ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 31, 2021

പുതിയ ലേബര്‍ കോഡ് തല്‍ക്കാലം മാറ്റിവച്ച് കേന്ദ്രം

പ്രതീക്ഷിച്ചത് പോലെ ഇന്ത്യയുടെ പുതുക്കിയ ശമ്പള നിയമങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരില്ല. ശമ്പള ഘടനയില്‍ മാറ്റം വരുത്താന്‍ സാധ്യതയുള്ള പുതിയ വേതന കോഡ് മാറ്റിവച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഈ വേതന കോഡും മറ്റ് മൂന്നു പുതുക്കിയ കോഡും നാളെ മുതല്‍ നടപ്പാക്കില്ല. സാമൂഹ്യ സുരക്ഷാ കോഡ്, വ്യാവസായിക ബന്ധങ്ങളെക്കുറിച്ചുള്ള കോഡ്, തൊഴില്‍ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച കോഡ് എന്നിവയാണ് വേതന കോഡിനൊപ്പം ഏപ്രില്‍ 1 മുതല്‍ നടപ്പാക്കാനിരുന്നത്. സര്‍ക്കാര്‍ മഖലയിലും സ്വകാര്യമേഖലയിലും മാറ്റങ്ങള്‍ വരുത്തുന്നതായിരുന്നു പുതിയ ലേബര്‍ കോഡ്.
ഓട്ടോ ഡെബിറ്റ് സൗകര്യം തടസ്സപ്പെടില്ല; കാലാവധി നീട്ടി ആര്‍ബിഐ
ഓട്ടോ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ ആവര്‍ത്തിക്കുന്നതിനുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് റിസര്‍വ് ബാങ്ക് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) നല്‍കിയ സമയം നീട്ടി. യൂട്ടിലിറ്റി ബില്ലുകള്‍, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്കുള്‍പ്പെടെ ഉള്ള പേ-ഓട്ടോ ഡെബിറ്റുകള്‍ തുടരും. നേരത്തെ ഇഴ നാളെ മുതല്‍ തടസ്സപ്പെട്ടേക്കും എന്നായിരുന്നു വിവരം. എന്നാല്‍ കാലാവധി നീട്ടിക്കൊടുത്തതായാണ് പുതിയ അറിയിപ്പ്. സെന്‍ട്രല്‍ ബാങ്ക് നിലവിലെ സമയപരിധി 2021 മാര്‍ച്ച് 31 മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെ നീട്ടി
നിലവിലെ വിദേശ വ്യാപാര നയം സെപ്റ്റംബര്‍ വരെ നീട്ടി കേന്ദ്രം
കയറ്റുമതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്ന വിദേശ വ്യാപാര നയം ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ കേന്ദ്രം നീട്ടി. നിലവിലുള്ള വിദേശ വ്യാപാര നയം 2015 മുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ളതായിരുന്നു. കഴിഞ്ഞ വര്‍ഷം, കോവിഡ് -19 ന്റെ വെളിച്ചത്തില്‍ 2021 മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ നയം നീട്ടിയിരുന്നു. ഇതാണ് നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വീണ്ടും സെപ്റ്റംബര്‍ വരെ നീട്ടിയിരിക്കുന്നത്.
കോവിഷീല്‍ഡിന്റെ ഷെല്‍ഫ് ലൈഫ് ഒമ്പത് മാസം വരെ നീട്ടി ഡിസിജിഐ

