Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 29, 2021
കോവാക്‌സിന് 600 രൂപയില്‍ നിന്ന് 400 രൂപയാക്കി ഭാരത് ബയോടെക്
കോവാക്‌സിന് 600 രൂപയില്‍ നിന്നും 400 രൂപയായി കുറച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബുധനാഴ്ച 'കോവിഷീല്‍ഡ്' വില ഒരു ഡോസിന് 300 രൂപയായി കുറച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഭാരത് ബയോടെക്കിന്റെയും നടപടി. ഈ രണ്ട് വാക്‌സിനുകളുമാണ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമായുള്ളത്. റഷ്യയുടെ സ്പുട്‌നിക് 5 ന് അനുമതി ഉണ്ടെങ്കിലും അടുത്തമാസത്തോടെ രാജ്യത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് മെയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണം
കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ അടുത്ത ആഴ്ച കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ടിവി സീരിയല്‍ ഷൂട്ടിങ് നിര്‍ത്തിവയ്ക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ 2 മീറ്റര്‍ അകലം പാലിച്ച് കച്ചവടം നടത്തണം. ഇവര്‍ രണ്ടു മാസ്‌ക് ധരിക്കുകയും വേണം. വീട്ടു സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ കച്ചവടക്കാര്‍ മുന്‍ഗണന നല്‍കണം. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് വാട്‌സ്ആപ്പില്‍ നല്‍കിയാല്‍ എത്തിക്കാന്‍ ഡെലിവറി സംവിധാനം ഒരുക്കണം.
ബിഗ്ബാസ്‌കറ്റിന്റെ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കാന്‍ ടാറ്റയ്ക്ക് അനുമതി
ടാറ്റ ഡിജിറ്റലിലേക്കുള്ള ബിഗ് ബാസ്‌കറ്റിന്റെ 64% ഓഹരി വില്‍പ്പനയ്ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ (സിസിഐ) അനുമതി. ഇതോടെ ടാറ്റയ്ക്ക് ആഗോള ഗ്രോസറി ഭീമന്‍ ബിഗ്ബാസ്‌കറ്റിന്റെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കാം. പ്രാഥമിക ദ്വിതീയ ഓഹരി ഇടപാടിലൂടെയായിരിക്കും ഓഹരികള്‍ സ്വന്തമാക്കുക.
ബജാജ് ഓട്ടോ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് രാഹുല്‍ ബജാജ്; പകരം നീരജ് ബജാജ്
ബജാജ് ഓട്ടോ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് രാഹുല്‍ ബജാജ്. പകരം നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ആയിരുന്ന നീരജ് ബജാജ് ചെയര്‍മാനായി ചുമതലയേല്‍ക്കും. മെയ് ഒന്നു മുതലാകും മാറ്റം. 1972 മുതല്‍ കമ്പനിയുടെ ചെയര്‍മാനായിരുന്ന രാഹുല്‍ ബജാജ് മെയ് 1, 2021 മുതല്‍ അഞ്ച് വര്‍ഷക്കാലത്തേക്ക് ചെയര്‍മാന്‍ എമരിറ്റസായി തുടരുമെന്നും കമ്പനി എക്‌സ്‌ചേഞ്ച് ബോര്‍ഡിനെ അറിയിച്ചു. പ്രായാധിക്യം കൊണ്ടാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്നും കമ്പനി വിശദമാക്കി.
വ്യാപാരികള്‍ക്കായി കോണ്‍ടാക്റ്റ്‌ലെസ് ബാങ്കിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ച് ഐസിഐസിഐ
രാജ്യത്തെ റീറ്റെയ്ല്‍ വ്യാപാരികള്‍ക്കായി ക്യൂറേറ്റ് ചെയ്ത ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളുടെ ഒരു കൂട്ടമായ മര്‍ച്ചന്റ് സ്റ്റാക്ക് ആരംഭിക്കുമെന്ന് ഐസിഐസിഐ ബാങ്ക് വ്യാഴാഴ്ച പ്രഖ്യാപിച്ചു. പലചരക്ക് വ്യാപാരികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വലിയ റീറ്റെയില്‍ സ്റ്റോര്‍ ശൃംഖലകള്‍, ഓണ്‍ലൈന്‍ ബിസിനസുകള്‍, വലിയ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവരുടെ ബാങ്കിംഗ് ആവശ്യകതകള്‍ നിറവേറ്റാന്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താം. ഈ പകര്‍ച്ചവ്യാധിയുടെ കാലഘട്ടത്തില്‍ നേരിട്ടുള്ള പണമിടപാടുകള്‍ ഒഴിവാക്കാനുള്ള സുരക്ഷിത മാര്‍ഗത്തിനാണ് 'ബിസിനസ്സ് വിത്ത് കെയര്‍' എന്ന പോളിസിയിലൂടെ പുതിയ സംരംഭം ആരംഭിച്ചിട്ടുള്ളതെന്ന് ബാങ്ക് അറിയിച്ചു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 11 ശതമാനം വളര്‍ച്ച നേടുമെന്ന് എഡിബി റിപ്പോര്‍ട്ട്
ഇന്ത്യയുടെ ജിഡിപി ഈ സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം വളര്‍ച്ച നേടുമെന്ന് എഡിബി റിപ്പോര്‍ട്ട്. വാക്‌സീനേഷന്‍ ദ്രുതഗതിയില്‍ നടക്കുന്നതില്‍ വലിയ പ്രതീക്ഷയിലാണ് സമ്പദ് വ്യവസ്ഥ. എന്നാല്‍, ഇപ്പോഴുണ്ടായിരിക്കുന്ന കൊവിഡ് രണ്ടാം തരംഗത്തിലെ കേസുകളിലെ വര്‍ധന ശക്തമായ വെല്ലുവിളി ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ ഏഷ്യന്‍ ഡവലപ്‌മെന്റ് ഔട്ട്‌ലുക്കിലാണ് ഇക്കാര്യം പറയുന്നത്. ഇപ്പോഴത്തെ സാമ്പത്തിക കാലാവസ്ഥ അനുസരിച്ച് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനം വളര്‍ച്ചയും ഇന്ത്യയുടെ ജിഡിപിയില്‍ ഉണ്ടാകും എന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.
