ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 19, 2021
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്റര്‍ നിതിന്‍ ചുഗ് രാജിവച്ചു
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സിഇഓയുമായ നിതിന്‍ ചുഗ് ഔദ്യോഗികപദവി രാജി വയ്ക്കുകയാണെന്ന് ബാങ്ക് അറിയിച്ചു. സെപ്റ്റംബര്‍ 30, 2021 വരെയായിരിക്കും അദ്ദേഹത്തിന്റെ സേവനമെന്നും റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു. വ്യക്തിപരമായ കാര്യങ്ങള്‍കൊണ്ട് രാജിവയ്ക്കുന്നതായാണ് ചുഗ് രാജിക്കത്തില്‍ അറിയിച്ചിട്ടുള്ളത്.
ബാര്‍ക് സിഇഒ സ്ഥാനം രാജിവച്ച് സുനില്‍ ലുല്ല
ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് മോണിറ്ററിംഗ് ഏജന്‍സി BARC (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) ഇന്ത്യയുടെ ചീഫ് എക്്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനം സുനില്‍ ലുല്ല രാജിവച്ചു. 2019 ഒക്ടോബറിലാണ് ലുല്ല ഔദ്യോഗിക സ്ഥാനം ഏറ്റെടുത്തത്. പാര്‍ഥോ ദാസ് ഗുപ്തയായിരുന്നു അതുവരെ ബാര്‍ക് സിഇഒ.
21 കോടി രൂപയുടെ തട്ടിപ്പ്; പിഎഫ് ഓഫീസുകളില്‍ സൂക്ഷ്മ പരിശോധന
വന്‍ തട്ടിപ്പ് കണ്ടെത്തിയതിനെതുടര്‍ന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ(ഇപിഎഫ്ഒ) രാജ്യമൊട്ടാകെയുള്ള ഓഫീസുകളില്‍ പരിശോധന ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. സമീപകാലയളവിലെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പടെയുള്ളവയാണ് സൂക്ഷ്മപരിശോധന നടത്തുക. മുംബൈയിലെ ഇപിഎഫ് ഓഫീസില്‍ ഈയിടെ നടത്തിയ ഓഡിറ്റിനെതുടര്‍ന്നാണ് 21 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. മുംബൈയിലെ ഒരു ഓഫീസ് ക്ലാര്‍ക്ക് 817 ബാങ്ക് അക്കൗണ്ടുകള്‍വഴി 21.5 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആറ് ജീവനക്കാരെ സസ്പെന്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദുബായിലേക്കുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്
കോവിഡ് പ്രതിസന്ധിമൂലം താല്‍ക്കാലികമായി റദ്ദാക്കിയിരുന്ന വിമാന സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മുതലാണ് ഇന്ത്യ-യുഎഇ ഫ്‌ളൈറ്റ് സര്‍വീസുകള്‍ ആരംഭിക്കുക. നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോടെയല്ലാത്ത യാത്രക്കാരനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 17 നായിരുന്നു ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
എല്‍ & ടി പുതുതായി 4500 പേരെ നിയമിക്കാനൊരുങ്ങുന്നു
ഈ സാമ്പത്തിക വര്‍ഷത്തില്‍ ലാര്‍സന്‍ ആന്‍ഡ് ടുബ്രോയുടെ മള്‍ട്ടിനാഷണല്‍ ടെക് കണ്‍സള്‍ട്ടിംഗ്, ഡിജിറ്റല്‍ സൊല്യൂഷന്‍സ് സബ്‌സിഡിയറിയായ ലാര്‍സന്‍ ആന്‍ഡ് ട്യുബ്രോ ഇന്‍ഫോടെക് (LTI) 4,500 പുതുനിയമനങ്ങള്‍ നടത്താനൊരുങ്ങുന്നു. കോവിഡ് കാലത്തും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,000 പുതുമുഖങ്ങളെയാണ് കമ്പനി നിയമിച്ചത്.
ഓണദിവസങ്ങളില്‍ യെല്ലോ അലെര്‍ട്ട്
സംസ്ഥാനത്ത് ഓണദിവസങ്ങളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശനിയാഴ്ച സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജെഎല്‍എല്ലിന്റെ തലപ്പത്തേക്ക് മലയാളി
ഫോര്‍ച്യൂണ്‍ 500 കമ്പനികളിലൊന്നായ വാണിജ്യ റിയല്‍ എസ്റ്റേറ്റ് സര്‍വീസസ് കമ്പനി ജോണ്‍സ് ലാങ് ലാസ്‌ലെയുടെ (ജെഎല്‍എല്‍) തലപ്പത്ത് മലയാളിയായ ജോര്‍ജ് തോമസ് നിയമിതനായി. തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് തോമസ് ജെഎല്‍എല്ലിന്റെ ഗ്ലോബല്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസറായിട്ടാണ് ചുമതലയേറ്റത്. ജെഎല്‍എല്ലിന്റെ ഹെഡ് ഓഫ് ടെക്‌നോളജി, ഡേറ്റാ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ചുമതലകളും വഹിക്കും.
സംസ്ഥാനത്ത് നാല് ദിവസത്തേക്ക് തുടര്‍ച്ചയായ ബാങ്ക് അവധി
സംസ്ഥാനത്ത് നാല് ദിവസം ബാങ്ക് അവധി. വെള്ളിയാഴ്ച ഉത്രാട ദിനം, ശനിയാഴ്ച, ഞായറാഴ്ച എന്നിവയ്‌ക്കൊപ്പം ശ്രീനാരായണ ഗുരു ജയന്തി ദിനത്തിലും ബാങ്കുകള്‍ അവധിയായിരിക്കും.