ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 29, 2021

3,328 കോടി രൂപ സമാഹരിച്ച് ബൈജൂസ്

എഡ്-ടെക് സ്റ്റാര്‍ട്ടപ്പായ ബൈജീസ് 3,328 കോടി രൂപ (ഏകദേശം 460 ദശലക്ഷം ഡോളര്‍) സമാഹരിച്ചതായി റിപ്പോര്‍ട്ട്. എം സി ഗ്ലോബല്‍ എഡ്‌ടെക് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ് എല്‍ പിയുടെ നേതൃത്വത്തിലുള്ള സീരീസ് എഫ് റൗണ്ടിന്റെ ഭാഗമായാണ് സമാഹരണം. ഇതോടെ കമ്പനിയുടെ മൂല്യം 13 ലക്ഷം കോടിയായി. 2020 ല്‍ കമ്പനി ഒരു ബില്യണ്‍ ഡോളര്‍ സമാഹരിച്ചതിനുശേഷം ഈ വര്‍ഷം ബൈജുവിലെ ആദ്യ നിക്ഷേപമാണിത്.
മണപ്പുറം ഗ്രൂപ്പില്‍ നിന്നുള്ള മൈക്രോഫിനാന്‍സ് കമ്പനി ഓഹരി വിപണിയിലേക്ക്
സ്വര്‍ണപ്പണയ രംഗത്തെ രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായ മണപ്പുറം ഫിനാന്‍സിന്റെ മൈക്രോഫിനാന്‍സ് കമ്പനി, ആശിര്‍വാദ് ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരി വിപണിയിലെത്തിയേക്കും. ലോണ്‍ ബുക്കിന്റെ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ നാലാമത്തെ വലിയ മൈക്രോഫിനാന്‍സ് കമ്പനിയായ ആശിര്‍വാദ് മൈക്രോഫിനാന്‍സിന് 23 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട് 25 ലക്ഷം ഇടപാടുകാരാണ് കമ്പനിക്കുള്ളത്.
40 ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം പ്രതികാര നികുതി ചുമത്താന്‍ യു എസ്
ഗൂഗിള്‍ അടക്കമുള്ള പ്രമുഖ അമേരിക്കന്‍ ടെക്നോളജി കമ്പനികള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ 2 ശതമാനം ഡിജിറ്റല്‍ സര്‍വീസ് ടാക്സിന് (ഡി എസ് ടി) ബദലായി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ചെമ്മീന്‍ അടക്കമുള്ള 40 ഉല്‍പന്നങ്ങള്‍ക്ക് യു എസ് ഭരണകൂടം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്ന 25 ശതമാനം അധിക നികുതി സമുദ്രോല്‍പന്ന കയറ്റുമതി മേഖലയില്‍ പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നു.
റഷ്യയുടെ സ്പുട്നിക് വാക്‌സിന്‍ 60 ദശലക്ഷം ഡോസുകള്‍ നിര്‍മ്മിക്കാന്‍ ചൈനീസ് സ്ഥാപനം

