Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 13, 2021
സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം
സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. നിലവിലുള്ള 50 മൈക്രോണ്‍ എന്ന പരിധി 2022 ഡിസംബര്‍ 31 മുതല്‍ ഇത് 120 മൈക്രോണായി ഉയര്‍ത്താനാണ് തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ 2022 ജൂലൈ 1 മുതല്‍ നിരോധിച്ചുകൊണ്ട് ഭേദഗതി ചെയ്ത നിയമങ്ങള്‍ കേന്ദ്രം പുറത്തിറക്കി.
റിസര്‍വ് ബാങ്ക് 2022 ന്റെ തുടക്കത്തില്‍ പലിശ ഉയര്‍ത്തിയേക്കുമെന്ന് വിദഗ്ധര്‍
പണപ്പെരുപ്പത്തിന്റെ നിലമെച്ചപ്പെടുന്നതോടെ അടുത്തവര്‍ഷം ആദ്യം പലിശ നിരക്കുകള്‍ റിസര്‍വ് ബാങ്ക് ഉയര്‍ത്തിയേക്കാമെന്ന് വിദഗ്ധര്‍. ജൂലൈയില്‍ 5.6 ശതമാനമായി പണപ്പെരുപ്പ നിരക്ക് നിജപ്പെടുത്തിയിരുന്നു.
ഫണ്ട് സമാഹരണത്തിന് ഓലയ്ക്ക് സിസിഐയുടെ അനുമതി
ഓല ഓണ്‍ലൈന്‍ ടാക്‌സി കമ്പനിക്ക് 500 മില്യണ്‍ ഡോളര്‍ സമാഹരണത്തിനായി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. ഇതോടെ വരാനിരിക്കുന്ന ഐപിഓയ്ക്ക് മുമ്പ് 500 മില്യണ്‍ ഡോളര്‍ അഥവാ 3733 കോടി രൂപയോളം നിക്ഷേപം ടെമാസെക്, വാര്‍ബര്‍ഗ് പിന്‍കസ്, ഭവിഷ് അഗര്‍വാള്‍ എന്നിവരില്‍ നിന്നായി സമാഹരിക്കും.
സൊമാറ്റോയുടെ നിക്ഷേപം സ്വീകരിക്കാന്‍ ഗ്രോഫേഴ്‌സിന് അനുമതി
100 മില്യണ്‍ ഡോളര്‍ നിക്ഷേപം സൊമാറ്റോയില്‍ നിന്നും നേടാനുള്ള കോംപറ്റീഷന്‍ കമ്മീഷന്‍ അനുമതി സ്വന്തമാക്കി ഗ്രോഫേഴ്‌സ്. ഗ്രോഫേഴ്‌സിലും അവരുടെ ഹോള്‍സെയ്ല്‍ വിഭാഗമായ ഹാന്‍ഡ് ഓണ്‍ ട്രേഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിലുമായി ചേര്‍ന്ന് 9.3 ശതമാനം ഓഹരികള്‍ സൊമാറ്റോ കൈവശം വയ്ക്കും.
731.12 കോടി നഷ്ടം രേഖപ്പെടുത്തി സ്‌പൈസ് ജെറ്റ്
ജൂണ്‍ പാദത്തില്‍ 731.12 കോടി അറ്റ നഷ്ടം രേഖപ്പെടുത്തി സ്‌പൈസ് ജെറ്റ് വിമാനക്കമ്പനി. കോവിഡ് രണ്ടാം തംരംഗത്തിന്റെ ആഘാതമാണെന്ന് കമ്പനി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പഴയ വാഹനം പൊളിക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പുതിയ വാഹനത്തിന് ഇളവുകള്‍
സ്‌ക്രാപ്പേജ് പോളിസിയുമായി സഹകരിക്കുന്നവര്‍ക്ക് ഇളവുകള്‍ ഉള്‍പ്പെടെ കൂടുതല്‍ കാര്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രം. പഴയ വാഹനം പൊളിക്കാന്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ റജിസ്‌ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നല്‍കും. ഓട്ടമേറ്റഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ ഫിറ്റ്‌നസ് പരിശോധിച്ചശേഷമായിരിക്കും വാഹനങ്ങള്‍ പൊളിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യവാഹനങ്ങള്‍ക്ക് 15 വര്‍ഷവുമായിരിക്കും കാലാവധിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനുശേഷം ഫിറ്റ്‌നസ് പരിശോധന നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന് ഏകജാലക സംവിധാനം വരും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രിയെത്തും
കേരളത്തിലെ കോവിഡ് പ്രതിരോധ നടപടികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ തിങ്കളാഴ്ച കേരളം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയും എന്‍സിഡിസി മേധാവിയും മന്ത്രിക്കൊപ്പമുണ്ടാകും.
സൂചികകള്‍ പുതിയ ഉയരത്തില്‍; ഐറ്റി ഓഹരികള്‍ തിളങ്ങി
ഐറ്റി, മെറ്റല്‍, എഫ്എംസിജി ഓഹരികളുടെ കരുത്തില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി ഓഹരി സൂചികകള്‍. സെന്‍സെക്സ് 593.31 പോയ്ന്റ് ഉയര്‍ന്ന് 55437.29 പോയ്ന്റിലും നിഫ്റ്റി 164.70 പോയ്ന്റ് ഉയര്‍ന്ന് 16529.10 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1412 ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായപ്പോള്‍ 1583 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 81 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ എട്ടെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2.53 ശതമാനം നേട്ടമുണ്ടാക്കിയ കേരള ആയുര്‍വേദ ആണ് ഇതില്‍ മുന്നില്‍. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (1.93 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.85 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (1.13 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (1.02 ശതമാനം), സിഎസ്ബി ബാങ്ക് (0.55 ശതമാനം), അപ്പോളോ ടയേഴ്സ് (0.42 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.36 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
Next Story
Videos