ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 31, 2021

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ നല്‍കിയ അപേക്ഷ തള്ളി സെബി

ആറ് ഡെറ്റ് ഫണ്ടുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കാന്‍ ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ നല്‍കിയ അപേക്ഷ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)തള്ളി. ഡെറ്റ് പദ്ധതികളുടെ പ്രവര്‍ത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള നിയമലംഘനത്തിനെതിരെ സെബി നടപടിയെടുക്കാനിരിക്കെയാണ് തിരിച്ചടി.

ഇപിഎഫില്‍നിന്നും തിരിച്ചടയ്ക്കാതെ നിക്ഷേപം പിന്‍വലിക്കാന്‍ അവസരം

പിന്‍വലിക്കുന്ന തുക വരിക്കാര്‍ തിരിച്ചടയ്ക്കേണ്ടതില്ലെന്ന രീതി വീണ്ടും പ്രഖ്യാപിച്ച് ഇപിഎഫ്ഓ. ഇപിഎഫ് വരിക്കാര്‍ക്ക് നിക്ഷേപത്തില്‍നിന്ന് പണംപിന്‍വലിക്കാന്‍ രണ്ടാമത്തെ തവണയാണ് അവസരം നല്‍കുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം തൊഴില്‍ മന്ത്രാലയമാണ് പദ്ധതി വീണ്ടും പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്.

കരുതിയതിലും കുറവായി ധനക്കമ്മി; 8.21 ലക്ഷം കോടി രൂപ

2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ധനക്കമ്മി 18.21 ലക്ഷം കോടി രൂപ. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 9.3 ശതമാനം വരുമിത്. ഫെബ്രുവരിയില്‍ നടന്ന കേന്ദ്ര ബജറ്റില്‍ ജിഡിപിയുടെ 9.5 ശതമാനമാണ് ധനമന്ത്രാലയം ധനക്കമ്മി കണക്കുകൂട്ടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ വരവ് ചെലവ് കണക്കുകളുടെ റിപ്പോര്‍ട്ടിലാണ് ധനക്കമ്മി പ്രവചിച്ചതിലും താഴെയാണെന്ന് സിജിഎ (കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ്) അറിയിച്ചത്. മാര്‍ച്ച് പാദത്തില്‍ ധനക്കമ്മി 7.42 ശതമാനം രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് പിടിമുറുക്കിയ 2020-21 കാലത്ത് 14.24 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം നികുതി വരുമാനം. മൊത്തം ചെലവുകളാകട്ടെ, 35.11 ലക്ഷം കോടി രൂപയും.

കയറ്റുമതി ലക്ഷ്യമിട്ട് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ

വിദേശ വിപണികള്‍ ലക്ഷ്യമിട്ട് സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ. മറ്റ് വിപണികളിലെ ഡിമാന്‍ഡ് വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനി തയ്യാറെടുക്കുന്നുണ്ട്. ജപ്പാനും ന്യൂസിലന്‍ഡും ഉള്‍പ്പെടെ ആഗോള വിപണിയില്‍ ഇന്ത്യന്‍ മോഡലിന്റെ ആവശ്യം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കമ്പനി ഒരുങ്ങുന്നതെന്ന് സുസൂക്കി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് സുസൂക്കിയുടെ കയറ്റുമതി വലിയ രീതിയില്‍ ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി ഈ വര്‍ഷം മുതല്‍ അന്താരാഷ്ട്ര വിപണി ലക്ഷ്യമാക്കി കയറ്റുമതി വര്‍ധിപ്പിക്കുന്നത്.

വിപണിയില്‍ മുന്നേറ്റം; നിഫ്റ്റി റെക്കോര്‍ഡ് ഉയരത്തില്‍

ഓഹരി വിപണിയിലെ മുന്നേറ്റം തുടരുന്നു. നിഫ്റ്റി സര്‍വകാല ഉയരമായ 15582.80 പോയ്ന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റല്‍, എനര്‍ജി, ബാങ്കിംഗ് ഓഹരികളാണ് മുന്നേറ്റത്തിന് കരുത്തു പകര്‍ന്നത്. സെന്‍സെക്സ് 514.56 പോയ്ന്റ് ഉയര്‍ന്ന് 51937.44 പോയ്ന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയില്‍ ഇന്ന് 147.10 പോയ്ന്റ് ഉയര്‍ച്ചയും രേഖപ്പെടുത്തി. 1717 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1449 ഓഹരികളുടെ വിലയിടിഞ്ഞു.

കേരള ഓഹരികളുടെ പ്രകടനം

കേരള കമ്പനികളില്‍ 15 എണ്ണമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കേരള ആയുര്‍വേദ (7.04 ശതമാനം), മണപ്പുറം ഫിനാന്‍സ് (4.09 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.93 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (3.58 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (3.54 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. അതേസമയം ഇന്‍ഡിട്രേഡ് (ജെആര്‍ജി), റബ്ഫില ഇന്റര്‍നാഷണല്‍, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, കല്യാണ്‍ ജൂവലേഴ്സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിറ്റെക്സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it