ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 02, 2021

ഇന്ത്യയിലും ഓമിക്രോണ്‍ സാന്നിധ്യം, ജാഗ്രതയോടെ കേരളം

കോവിഡിന്റെ ഏറ്റവും പുതുതായി സ്ഥിരീകരിച്ച ഓമിക്രോണ്‍ വകഭേദം ഇന്ത്യയിലും കണ്ടെത്തി. കര്‍ണാടകയിലെ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. വിദേശത്തുനിന്നെത്തിയ 66,46 വയസ്സുള്ള രണ്ടു പുരുഷന്മാരിലാണ് രോഗം കണ്ടെത്തിയത്. ഇവരെ ഉടന്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചതിനാല്‍ രോഗവ്യാപന ഭീഷണിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇരുവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്.

ഭാരത് ബോണ്ട് ഇടിഎഫില്‍ ഡിസംബര്‍ മൂന്നുമുതല്‍ നിക്ഷേപിക്കാം

മൂന്നാംഘട്ട ഭാരത് ബോണ്ട് ഇടിഎഫില്‍ ഡിസംബര്‍ മൂന്നുമുതല്‍ ഒമ്പതുവരെ നിക്ഷേപിക്കാം. പൊതുമേഖല സ്ഥാപനങ്ങളുടെ ഉയര്‍ന്ന റേറ്റിങ്(ട്രിപ്പിള്‍ എ)ഉള്ള കടപ്പത്രങ്ങളിലാണ് ഇടിഎഫ് നിക്ഷേപം നടത്തുക. 1000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. അപേക്ഷകള്‍ക്കനുസരിച്ച് തുകവര്‍ധിപ്പിക്കാനിടയുണ്ട്. 2021 ഒക്ടോബര്‍ 31പ്രകാരം 36,359 കോടി രൂപയാണ് ഭാരത് ബോണ്ട് ഇടിഎഫിന്റെ മൊത്തം ആസ്തി.

സിമന്റ് വില 400 രൂപ വരെ ഉയര്‍ന്നേക്കാമെന്ന് ക്രിസില്‍

കല്‍ക്കരി, ഡീസല്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവുള്ളതിനാല്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സിമന്റ് വില 15-20 രൂപ കൂടി ഉയരുമെന്നും ഒരു ചാക്കിന് 400 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തുമെന്നും റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിന്നി ബന്‍സാല്‍ 200-250 മില്യണ്‍ ഡോളര്‍ വരെ ഫ്‌ളിപ്കാര്‍ട്ട് ഓഹരികള്‍ വിറ്റതായി റിപ്പോര്‍ട്ട്

ഫ്‌ളിപ്പ്കാര്‍ട്ട് സഹസ്ഥാപകന്‍ ബിന്നി ബന്‍സാല്‍ തന്റെ ഓഹരികളുടെ 200-250 മില്യണ്‍ ഡോളര്‍ വരെ വിറ്റതായി റിപ്പോര്‍ട്ട്. ഇ-കൊമേഴ്സ് മേജര്‍ ജൂലൈയില്‍ അവസാനമായി ഫണ്ട് സമാഹരണം നടത്തിയപ്പോഴാണ് വില്‍പ്പന നടന്നതെന്നും റിപ്പോര്‍ട്ടുകള്‍.

പെട്രോള്‍ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ജി.എസ്.ടി. കൗണ്‍സില്‍

പെട്രോളും ഡീസലും ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ജി.എസ്.ടി. കൗണ്‍സില്‍ നല്‍കിയ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കോവിഡ് കാലത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് അറിയിച്ചത്.

മുന്നേറ്റം തുടര്‍ന്ന് ഓഹരി സൂചികകള്‍

ആഗോള വിപണി ദുര്‍ബലമായി തുടരുന്നതിനിടയിലും തുടര്‍ച്ചയായ രണ്ടാം സെഷനിലും മുന്നേറ്റം തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്സ് 776.50 പോയ്ന്റ് ഉയര്‍ന്ന് 58461.29 പോയ്ന്റിലും നിഫ്റ്റി 234.80 പോയ്ന്റ് ഉയര്‍ന്ന് 17401.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 2139 ഓഹരികള്‍ക്കും ഇന്ന് നേട്ടമുണ്ടാക്കാനായി. 1040 ഓഹരികളുടെ വിലിയിടിഞ്ഞു. 139 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. അദാനി പോര്‍ട്സ്, എച്ച്ഡിഎഫ്സി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ടാറ്റ സ്റ്റീല്‍, സണ്‍ഫാര്‍മ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഐസിഐസിഐ ബാങ്ക്, സിപ്ല, ആക്സിസ് ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായി. 6.07 ശതമാനം നേട്ടവുമായി ഹാരിസണ്‍സ് മലയാളം ആണ് നേട്ടത്തില്‍ മുന്നില്‍. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.63 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (3.85 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.37 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (2.78 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (2.71 ശതമാനം) തുടങ്ങി 22 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി.





Related Articles
Next Story
Videos
Share it