Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 29, 2021
ആഭ്യന്തര വിമാന യാത്രാ നിരക്ക് ഉയര്‍ത്തിയതായി സിവില്‍ ഏവിയേഷന്‍ വകുപ്പ്
ആഭ്യന്തര വിമാന യാത്രാ നിരക്ക് 13 മുതല്‍ 16 ശതമാനം വരെ ഉയര്‍ത്തിയതായി സിവില്‍ ഏവിയേഷന്‍ വകുപ്പ് അറിയിച്ചു. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കോവിഡ് രണ്ടാം തരംഗത്തിനിടയില്‍ വിമാനക്കമ്പനികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. കുറഞ്ഞ വിമാന നിരക്കുകളുടെ പരിധിയാണ് വര്‍ധിപ്പിച്ചത്.
വണ്‍വെബ് 36 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിച്ചു, അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ എയര്‍ടെല്‍
ഭാരതി എയര്‍ടെലിന്റെ നേതൃത്വത്തിലുള്ള വണ്‍വെബ് 36 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിച്ചു. 2022 പകുതിയോടെ ഇന്ത്യയില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഭാരതി ഗ്ലോബലിന്റെയും യുകെ സര്‍ക്കാരിന്റെയും ഉടമസ്ഥതയിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റ് (ലിയോ) സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്ററായ വണ്‍വെബ് റഷ്യയിലെ വോസ്റ്റോക്‌നി കോസ്‌മോഡ്രോമില്‍ നിന്നാണ് 36 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിച്ചത്. പ്രധാന ആഗോള വിപണികളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് വഴിയൊരുക്കുന്നതാണിത്.
ലോക്ഡൗണ്‍ 10 ദിവസം കൂടി തുടരും; ഇളവുകള്‍ പ്രഖ്യാപിച്ചു
കേരളത്തില്‍ 10 ദിവസത്തേക്ക് കൂടി സമ്പൂര്‍ണ ലോക്ഡൗണ്‍ നീട്ടിയെങ്കിലും പുതിയ ഇളവുകളും നല്‍കിയിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. വ്യവസായ ആവശ്യത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ 5 മണിവരെ പ്രവര്‍ത്തിക്കാം. പാക്കേജിംഗ് കടകള്‍ക്കും ഈ ദിവസങ്ങളില്‍ തുറക്കാം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കാം. വിദ്യാര്‍ഥികള്‍ക്കു ആവശ്യമായ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, തുണിക്കട, സ്വര്‍ണക്കട, പാദരക്ഷ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവയ്ക്കു തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 5 മണിവരെ പ്രവര്‍ത്തിക്കാം. ആളുകളെ നിയന്ത്രിക്കണം. സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കണം. കള്ളു ഷാപ്പുകള്‍ക്കു കള്ള് പാഴ്‌സലായി മാത്രം വില്‍ക്കാനും അനുമതി നല്‍കി.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി
ഈ ഒരു മാസം ഇത് പതിനഞ്ചാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 96ന് അടുത്തെത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95.98 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ വില 91.28 രൂപയാണ്. കൊച്ചിയില്‍ പെട്രോളിന് 94.10 രൂപയും ഡീസലിന് 89.52 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 94.41 രൂപയും ഡീസലിന് 89.83 രൂപയുമാണ് ഇന്നത്തെ വില. മെയ് മാസത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 3.54 രൂപയും ഡീസലിന് 4.19 രൂപയുമാണ് വര്‍ധിച്ചത്.
രണ്ട് ദിവസത്തെ ഇറക്കത്തിനുശേഷം സ്വര്‍ണവില ഉയര്‍ന്നു
കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവന് 36,640 രൂപയും ഗ്രാമിന് 4580 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിയാഴ്ചയും വ്യാഴാഴ്ചയും പവന് 160 രൂപ കുറഞ്ഞിരുന്നു. 26നാണ് മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില എത്തിയത്. അന്ന് പവന് 36,880 രൂപയായിരുന്നു.
163 കോടി രൂപയുടെ അറ്റാദായം നേടി മഹീന്ദ്ര
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 163 കോടി രൂപയുടെ അറ്റാദായം നേടി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഒരു വര്‍ഷം മുന്‍പ് ഇതേ കാലത്ത് 3,255 കോടി രൂപയുടെ നഷ്ടം മഹീന്ദ്ര നേരിട്ടിരുന്നു. ജനുവരി - മാര്‍ച്ച് കാലയളവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും എംവിഎംഎല്ലും ചേര്‍ന്ന് 13,338 കോടി രൂപ സംയുക്ത വരുമാനം നേടി. വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച 48 ശതമാനമാണ്.
Gold & Silver Price Today
സ്വര്‍ണം : 4580 , ഇന്നലെ :4570
വെള്ളി : 71.60, ഇന്നലെ :72
കോവിഡ് അപ്‌ഡേറ്റ്‌സ് - May 29, 2021
കേരളത്തില്‍ ഇന്ന്
രോഗികള്‍: 23513
മരണം:198
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ :27,729,247
മരണം:322,512
ലോകത്തില്‍ ഇതുവരെ
രോഗികള്‍:169,296,672
മരണം:3,519,492
Next Story
Videos