Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 27, 2021
പുതിയ ഐടി നിയമങ്ങള്‍ അംഗീകരിക്കുന്നതായി ഗൂഗ്ള്‍
മെയ് 26 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ മീഡിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഗൂഗ്ള്‍ സന്നദ്ധമാണെന്ന് സുന്ദര്‍ പിച്ചൈ പ്രസ്താവനയില്‍ അറിയിച്ചു. രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും നിയമനിര്‍മ്മാണ പ്രക്രിയയെയും ബഹുമാനിക്കുന്നുവെന്ന് പിച്ചൈ തന്റെ പ്രസ്താവനകളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമസംഹിതയുമായി പൊരുത്തപ്പെടുത്താനും പ്രവര്‍ത്തിക്കാനും ഗൂഗ്ള്‍ കഠിനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ ചട്ടക്കൂടിനൊപ്പം ഗൂഗിള്‍ ഇന്ത്യയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് പിച്ചൈ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ കമ്പനികള്‍ ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറത്തുവിട്ടില്ലില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഓയ്ക്ക് പേടിഎം പദ്ധതി ഇടുന്നതായി റിപ്പോര്‍ട്ട്
ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് ദാതാവ്, ഈ വര്‍ഷം അവസാനത്തോടെ പ്രാരംഭ പബ്ലിക് ഓഫറിംഗില്‍ (ഐപിഒ) നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഏകദേശം 21,800 കോടി രൂപ (3 ബില്യണ്‍ ഡോളര്‍) ആണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതെന്നും ഡീലിനെക്കുറിച്ച് പരിചയമുള്ള ഒരു വ്യക്തി പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്. വാര്‍ത്ത ശരിയായി വന്നാല്‍ രാജ്യത്തെ എക്കാലത്തെയും വലിയ ഐപിഓ ആകും ഇത്.
ആറ് ലക്ഷംകോടി കടന്ന് പെന്‍ഷന്‍ പദ്ധതികളിലെ മൊത്തം നിക്ഷേപം
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ആറ് ലക്ഷം കോടി രൂപ മറികടന്നതായി റിപ്പോര്‍ട്ട്. എന്‍പിഎസ് തുടങ്ങി 13 വര്‍ഷത്തിനുശേഷമാണ് ഈ നേട്ടം. ഒരു ലക്ഷംകോടി രൂപയുടെ വര്‍ധനവാണ് ഇക്കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ ഉണ്ടായത്. 2021 മെയ് 21ലെ കണക്കുപ്രകാരം എന്‍പിഎസ്, അടല്‍ പെന്‍ഷന്‍ യോജന എന്നിവയിലെ നിക്ഷേപകരുടെ എണ്ണം 4.28 കോടിയിലധികമായിരുന്നു. മൊത്തം ആസ്തി 6,03,667.02 കോടി രൂപയുമായി ഉയര്‍ന്നതായി ധനമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
ജിഎസ്ടി കൗണ്‍സില്‍ യോഗം നാളെ നടക്കും
ജിഎസ്ടി കൗണ്‍സില്‍ യോഗം നാളെ നടക്കും(28 ന് ). ഏഴ് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് യോഗം നാളെ ചേരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു ഇടവേള വന്നത്. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനോട് യോഗം ചേരാന്‍ ആവശ്യപ്പെട്ടതോടെയാണ് ഇപ്പോള്‍ യോഗം വിളിച്ചിരിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരത്തുകയിലെ കുറവും കടംവാങ്ങല്‍ പരിധിയും നികുതിയിളവുമെല്ലാം ഈ യോഗത്തില്‍ ചര്‍ച്ചയായേക്കും.
