ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 15, 2021

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും വലിയ 'വെല്‍ത്ത് ക്രിയേറ്റര്‍'
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും വലിയ സമ്പത്ത് സ്രഷ്ടാവെന്ന് മോത്തിലാല്‍ ഓസ്വാള്‍ പഠനറിപ്പോര്‍ട്ട്. അദാനി ട്രാന്‍സ്മിഷന്‍ വേഗതയേറിയതും അദാനി എന്റര്‍പ്രൈസസ് ഏറ്റവും സ്ഥിരതയുള്ള സമ്പത്ത് സൃഷ്ടാവെന്നും റിപ്പോര്‍ട്ട് പറയുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഏറ്റവും വലിയ സമ്പത്ത് സ്രഷ്ടാവായി തെരഞ്ഞെടുക്കപ്പെട്ടത്.
ലെന്‍സ്‌കാര്‍ട്ട് 250 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു
സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള യൂണികോണ്‍ ലെന്‍സ്‌കാര്‍ട്ട് 5 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയത്തില്‍ 250 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് അവസാനിപ്പിക്കുന്നതിന്റെ വക്കിലെന്ന് റിപ്പോര്‍ട്ടുകള്‍. അഞ്ച് മാസത്തിനുള്ളില്‍ 2.5 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയത്തില്‍ 315 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റപ്പട്ടികയില്‍ അരിയും
നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റപ്പട്ടികയിലേക്ക് അരിയും ചേരുന്നു. പാലക്കാടന്‍ മട്ട ഒഴികെയുള്ള എല്ലാ അരികളുടെയും വില അടുത്ത കാലത്ത് വലിയതോതില്‍ ഉയര്‍ന്നു. കര്‍ണാടകത്തില്‍നിന്ന് എത്തുന്ന വടിമട്ടക്ക് 15 രൂപ കൂടി. കിലോഗ്രാമിന് 33-ല്‍ നിന്ന് 48 ആയി. ആന്ധ്രപ്രദേശില്‍നിന്നെത്തുന്ന ജയ, പൊന്നി, തമിഴ്‌നാട്ടില്‍നിന്നെത്തുന്ന കുറുവ, പൊന്നി തുടങ്ങിയ അരികളുടെ വില രണ്ടാഴ്ചയില്‍ കിലോവിന് മൂന്നു രൂപ വീതം ഉയര്‍ന്നു.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നും സ്വര്‍ണവില താഴേക്ക്
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ഇന്നത്തെ സ്വര്‍ണവില താഴേക്ക്. 4500 രൂപയാണ് കേരളത്തില്‍ ഒരു ഗ്രാമിന് ഇന്നത്തെ സ്വര്‍ണ വില. പവന് 36000 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. 4495 രൂപയില്‍ നിന്ന് 15 രൂപ വര്‍ധിച്ച ശേഷം കഴിഞ്ഞ മൂന്ന് ദിവസം 4510 രൂപയിലായിരുന്നു സ്വര്‍ണത്തിന്റെ വിപണനം. ഇന്നലെ 4525 ലേക്ക് ഉയര്‍ന്ന ശേഷമാണ് ഗ്രാമിന് 25 രൂപ കുറഞ്ഞത്. എന്നാല്‍ വിപണിയില്‍ വിലക്കയറ്റം പ്രകടമാകാതെ മികച്ച സെയ്ല്‍സ് ആണ് രേഖപ്പെടുത്തിയത്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍
ലോകവിസ്മയങ്ങളുടെ കാണാക്കാഴ്ചകളിലേക്കും ഷോപ്പിംഗ് അനുഭവങ്ങളിലേക്കും മിഴിതുറന്ന് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ (ഡിഎസ്എഫ്) ഇന്ന് തുടക്കം കുറിച്ചു. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം ആഘോഷപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഓമിക്രോണ്‍ ഭീതി നില നില്‍ക്കുന്നുണ്ടെങ്കിലും എല്ലാ മാനദണ്ഡങ്ങളും പാലിച്ചെത്തുന്നവര്‍ക്ക് ഫെസ്റ്റിവല്‍ വിരുന്നൊരുക്കും.
ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുമെന്ന് എഡിബി
നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഏഷ്യല്‍ ഡെവലപ്പ്മെന്റ് ബാങ്ക്(എഡിബി). 2021-22 കാലയളവില്‍ ഇന്ത്യ 9.7 ശതമാനം വളര്‍ച്ച നേടുമെന്നാണ് എഡിബിയുടെ പുതിയ വിലയിരുത്തല്‍. വിതരണ ശൃംഖലകളില്‍ തടസം നേരിട്ടാതാണ് വളര്‍ച്ചാ നിരക്ക് കുറയാനുള്ള കാരണമായി ബാങ്ക് ചൂണ്ടിക്കാണിച്ചത്.
വിവാഹ സമയത്തെ സമ്മാനങ്ങള്‍ സ്ത്രീധനമല്ലെന്ന് ഹൈക്കോടതി
വിവാഹസമയത്ത് സ്വന്തം ഇഷ്ടപ്രകാരം മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി. വിവാഹസമയത്ത് ലഭിച്ച ആഭരണങ്ങള്‍ തിരികെ നല്‍കണമെന്ന കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവിനെതിരെ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം ആര്‍ അനിതയുടെ നിരീക്ഷണം. സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ ഇത്തരം സമ്മാനങ്ങള്‍ ഉള്‍പ്പെടില്ലെന്നും കോടിതി വ്യക്തമാക്കി.
തുടര്‍ച്ചയായി നാലാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്
ഓഹരി വിപണിയില്‍ ഇന്നും ഇടിവ്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായി താഴുന്ന വിപണിയില്‍ കരടികള്‍ പിടിമുറുക്കുന്ന സൂചനയാണുള്ളത്. യുഎസ് ഫെഡ് പോളിസി യോഗ തീരുമാനങ്ങള്‍ വരാനിരിക്കെ അതു സംബന്ധിച്ച ആശങ്കകളും ഒമിക്രോണ്‍ വ്യാപനവും കുതിച്ചുയരുന്ന വിലക്കയറ്റവുമാണ് വിപണിയെ പിന്നോട്ട് വലിക്കുന്നത്. വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തുകയാണ്. ഐറ്റി, മെറ്റല്‍ ഓഹരികളെല്ലാം ഇന്ന് ഇടിഞ്ഞു. സെമികണ്ടക്റ്റര്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്രം പി എല്‍ ഐ പദ്ധതി പ്രഖ്യാപിച്ചത് ഓട്ടോ ഓഹരികളെ ഉയര്‍ത്തി.
കേരള കമ്പനിയുടെ പ്രകടനം
ഒരു ഡസനോളം കേരള കമ്പനികളുടെ വില ഇന്ന് മെച്ചപ്പെട്ടു. എവിറ്റി നാച്വറല്‍ പ്രോഡക്റ്റ്സ് ഓഹരി വില 6.97 ശതമാനമാണ് വര്‍ധിച്ചത്. കേരളം ആസ്ഥാനമായുള്ള ബാങ്കുകളുടെയും എന്‍ ബി എഫ് സികളുടെയും ഓഹരി വിലകള്‍ ഇന്ന് താഴ്ന്നു. കിറ്റെക്സ് ഓഹരി വില നാള് ശതമാനത്തിലേറെ ഉയര്‍ന്നു.





Related Articles
Next Story
Videos
Share it