ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 01, 2021
രണ്ടാം മാസവും 1.30 ലക്ഷം കോടി കടന്ന് ജിഎസ്ടി വരുമാനം
2021 ലെ രണ്ടാംമാസവും ജിഎസ്ടി കളക്ഷന്‍ 1.30 ലക്ഷം കോടി രൂപ കടന്നു. നവംബറില്‍ ജിഎസ്ടിയിനത്തില്‍ സര്‍ക്കാരിനുലഭിച്ചത് 1,31,526 കോടി രൂപ. ഏപ്രിലില്‍ 1,39,708 കോടിയായിരുന്നു ജിഎസ്ടി വരുമാനം. കഴിഞ്ഞ നവംബറിലെ വരുമാനത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനവാണ് ഇത്തവണയുണ്ടായത്. 2019-20നെ അപേക്ഷിച്ച് 27ശതമാനവുമാണുണ്ടായിട്ടുള്ളത്. ജിഎസ്ടി നടപ്പാക്കിയശേഷം ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷനാണ് നവംബറിലേത്.
വാണിജ്യ എല്‍പിജി ഗ്യാസ് വില വര്‍ധിപ്പിച്ചു
എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില വര്‍ധനവ് ഇന്ന് (ഡിസംബര്‍ 1) മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ എണ്ണ വിപണന കമ്പനികള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ സിലിണ്ടറിന് 100.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതായത് 2101 രൂപയ്ക്ക് നിങ്ങള്‍ക്ക് ഡല്‍ഹിയില്‍ വാണിജ്യ ഗ്യാസ് സിലിണ്ടര്‍ ലഭിക്കും.
സപ്ലൈകോയുടെ പാക്കറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്നുമുതല്‍ അധിക വില
സപ്ലൈകോയുടെ പാക്കറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്നുമുതല്‍ അധിക വില നല്‍കേണ്ടിവരും. പാക്കിങ് ചാര്‍ജ് ഉയര്‍ത്തിയതാണ് വിലവര്‍ധനയ്ക്ക് കാരണം. 500 ഗ്രാമിന്റെയും ഒരു കിലോയുടെയും പാക്കറ്റിന് 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സാധനങ്ങള്‍ക്ക് 2 രൂപ പാക്കിങ് നിരക്ക് നല്‍കണം. അതായത് ഒരു കിലോയുടെ പാക്കറ്റിന് പകരം അഞ്ച് കിലോയുടെ 2 പാക്കറ്റ് എടുത്താല്‍ നാല് രൂപ അധികം നല്‍കേണ്ടി വരും.
സൗദിയില്‍ ആദ്യ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു
സൗദി അറേബ്യയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തുനിന്നെത്തിയ സൗദി പൗരനിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇദ്ദേഹത്തേയും, ഇദ്ദേഹവുമായി അടുത്തിടപഴകിയവരെയും ഐസലേഷനില്‍ ആക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡിസംബര്‍ അവസാനത്തോടെ ഐപിഓയ്ക്ക് സ്നാപ്ഡീല്‍
ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പ് സ്നാപ്ഡീല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡിസംബര്‍ അവസാനത്തോടെ ഐപിഓയ്ക്ക് പേപ്പര്‍ സമര്‍പ്പിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. കുനാല്‍ ബലും രോഹിത് ബന്‍സാലും ചേര്‍ന്ന് സ്ഥാപിച്ച കമ്പനി, നിര്‍ദിഷ്ട ഓഹരി വില്‍പ്പനയിലൂടെ 19002,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്.
ടാറ്റാ പവർ യൂണിറ്റിന് 945 കോടി
സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ടാറ്റ പവർ യൂണിറ്റിന് പുതിയ പദ്ധതി വിഹിതം സമ്മാനിച്ചു. ടാറ്റ സോളാര്‍ സിസ്റ്റംസ് ലിമിറ്റഡിന് ആണ് 945 കോടി രൂപയുടെ സോളാര്‍, ബാറ്ററി സംഭരണ പദ്ധതികള്‍ ലഭിച്ചത്. ടാറ്റാ പവര്‍ കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായസോളാര്‍ എനര്‍ജി കോര്‍പ്പറേഷന് 100 മെഗാവാട്ട് ഇപിസി (എന്‍ജിനീയറിംഗ്, പ്രൊക്യൂര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) നിര്‍മ്മിക്കുന്നതിനുള്ള അവാര്‍ഡ് സ്റ്റേറ്റ്‌മെന്റ് ആണ് SECI കള്‍ വഴി ലഭിച്ചത്.
ഖാദി ബോര്‍ഡും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുമായി ധാരണാപത്രം ഒപ്പുവച്ചു
പരമ്പരാഗത ഖാദി വസ്ത്രങ്ങള്‍ ഇനി ഫാഷന്‍ മികവോടെ വിപണിയിലെത്തും. ഫാഷന്‍ ഡിസൈനിംഗ് സങ്കേതങ്ങള്‍ കൂടി ഉപയോഗിക്കാനാണ് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുള്ളത്. ഖാദി ബോര്‍ഡും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുമായി ഇതിനായി ധാരണാപത്രം ഒപ്പുവച്ചു. ഖാദി ഉല്‍പ്പന്നങ്ങളുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നതിനും വൈവിധ്യവത്കരണം ഉറപ്പ് വരുത്താനും ഇതുവഴി ഈ മേഖലയുടെ ഉന്നമനം സാധ്യമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു.