ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 14, 2021

രാജ്യത്തിന്റെ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന 400 ബില്യണ്‍ ഡോളറിലെത്തും; പീയുഷ് ഗോയല്‍
രാജ്യത്തെ ചരക്ക് കയറ്റുമതി ഈ സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന 400 ബില്യണ്‍ ഡോളറിലെത്തുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ ചൊവ്വാഴ്ച പറഞ്ഞു. പ്രാഥമിക വ്യാപാര ഡാറ്റ പ്രകാരം, 2021 ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 262.46 ബില്യണ്‍ ഡോളറായിരുന്നു, മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 174.15 ബില്യണ്‍ ഡോളറിനേക്കാള്‍ 50.71 ശതമാനമാണ് കൈവരിച്ച വര്‍ധന.
4 ജി ഡൗണ്‍ലോഡില്‍ ഒന്നാമത് ജിയോ; ട്രായ്
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നവംബറില്‍ 4G സേവന ദാതാക്കളില്‍ സെക്കന്‍ഡില്‍ 24.1 മെഗാബിറ്റ് ഡാറ്റ ഡൗണ്‍ലോഡ് വേഗതയില്‍ റിലയന്‍സ് ജിയോ ഒന്നാം സ്ഥാനം നിലനിര്‍ത്തി. വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ നെറ്റ്വര്‍ക്ക് എന്നിവയും ഈ മാസത്തില്‍ ശരാശരി 4G ഡൗണ്‍ലോഡ് വേഗതയില്‍ വര്‍ധനവ് രേഖപ്പെടുത്തി.
പ്രതീക്ഷിച്ചതിലും നേരത്തെ റിസര്‍വ് ബാങ്ക് നിരക്കുയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്
വില സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ പ്രതീക്ഷിച്ചതിലും നേരത്തെ റിസര്‍വ് ബാങ്ക് നിരക്കുയര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്ന് റിപ്പോര്‍ട്ട്. നിരക്കുകള്‍ 100 ബേസിസ് പോയിന്റുകള്‍ വരെ ഉയര്‍ത്തേണ്ടി വന്നേക്കാം. വിലക്കയറ്റം സേവനങ്ങളിലേക്ക് വ്യാപിക്കുകയും ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍ അവരുടെ ഇന്‍പുട്ട് കോസ്റ്റില്‍ 15 മുതല്‍ 21 ശതമാനം വരെ വര്‍ധനവ് കാണുകയും ചെയ്യുന്നതിനാല്‍ നേരത്തെ 75 എന്ന ഉയര്‍ന്ന നിരക്ക് 100 ബിപിഎസിലെത്താനാണ് സാധ്യത.
ആദ്യ ഇലക്ട്രോലൈസര്‍ ഇറക്കുമതി ചെയ്യാന്‍ പദ്ധതിയിട്ട് ഗെയ്ല്‍ ഇന്ത്യ
ഒരു വര്‍ഷത്തിനുള്ളില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ഇലക്ട്രോലൈസര്‍ ഇറക്കുമതി ചെയ്യാന്‍ പദ്ധതിയിട്ട് ഗെയ്ല്‍ ഇന്ത്യ ലിമിറ്റഡ്. യുഎസില്‍ നിന്ന് എല്‍ എന്‍ ജി എത്തിക്കാന്‍ മറ്റൊരു കപ്പല്‍ വാടകയ്ക്കെടുക്കാനാണ് പദ്ധതിയെന്നും കമ്പനി. പ്രതിദിനം 4.5 ടണ്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 10 മെഗാവാട്ട് ഇലക്ട്രോലൈസര്‍ വാങ്ങാന്‍ തങ്ങളുടെ കമ്പനി ആഗോള ടെന്‍ഡര്‍ ആരംഭിച്ചതായി ഗെയില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മനോജ് ജെയിന്‍ പറഞ്ഞു.
പവര്‍, ഫാര്‍മ ഓഹരികള്‍ നേട്ടമുണ്ടാക്കി, ഓട്ടോ മങ്ങി: ഓഹരി സൂചികയില്‍ ഇടിവ്
ഓഹരി വിപണിയിലെ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും സൂചികകള്‍ താഴേക്ക്. സെന്‍സെക്സ് 166.33 പോയ്ന്റ് ഇടിഞ്ഞ് 58117.09 പോയ്ന്റിലും നിഫ്റ്റ് 43.40 പോയ്ന്റ് ഇടിഞ്ഞ് 17324.90 പോയ്ന്റിലും ക്ലോസ് ചെയ്തു.
ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും ദുര്‍ബലമായ ഏഷ്യന്‍ വിപണിയും ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചു. ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 4.91 ശതമാനം എന്ന മൂന്നു മാസത്തെ ഉയരത്തില്‍ എത്തിയതും ഹോള്‍സെയ്ല്‍ പണപ്പെരുപ്പം 12 വര്‍ഷത്തെ ഏറ്റവും കൂടിയ 14.23 ശതമാനത്തില്‍ എത്തിയതും വിപണിയില്‍ പ്രതിഫലിച്ചു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 10 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. റബ്ഫില ഇന്റര്‍നാഷണല്‍ (3.44 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (1.47 ശതമാനം), കേരള ആയുര്‍വേദ (1.47 ശതമാനം), നിറ്റ ജലാറ്റിന്‍ (1.37 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, കെഎസ്ഇ, വണ്ടര്‍ലാ ഹോളിഡേയ്സ്, അപ്പോളോ ടയേഴ്സ് തുടങ്ങി 19 കേരള കമ്പനികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയി.
നെറ്റ്ഫ്‌ളിക്‌സ് സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുറച്ചു, ഇനി 149 രൂപ മുതല്‍
നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയിലെ സബ്സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ കുറച്ചു. 50 രൂപ മുതല്‍ 200 രൂപവരെയാണ് നിരക്കുകള്‍ കുറച്ചത്. ആമസോണ്‍ പ്രൈം രാജ്യത്ത സബ്സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ ഉയര്‍ത്തുന്ന ഡിസംബര്‍ 14ന് തന്നെയാണ് നെറ്റ്ഫ്‌ലിക്സിന്റെ പുതിയ പ്രഖ്യാപനവും എന്നത് ശ്രദ്ധേയമാണ്. വിവിധ പ്ലാനുകള്‍ക്ക് 50 രൂപ മുതല്‍ 500 രൂപവരെയാണ് ആമസോണ്‍ വര്‍ധിപ്പിച്ചത്. ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താനുള്ള നടപടികളുടെ ഭാഗമായാണ് നെറ്റ്ഫ്‌ലിക്‌സിന്റെ നടപടി വിലയിരുത്തുന്നത്. നേരത്തെ പ്ലാറ്റ്ഫോമില്‍ ഗെയിമിംഗ് സേവനവും നെറ്റ്ഫ്‌ലിക്‌സ് ആരംഭിച്ചിരുന്നു.
കെ റെയിലിനെതിരെ നിവേദനം; ശശി തരൂര്‍ എംപി
കെ റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ എം.പി ഒപ്പുവെച്ചില്ല. യു.ഡി.എഫിന്റെ 18 എം.പിമാരാണ് നിവേദനത്തില്‍ ഒപ്പുവെച്ചത്. പുതുച്ചേരി എം.പി വി. വൈദ്യലിംഗവും നിവേദനത്തില്‍ ഒപ്പുവെച്ചു. നിവേദനം നല്‍കിയ എം.പിമാരുമായി ബുധനാഴ്ച റെയില്‍വേ മന്ത്രി കൂടിക്കാഴ്ച നടത്തും.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it