Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 02, 2021
ജൂലൈ വില്‍പ്പനയില്‍ 76% വര്‍ധനവ് രേഖപ്പെടുത്തി കിയ ഇന്ത്യ
ജൂലൈ മാസത്തെ വില്‍പ്പനയില്‍ 76 ശതമാനം അഥവാ 15,016 യൂണിറ്റ് വര്‍ധനവ് രേഖപ്പെടുത്തി കിയ ഇന്ത്യ. 8502 യൂണിറ്റാണ് ഇതേ മാസം 2020 ല്‍ രേഖപ്പെടുത്തിയിരുന്നത്. കമ്പനി കഴിഞ്ഞ മാസം 7,675 യൂണിറ്റ് സോണറ്റും 6,983 യൂണിറ്റ് സെല്‍റ്റോസും 358 യൂണിറ്റ് കാര്‍ണിവലും ഡീലര്‍മാര്‍ക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ 300 കോടി രൂപ നിക്ഷേപിക്കും, 1500 പേര്‍ക്ക് തൊഴിലും നല്‍കുമെന്ന് ഫിലിപ്‌സ്
അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 300 കോടിയിലധികം നിക്ഷേപം നടത്തുമെന്ന് ഫിലിപ്‌സ്. 1500 പേരെ ഇന്ത്യയില്‍ നിയമിക്കാനും ഫിലിപ്‌സ് പദ്ധതിയിടുന്നുണ്ടെന്ന് ഗ്ലോബല്‍ സിഇഒ ഫ്രാന്‍സ് വാന്‍ ഹൗട്ടന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രണ്ട് പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ നീട്ടിവച്ചേക്കും
ബജറ്റില്‍ നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച രണ്ട് പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബാങ്കിംഗ് നിയമത്തില്‍ മാറ്റം വരുത്തുവാനും ഓഹരി വില്‍പ്പനയ്ക്ക് പാര്‍ലമെന്റിന്റെ അംഗീകാരവും ആവശ്യമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പൊതുമേഖല ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി വില്‍പ്പന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടന്നേക്കും. ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ ഓഹരി വില്‍പ്പന 2022 ലേക്ക് നീണ്ടേക്കാമെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഐപിഒ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായി ദേശീയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ശ്രീറാം ഹൗസിംഗ് ഫിനാന്‍സിന് 65 ശതമാനത്തിന്റെ വളര്‍ച്ച
ശ്രീറാം ഹൗസിംഗ് ഫിനാന്‍സ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 65 ശതമാനം വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 2369 കോടി രൂപയുടെ ആസ്തികളാണ് കമ്പനിക്ക് ഉണ്ടായിരുന്നതെങ്കില്‍ നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇത് 3910 കോടി രൂപയുടേതായി വര്‍ധിച്ചു. മുന്‍വര്‍ഷത്തെയപേക്ഷിച്ച് നികുതി കഴിച്ചുള്ള ലാഭത്തില്‍ 82 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 6 കോടി രൂപയും ഇത്തവണ 10.9 കോടി രൂപയുമാണ് നികുതി കഴിച്ചുള്ള ലാഭം. കോവിഡ് ലോക്ഡൗണിന്റെ സാഹചര്യത്തില്‍ 221 കോടി രൂപയുടെ വായ്പയാണ് ഇക്കാലയളവില്‍ വിതരണം ചെയ്തത്.
വോഡ-ഐഡിയയിലെ തന്റെ മുഴുവന്‍ ഓഹരിയും സര്‍ക്കാരിന് നല്‍കാന്‍ തയ്യാറെന്ന് കുമാര്‍ മംഗളം ബിര്‍ള
വോഡ-ഐഡിയ (വി)കമ്പനിയിലെ തന്റെ മുഴുവന്‍ ഓഹരിയും എഴുതി നല്‍കാന്‍ തയ്യാറെന്ന് കുമാര്‍ മംഗളം ബിര്‍ള. കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി രാജീവ് ഗൗബയ്ക്ക് അയച്ച കത്തിലാണ് ഏതെങ്കിലും പൊതുമേഖലാ ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന് തന്റെ ഓഹരികള്‍ നല്‍കാമെന്ന് ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ അറിയിച്ചത്.
ഭാരത് ബയോടെക്കിന്റെ പുതിയ മരുന്നിന് പ്രീക്വാളിഫിക്കേഷന്‍ അംഗീകാരം
റോട്ടവൈറസ് രോഗം തടയുന്നതിനായി ഭാരത് ബയോടെക്കിന്റെ റോട്ടവൈറസ് വാക്‌സിന്‍ റോട്ടവാക് 5 ഡിക്ക് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രീക്വാളിഫിക്കേഷന്‍ അംഗീകാരം നല്‍കി.
26 മാസത്തെ പ്രസവ അവധി പ്രഖ്യാപിച്ച് ഡിയാജിയോ
കുട്ടിജനിച്ച് 12 മാസം കഴിയുന്നത് വരെ അച്ഛനമ്മമാരാകുന്ന ദമ്പതിമാര്‍ക്ക് 26 മാസ പ്രസവാവധി പ്രഖ്യാപിച്ച് പ്രമുഖ മദ്യക്കമ്പനി ഡിയാജിയോ. സറോഗസിയ്ക്കും അംഗീകാര അവധി.
കുതിച്ചുമുന്നേറി ഓഹരി സൂചിക; സെന്‍സെക്സ് 364 പോയ്ന്റ് നേട്ടത്തില്‍
റിയാല്‍റ്റി, ഐറ്റി, ഓട്ടോ ഓഹരികളില്‍ നിക്ഷേപ താല്‍പ്പര്യം ഉണര്‍ന്നതും വിദേശ വിപണികളില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളും ഇന്ത്യന്‍ ഓഹരി വിപണിയെ ഇന്ന് മുന്നോട്ട് നയിച്ചു. പുതിയ വാരത്തില്‍ നേട്ടത്തോടെയാണ് ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തത്.
സെന്‍സെക്സ് 364 പോയ്ന്റ് ഉയര്‍ന്ന് 52,951ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 122 പോയ്ന്റ് നേട്ടത്തില്‍ 15,885ലും ക്ലോസ് ചെയ്തു.
വിശാല വിപണിയും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ ബിഎസ്ഇ മിഡ് കാപ്, സ്മോള്‍ കാപ് സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തിലും എത്തിയിരുന്നു. ഒരു ശതമാനം നേട്ടത്തിലാണ് ഇരു സൂചികകളും ഇന്ന് ക്ലോസ് ചെയ്തത്. ഇന്ന് ഏതാണ്ടെല്ലാ സെക്ടര്‍ സൂചികകളും ഗ്രീന്‍ സോണിലായിരുന്നു.
കേരള കമ്പനികളുടെ പ്രകടനം
ഓട്ടോമൊബീല്‍ സെക്ടറിലെ കമ്പനിയായ അപ്പോളോ ടയേഴ്സ് ഓഹരി വില ഇന്ന് 2.21 ശതമാനം ഉയര്‍ന്നു. ഇന്ന് ആദ്യപാദ ഫലം പുറത്തുവിട്ട ജിയോജിത്തിന്റെ ഓഹരി വിലയില്‍ ആറര ശതമാനത്തോളം വര്‍ധനയുണ്ടായി. ഇന്‍ഡിട്രേഡ് ഓഹരി വില ഏഴ് ശതമാനത്തോളം ഉയര്‍ന്നു.
Next Story
Videos