വാഹനങ്ങളുടെ വാറന്റി കാലാവധി രണ്ട് മാസത്തേക്ക് നീട്ടി ട്രയംഫ്
ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് തങ്ങളുടെ വാഹനങ്ങളുടെ വാറന്റി കാലാവധി രണ്ട് മാസത്തേക്ക് നീട്ടി. കൊവിഡ് വ്യാപനവും ലോക്ക്ഡൗണും: വാഹനങ്ങളുടെ വാറന്റി കാലാവധി രണ്ട് മാസത്തേക്ക് നീട്ടി ട്രയംഫ്. നേരത്തെ പിയാജിയോ, ബെന്‍ല്ലി, സുസുക്കി, കെടിഎം, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, എച്ച്എംഎസ്ഐ, ടിവിഎസ്, യമഹ തുടങ്ങിയ കമ്പനികള്‍ സമാനമായി വാറന്റി കാലാവധി നീട്ടിയതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രയംഫിന്റെ തീരുമാനം.
ഐഇഡിസികള്‍ക്ക് ഇന്‍കുബേഷന്‍ ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു
ഇന്‍കുബേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാനത്തെ കോളേജുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇനോവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്റ് സെന്ററുകളില്‍(ഐഇഡിസി) നിന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സാങ്കേതിക മേഖലയെ കൂടുതല്‍ ത്വരിത പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ പദ്ധതി. സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഐഡിസികള്‍ക്കാണ് ഇന്‍കുബേഷന്‍ സെന്ററായി മാറ്റുന്നതിന് അപേക്ഷ സമര്‍പ്പിക്കാനര്‍ഹതയുള്ളത്. https://bit.ly/3upH9AL എന്ന വെബ്‌സൈറ്റ് വഴി ഐഇഡിസികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പ്രൊപോസല്‍ രേഖ അയക്കേണ്ടത് https://bit.ly/3uxej1v എന്ന ലിങ്ക് വഴിയാണ്.
രാജ്യത്ത് ഇന്ധനവില ഇന്നും ഉയര്‍ന്നു
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 96 രൂപയായി. ഒരു മാസത്തിനിടെ ഇത് പതിനാലാം തവണയാണ് വില കൂട്ടുന്നത്.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപകുറഞ്ഞ് 4590 രൂപയുമായി. കഴിഞ്ഞ ദിവസം പവന്റെ വില 36,480 രൂപയില്‍നിന്ന് 36,880 രൂപയായിരുന്നു. ഇന്ന് 160 രൂപ കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് സ്വര്‍ണം താഴേക്ക് പോയത്.
ഐറ്റി, ധനകാര്യ ഓഹരികള്‍ കരുത്തായി, നേരിയ നേട്ടത്തോടെ ഓഹരി വിപണി
ഐറ്റി, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കരുത്തില്‍ നേരിയ നേട്ടമുണ്ടാക്കി ഓഹരി വിപണി. സെന്‍സെക്സ് 97.70 പോയ്ന്റ് ഉയര്‍ന്ന് 51115 പോയ്ന്റിലും നിഫ്റ്റ് 36.40 പോയ്ന്റ് ഉയര്‍ന്ന് 15337.90 പോയ്ന്റിലും ക്ലോസ് ചെയ്തു. 1657 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1314 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 121 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ശ്രീ സിമന്റ്സ്, എസ്ബിഐ, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ എച്ച്ഡിഎഫ്സി, ഒഎന്‍ജിസി, ഐഒസി, ബജാജ് ഫിനാന്‍സ്, എച്ച് യു എല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. ഫാര്‍മ, എനര്‍ജി സൂചികകള്‍ ഒഴികെ ബാക്കിയെല്ലാം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 11 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 5.20 ശതമാനം നേട്ടമുണ്ടാക്കി. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.04 ശതമാനം), ആസ്റ്റര്‍ ഡി എം (മൂന്ന് ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ ( 2.46 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (1.42 ശതമാനം), ഫെഡറല്‍ ബാങ്ക് (1.21 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.
Gold & Silver Price Today
സ്വര്‍ണം : 4590, ഇന്നലെ :4610
വെള്ളി : 71.40, ഇന്നലെ :72.70
കോവിഡ് അപ്‌ഡേറ്റ്‌സ് - May 27, 2021
കേരളത്തില്‍ ഇന്ന്
രോഗികള്‍: 24166
മരണം:181
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ :27,369,093
മരണം:315,235
ലോകത്തില്‍ ഇതുവരെ
രോഗികള്‍:168,197,107
മരണം:3,494,593
Next Story
Videos