ഹോളിഡേയ്സ്, കേരള ആയുര്‍വേദ, കല്യാണ്‍ ജൂവലേഴസ്്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 12 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.



കോവിഡ് അപ്‌ഡേറ്റ്‌സ് ഏപ്രില്‍ 26

കേരളത്തില്‍ ഇന്ന്

രോഗികള്‍: 21890

മരണം: 28

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 17,313,163

മരണം:195,123​

ലോകത്തില്‍ ഇതുവരെ

രോഗികള്‍:146,836,524

മരണം: 3,106,435



Related Articles
Next Story
Videos
Share it