പണമിടപാടുകള്‍ സുരക്ഷിതമാക്കാന്‍ 'സേഫ് പേ'യുമായി എയര്‍ടെല്‍
ഉപഭോക്താക്കളുടെ പണമിടപാടുകള്‍ ഏറ്റവും സുരക്ഷിതമായിരിക്കുവാനായി എയര്‍ടെല്‍ രാജ്യത്ത് ആദ്യമായി ''സേഫ് പേ'' സംവിധാനം അവതരിപ്പിച്ചു. ലളിതവും ഏറ്റവും സുരക്ഷിതവുമായ ഓണ്‍ലൈന്‍ പണമിടപാടാണിതെന്ന് എയര്‍ടെല്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ (ഇന്ത്യ, ദക്ഷിണേഷ്യ) ഗോപാല്‍ വിത്തല്‍ അറിയിച്ചു. ഓരോ ഇടപാടിലും അധിക സുരക്ഷ നല്‍കാന്‍ പ്രത്യേക സംവിധാനമുണ്ട്. ഇടപാട് നടത്തുമ്പോള്‍ ഉപഭോക്താവിന് നെറ്റ്വര്‍ക്ക് ഇന്റലിജന്‍സ് സന്ദേശം നല്‍കും. ഉപഭോക്താവിന്റെ സമ്മതം ലഭിച്ചാല്‍ മാത്രമേ പണം കൈമാറുകയുള്ളു. കൂടാതെ, പരമാവധി രണ്ടു ലക്ഷം രൂപവരെ ബാലന്‍സ് നിലനിര്‍ത്താമെന്നതിനാല്‍ എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്കിനെ സെക്കണ്ടറി അക്കൗണ്ടായും ഉപയോഗിക്കാം. ഈ അക്കൗണ്ടിനെ യുപിഐ ആപ്പുമായി ബന്ധിപ്പിക്കാമെന്നും വിത്തല്‍ കൂട്ടിചേര്‍ത്തു.
ഗുജറാത്തില്‍ ആയിരം കിടക്കകളുള്ള ആശുപത്രിയുമായി റിലയന്‍സ്
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് ശക്തിപകരാന്‍ റിലയന്‍സും രംഗത്തേക്ക്. ആയിരം കിടക്കകളുള്ള ആശുപത്രി ഗുജറാത്തിലെ ജാംനഗറില്‍ നിര്‍മ്മിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇവിടെ ഓക്‌സിജന്‍ ലഭ്യതയും കമ്പനി നേരിട്ട് ഉറപ്പാക്കും. ഇന്ന് രാവിലെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ ഫോണില്‍ വിളിച്ച് സഹായം ചോദിച്ചിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ കിടക്കകള്‍ ലഭ്യമാക്കാന്‍ സഹായിക്കണമെന്നായിരുന്നു ആവശ്യം. തൊട്ടുപിന്നാലെ വരുന്ന ഞായറാഴ്ചക്കുള്ളില്‍ 400 കിടക്കകള്‍ കൂടി ലഭ്യമാകുമെന്ന് വിജയ് രൂപാണി ട്വീറ്റ് ചെയ്തിരുന്നു.
നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍
ഈ മാസത്തെ അവധി വ്യാപാര കരാറുകളുടെ കാലാവധി തീരുന്ന ദിവസമായ ഇന്ന് ഏറെ ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വിപണി നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 32.10 പോയ്ന്റ് ഉയര്‍ന്ന് 49765.94 പോയ്ന്റിലും നിഫ്റ്റി 30.40 പോയ്ന്റ് ഉയര്‍ന്ന് 14894.90 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1376 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1505 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 176 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ പത്തെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 5.56 ശതമാനം നേട്ടവുമായി പാറ്റ്സ്പിന്‍ ഇന്ത്യ അതില്‍ മുന്നിലുണ്ട്. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (2.13 ശതമാനം), സിഎസ്ബി ബാങ്ക് (1.99 ശതമാനം), എഫ്എസിടി (1.98 ശതമാനം), ഹാരിസണ്‍സ് മലയാളം (1.14 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്.
കോവിഡ് അപ്ഡേറ്റ്സ് ഏപ്രില്‍ 29
കേരളത്തില്‍ ഇന്ന്
രോഗികള്‍: 38607
മരണം: 48
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ : 18,376,524
മരണം: 204,832
ലോകത്തില്‍ ഇതുവരെ
രോഗികള്‍: 149,242,187
മരണം: 3,147,016
Next Story
Videos