ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 24, 2021

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ കമ്പനികള്‍ ചെലവിട്ടത് 22000 കോടി രൂപ
2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഇങ്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചെലവ് 3.62 ശതമാനം വര്‍ധിച്ച് 22,000 കോടി രൂപയായി. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്കാണ് ഭൂരിഭാഗം വിഹിതവും നല്‍കിയിട്ടുള്ളതെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.
മൊബൈല്‍ഫോണ്‍ കയറ്റുമതി മൂന്ന് മടങ്ങ് ഉയര്‍ന്ന് 4300 കോടിരൂപയായി
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ കയറ്റുമതി മൂന്ന് മടങ്ങ് ഉയര്‍ന്ന് 4,300 കോടി രൂപയായി. മൊബൈല്‍ ഫോണ്‍ കയറ്റുമതി വിഭാഗത്തില്‍ വീണ്ടെടുക്കലിന്റെയും വളര്‍ച്ചയുടെയും സൂചനകള്‍ കാണിക്കുന്നതായും ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു.
എല്‍ഐസിയില്‍ എഫ്ഡിഐ അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു
എല്‍ഐസിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഐപിഒയിലേക്ക് നീങ്ങുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ നിശ്ചിത ശതമാനം ഓഹരി വിദേശ നിക്ഷേപ അടിസ്ഥാനത്തില്‍ നീക്കിവയ്ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്. എന്നാല്‍, എത്ര ശതമാനം ഓഹരി എഫ്ഡിഐ വിഭാഗത്തിനായി നീക്കിവയ്ക്കും എന്നത് വ്യക്തമല്ല.
ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ ഇന്ന് ഇടിവ്
ബിറ്റ്കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.70- 1.00 ശതമാനത്തോളം ഇടിഞ്ഞു. 48,689.50 ഡോളറാണ് ഒരു ബിറ്റ്‌കോയിന്‍ വില. 878.26 ബില്യണാണ് മാര്‍ക്കറ്റ് ക്യാപ്. എന്നാല്‍ പൊതുവെ ക്രിപ്‌റ്റോ വിപണിയില്‍ നേട്ടത്തിന്റെ ദിവസമായിരുന്നു.
വിജയ ഡയഗ്‌നോസ്റ്റിക് സെന്റര്‍ ലിമിറ്റഡിന്റെ ഐപിഒ സെപ്റ്റംബര്‍ 1 ന്
കേദാര ക്യാപിറ്റല്‍ പിന്തുണയ്ക്കുന്ന വിജയ ഡയഗ്‌നോസ്റ്റിക് സെന്റര്‍ ലിമിറ്റഡിന്റെ ഇനിഷ്യല്‍ ബ്ലിക് ഓഫര്‍ സെപ്റ്റംബര്‍ 1 ന് തുറന്ന് സെപ്റ്റംബര്‍ 3 ന് അവസാനിക്കും. നിലവിലുള്ള ഓഹരി ഉടമകളും പ്രമോട്ടര്‍മാരും കൈവശം വച്ചിട്ടുള്ള 35.69 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ല്‍ ആകും നടക്കുക.
കേരളത്തിന് 6,05,680 ഡോസ് കൂടി കോവിഡ് വാക്സിന്‍ ലഭ്യമായതായി മന്ത്രി
കേരളത്തിന് 6,05,680 ഡോസ് കോവിഡ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീല്‍ഡും 96,280 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്.
രണ്ട് ദിവസം കൊണ്ട് 15 ശതമാനത്തോളം ഇടിഞ്ഞ് സൊമാറ്റോ ഓഹരി
ഏറെ പ്രതീക്ഷയോടെ ഓഹരിവിപണിയില്‍ അരങ്ങേറ്റം കുറിച്ച സൊമാറ്റോ ഓഹരികളുടെ തിളക്കം മങ്ങുന്നു. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള നിര്‍ബന്ധിത ലോക്ക്-ഇന്‍ കാലയളവ് തിങ്കളാഴ്ച അവസാനിച്ചതോടെ സൊമാറ്റോയുടെ ഓഹരികള്‍ കഴിഞ്ഞ രണ്ട് സെഷനുകളില്‍ ഏകദേശം 15 ശതമാനം ഇടിഞ്ഞതായാണ് ഓഹരി വിപണി വിദഗ്ധരുടെ റിപ്പോര്‍ട്ട്. വിറ്റഴിക്കലും ഓഹരിയില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. ചൊവ്വാഴ്ച സൊമാറ്റോയുടെ ഓഹരികള്‍ 120.60 രൂപയിലെത്തി. വെള്ളിയാഴ്ച 141.2 രൂപയിലാണ് കൗണ്ടര്‍ വ്യാപാരം നടന്നത്. എന്നിരുന്നാലും, 11.15 ന് ഇത് 123.90 രൂപയായി തിരിച്ചുപിടിച്ചു. 124.65 പോയിന്റിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരി സൂചികയില്‍ മുന്നേറ്റം തുടരുന്നു നിഫ്റ്റി 16600 ന് മുകളില്‍
ഓഹരി സൂചികകളില്‍ മുന്നേറ്റം. മെറ്റല്‍, ഫാര്‍മ, ബാങ്ക്, പവര്‍ ഓഹരികളുടെ കരുത്തിലാണ് വിപണി മുന്നേറിയത്. നിഫ്റ്റി 16600 ന് മുകളിലാണ് ഇന്ന് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 403.19 പോയ്ന്റ് ഉയര്‍ന്ന് 55958.98 പോയ്ന്റ്ിലും നിഫ്റ്റി 128.10 പോയ്ന്റ് ഉയര്‍ന്ന് 16624.60 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 2067 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 969 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 122 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 21 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. 8.93 ശതമാനം നേട്ടവുമായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നേ്ട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍ നില്‍ക്കുന്നു. റബ്ഫില ഇന്റര്‍നാഷണല്‍ (6.64 ശതമാനം), നിറ്റ ജലാറ്റിന്‍ (6.58 ശതമാനം), എഫ്എസിടി (5.50 ശതമാനം), ഹാരിസണ്‍സ് മലയാളം (5.17 ശതമാനം), കിറ്റെക്സ് (4.08 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം ആസ്റ്റര്‍ ഡി എം, പാറ്റ്സ്പിന്‍ ഇന്ത്യ, സിഎസ്ബി ബാങ്ക്, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ്, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് തുടങ്ങി എട്ട് കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it