Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 08, 2021
റിപ്പോ റിവേഴ്‌സ് റിപ്പോ പലിശ നിരക്കുകള്‍ക്ക് മാറ്റമില്ല
നിലവിലെ നിരക്കുകള്‍ തുടരാന്‍ ധനനയസമിതി തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ജിഡിപി വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുന്നതായും നടപ്പ് വര്‍ഷം വളര്‍ച്ചാ നിരക്ക് 9.5 ശതമാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും ഈ വര്‍ഷം 5.3 ശതമാനത്തിനുള്ളിലായിരിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പണനയ പ്രഖ്യാപനത്തില്‍ വിശദമാക്കി.
ആധാര്‍ മറ്റു രാജ്യക്കാര്‍ക്കും നല്‍കാനൊരുങ്ങി ഇന്ത്യ
ആധാര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് വിദേശ രാജ്യങ്ങള്‍, രാജ്യാന്തര സംഘടനകളുമായി യോജിച്ച് മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്കും നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. യുഐഡിഎഐ മേധാവി സൗരഭ് ഗാര്‍ഗ് പേടിഎം മേധാവി വിജയ് ശേഖര്‍ ശര്‍മയുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഫീച്ചര്‍ ഫോണ്‍ വഴി യു പി ഐ പണമിടപാട്: പദ്ധതി പ്രഖ്യാപിച്ച് ആര്‍ബിഐ
ഡിജിറ്റല്‍ പണമിടപാട് എല്ലാവര്‍ക്കും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഫീച്ചര്‍ ഫോണിലൂടെ യുപിഐ ഇടപാട് സാധ്യമാക്കാന്‍ ആര്‍ബിഐ. ചെറിയ തുകയുടെ ഇടപാടുകള്‍ക്കുള്ള പുതിയ വാലറ്റ് സംവിധാനവും അതില്‍ ഉള്‍പ്പെടും. ഇതോടെ യുപിഐ ഇടപാടുകള്‍ കൂടുതല്‍ വ്യാപകമാകും. നവംബറില്‍ 401 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇടപാടുകളുടെ മൊത്തംമൂല്യമാകട്ടെ 6.68 ലക്ഷംകോടി രൂപയുമാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഈടാക്കുന്ന നിരക്കുകളെക്കുറിച്ച് പഠിക്കാന്‍ ആര്‍ബിഐ സമിതിയെ ചുമതലപ്പെടുത്താനും പദ്ധതി ഇട്ടിരിക്കുന്നു.
അരാംകോയുമായി കരാറൊപ്പിട്ട് എല്‍& ടി
എണ്ണക്കമ്പിനി സൗദി അരാംകോയുമായി പ്രാരംഭ കരാറില്‍ ഒപ്പ് വെച്ച് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ( എല്‍& ടി). സൗദി അറേബ്യയില്‍ നിര്‍മാണ കേന്ദ്രം വികസിപ്പിക്കുന്നത് സംബന്ധിച്ചാണ് കരാര്‍. ഇതു പ്രകാരം, തന്ത്രപ്രധാനമായ ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ മേഖലയിലെ ആദ്യത്തെ ഹെവി വാള്‍ പ്രഷര്‍ വെസ്സല്‍ സൗകര്യം ലാര്‍സന്‍ നിര്‍മിക്കും.
ഇന്ത്യന്‍ ഇ വി വിപണി ലക്ഷ്യമിട്ട് ഹ്യൂണ്ടായ്, 4000 കോടിയുടെ നിക്ഷേപം
പാസഞ്ചര്‍ വാഹന വിപണിയില്‍ രാജ്യത്തെ രണ്ടാമനായ ഹ്യൂണ്ടായ് ഇലക്ട്രിക് കാറുകള്‍ക്കായി 4000 കോടിയുടെ നിക്ഷേപം നടത്തും. 2028 ഓടെ 6 ഇലക്ട്രിക് മോഡലുകള്‍ രാജ്യത്ത് അവതരിപ്പിക്കാനാണ് പദ്ധതി. ശ്രേണിയിലെ ആദ്യ മോഡല്‍ 2022ല്‍ എത്തും. രാജ്യത്തെ ഇവി വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഹ്യൂണ്ടായിയുടെ നീക്കം. ഇതിന്റെ ഭാഗമായി ചെറു കാറുകള്‍ മുതല്‍ വരെയുള്ള എല്ലാ സെഗ്മെന്റിലും കമ്പനി ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കും.
സ്വര്‍ണം ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍
സ്വർണ വില ഇന്ന് നേരിയ വര്‍ധന. കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണ്ണവില ഇന്ന് ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4495 രൂപയായി. പവന് 35960 രൂപയും. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവില 4475 രൂപ എന്ന നിലയിലായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്വര്‍ണ്ണവിലയില്‍ 450 രൂപയോളം വ്യത്യാസമുണ്ടായി. നവംബര്‍ 25 ന് 4470 രൂപയായിരുന്നു സ്വര്‍ണ വില. നവംബര്‍ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് കഴിഞ്ഞ നാല് ദിവസങ്ങളിലായി ഉള്ളത്.
പ്രതീക്ഷ തെറ്റിക്കാതെ റിസര്‍വ് ബാങ്ക്, വിപണിയില്‍ ഉത്സാഹം; മുന്നേറ്റം
നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചപ്പോള്‍ ഓഹരി വിപണിയില്‍ വീണ്ടും ബുള്ളുകള്‍ ഉത്സാഹത്തിലായി. പലിശ നിരക്കുമായി ഏറെ ബന്ധപ്പെട്ട് നില്‍ക്കുന്ന മേഖലകളിലെ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചു. വിദേശ വിപണികളിലെ പോസിറ്റീവ് സൂചനകളുടെ ചുവടുപിടിച്ച് ഇന്ന് ഓപ്പണിംഗ് തന്നെ ഉയര്‍ച്ചയോടെ ആയിരുന്നു. പണനയം കൂടി പുറത്തുവന്നതോടെ മുന്നേറ്റം കരുത്തുറ്റതായി.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് ബഹുഭൂരിപക്ഷം കേരള കമ്പനികളും ഉയര്‍ച്ച രേഖപ്പെടുത്തി. അപ്പോളോ ടയേഴ്സ്, റബ്ഫില ഓഹരി വിലകള്‍ മൂന്നു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. വി ഗാര്‍ഡ്, വണ്ടര്‍ല, കിറ്റെക്സ്, ഈസ്റ്റേണ്‍ ട്രെഡ്സ് ഓഹരി വിലകള്‍ രണ്ടുശതമാനത്തിലേറെയും ഉയര്‍ന്നു. സ്‌കൂബിഡേ ഓഹരി വില രണ്ടര ശതമാനത്തോളം താഴ്ന്നു.
ഹെലികോപ്റ്റര്‍ അപടകം; സംയുക്ത സേനാ മേധാവി കൊല്ലപ്പെട്ടു
ഊട്ടി, കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14 ല്‍ 13 പേരും മരിച്ചതായി സേന സ്ഥിരീകരിച്ചു. കോയമ്പത്തൂരില്‍നിന്ന് ബുധനാഴ്ച പകല്‍ 11.47ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഉച്ചയ്ക്കു 12.20നാണ് തകര്‍ന്നുവീണത്.
Next Story
Videos