മെയ് മുതല്‍ ചൈനയില്‍ 60 മില്യണ്‍ ഡോസ് സ്പുട്‌നിക് വി വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കും. ഉല്‍പ്പാദനത്തിനായുള്ള കരാര്‍ റഷ്യ അംഗീകരിച്ചതായി വാക്സിന്‍ വികസിപ്പിക്കുന്നതിന് ധനസഹായം നല്‍കിയ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും (ആര്‍ഡിഎഫ്) ഷെന്‍സെന്‍ യുവാന്‍സിംഗ് ജീന്‍-ടെക് കമ്പനിയും പറഞ്ഞു. 57 രാജ്യങ്ങളില്‍ സ്പുട്നിക് വി വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പരിഹാരമില്ലാതെ സൂയസ് പ്രതിസന്ധി, കയറ്റുമതി മേഖലയില്‍ ആശങ്ക പടരുന്നു
സൂയസ് കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെട്ട് ആറ് ദിവസം പിന്നിട്ടതോടെ കയറ്റുമതി മേഖലയില്‍ പരിഭ്രാന്തി പടരുന്നു. ഈ ഒരാഴ്ചക്കുള്ളില്‍ സൂയസ് കനാല്‍ പ്രതിസന്ധി പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ കൊച്ചിയടക്കമുള്ള ഇന്ത്യന്‍ തുറമുഖങ്ങളിലൂടെ യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള കപ്പല്‍ഗതാഗതം സ്തംഭിക്കുമെന്നാണ് കയറ്റുമതിക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. ഇപ്പോള്‍ സമുദ്രോല്‍പന്ന കയറ്റുമതി മേഖലയടക്കം മുടക്കം കൂടാതെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ ആഴ്ച വളരെ നിര്‍ണായകമായതിനാല്‍ ചരക്കുനീക്കം സ്തംഭിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കയറ്റിറക്കുമതി മേഖലയില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്.
ഓണ്‍ലൈന്‍ പലചരക്ക് വ്യാപാരം ഇരട്ടിയാക്കാന്‍ ഒരുങ്ങി ആമസോണ്‍
മെട്രോ ഇതര നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും പലചരക്ക് വാങ്ങുന്നവരെ സ്ഥിരമായി ആകര്‍ഷിക്കുന്നതിനായി ആമസോണ്‍ ഇന്ത്യ അതിവേഗം വളരുന്ന പലചരക്ക് വ്യാപാരം ഇരട്ടിയാക്കുന്നുവെന്ന് ഒരു ഉന്നത കമ്പനി എക്‌സിക്യൂട്ടീവ് പറഞ്ഞതായി ദേശീയ മാധ്യമ റിപ്പോര്‍ട്ട്. ടയര്‍ 2, 3 നഗരങ്ങളില്‍ നിന്നും നിരവധി പുതിയ വരിക്കാരെത്തിയിട്ടുണ്ടെന്ന് ആമസോണ്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
65 ശതമാനത്തോളം ഓര്‍ഡറുകളും 85 ശതമാനത്തോളം പുതിയ ഉപഭോക്താക്കളും ടയര്‍ 2 വിനും അതിനു പുറത്തുനിന്നുമാണെന്നാണ് ആമസോണിന്റെ കണക്ക്. ആമസോണ്‍ പേയും എല്ലാ സൗകര്യങ്ങളോടും കൂടി അണിയറയില്‍ ഇതുമായി ചേര്‍ന്നു പ്രവര്‍ത്തിപ്പിക്കുന്ന നിലയില്‍ സജ്ജമാക്കുന്നുണ്ട് ഈ ഓണ്‍ലൈന്‍ ഭീമനെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് ബിയര്‍ വില്‍പ്പന ഉയര്‍ന്നതായി റിപ്പോര്‍ട്ട്
കടുത്ത പ്രതിസന്ധി നേരിട്ടിരുന്ന രാജ്യത്തെ ബിയര്‍ വ്യവസായം ഈ വര്‍ഷം രക്ഷപെട്ടേക്കുമെന്ന് സൂചന. വില്‍പന വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാനങ്ങള്‍ എക്സൈസ് നയങ്ങള്‍ ഉദാരമാക്കാന്‍ സാധ്യതയുണ്ട്. കൂടാതെ വേനല്‍ കാലത്ത് ബിയര്‍ വില്‍പ്പന ഉയരുന്നത് പോസിറ്റീവ് ട്രെന്‍ഡ് വിപണിയില്‍ കൊണ്ടുവരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍, പടിഞ്ഞാറന്‍ ബംഗാളില്‍ ബിയര്‍ വില്‍പ്പന 50 ശതമാനത്തോളം ഉയര്‍ന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയായി. 4170 രൂപയാണ് ഗ്രാമിന്റെ വില. 33,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.








Related Articles
Next Story
Videos
Share it