കോവിഷീല്‍ഡിന്റെ ഷെല്‍ഫ് ലൈഫ് ഒന്‍പത് മാസം വരെ വര്‍ധിപ്പിച്ച് ഡിജിസിഐ. ഉല്‍പ്പാദന തീയതി മുതല്‍ ഒന്‍പത് മാസം വരെവാക്‌സിന്‍ ആയുസ് ഉണ്ടെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അറിയിച്ചു. വാക്സിന്‍ നിര്‍മാതാക്കളായ പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അവതരിപ്പിച്ച സ്ഥിരത ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇന്ത്യയുടെ ആരോഗ്യമേഖല അടുത്ത വര്‍ഷത്തോടെ 372 ബില്യണ്‍ ഡോളറാകുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയുടെ ആരോഗ്യമേഖല അടുത്ത വര്‍ഷത്തോടെ (2022) 372 ബില്യണ്‍ ഡോളര്‍ എത്തുന്ന വളര്‍ച്ച കൈവരിക്കും. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള അവസരങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി ആരോഗ്യമേഖല 22-ശതമാനം വാര്‍ഷിക കോമ്പൗണ്ടട് വളര്‍ച്ച നിരക്ക് കൈവരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ആസൂത്രണ ഉപദേശകരായ നീതി ആയോഗിന്റെ വിലയിരുത്തല്‍.
ആരോഗ്യ പരിപാലന മേഖലയിലെ നിക്ഷേപകാവസരങ്ങളെ കുറിച്ചുള്ള റിപോര്‍ട്ടിലാണ് നീതി ആയോഗിന്റെ ഈ വെളിപ്പെടുത്തല്‍. ആശുപത്രികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ്, ക്ലിനിക്കല്‍ ട്രയലുകള്‍, ടെലി മെഡിസിന്‍, മെഡിക്കല്‍ ടൂറിസം തുടങ്ങിയ മേഖലകളില്‍ പശ്ചാത്തല വികസനത്തിന് വേണ്ടിയുള്ള നിക്ഷേപവാസരങ്ങള്‍ നിരവധിയാണെന്ന് റിപോര്‍ട് വ്യക്തമാക്കി.
സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞ് ബുധനാഴ്ച്ച പവന് 32,880 രൂപയും ഗ്രാമിന് 4,110 രൂപയുമായി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില നിലവാരം പവന് 34,440 രൂപയാണ് (മാര്‍ച്ച് ഒന്നിന്). മാര്‍ച്ച് മാസം ഇതുവരെ പവന് 1,560 രൂപയുടെ വിലയിടിവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ 11 മാസക്കാലത്തെ ഏറ്റവും വലിയ ഇഠിവാണ് തുടരുന്നത്.
202021 സാമ്പത്തിക വര്‍ഷത്തിലെ അവസാന വ്യാപാരദിനത്തില്‍ നിക്ഷേപകര്‍ തിരക്കുകൂട്ടിയത് ലാഭമെടുക്കാന്‍. സെന്‍സെക്സ് 627 പോയ്ന്റ് അഥവാ 1.25 ശതമാനം ഇടിഞ്ഞ് 49,509ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി ഒരു ശതമാനം (154 പോയ്ന്റ്) ഇടിഞ്ഞ് 16,691 ല്‍ ക്ലോസ് ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി എല്ലാ രംഗങ്ങളിലും വിനാശം സൃഷ്ടിച്ചപ്പോള്‍ ഓഹരി വിപണിയില്‍ കുതിപ്പായിരുന്നു. ഒരു ദശാബ്ദത്തിനിടെ ഏറ്റവും നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയ സാമ്പത്തിക വര്‍ഷമാണ് ഇന്ന് അവസാനിച്ചത്.
കേരള കമ്പനികളുടെ പ്രകടനം
പതിമൂന്നോളം കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് താഴ്ച രേഖപ്പെടുത്തി. ഓഹരി വിപണിയിലെ പുതുമുഖ കേരള കമ്പനിയായ കല്യാണ്‍ ജൂവല്ലേഴ്സിന്റെ ഓഹരി വില മൂന്ന് ശതമാനത്തിലേറെ ഇന്ന് ഇടിഞ്ഞു. ബാങ്കിംഗ് ഓഹരികളില്‍ സിഎസ്ബി ബാങ്ക് വില രണ്ടുശതമാനത്തിലേറെ ഇടിഞ്ഞു.








Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it